Wednesday, August 29, 2018

ഓരോ സ്നാപ്പിലും - റഫീഖ് അഹമ്മദ്

ഫോട്ടോഗ്രാഫർ ഒരു പോരാളിയാണ്.
അയ്യാളുടെ കയ്യിലുള്ളത് ഒരു തോക്കാണ് .
അതുകൊണ്ടയ്യാൾ കാലത്തെ തുരുതുരാ വെടിവച്ചിടുന്നു.
നിമിഷങ്ങളായി മുഹൂർത്തങ്ങളായി  സന്ദർഭങ്ങളായി .
സമയത്തിന്റെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നു.
കാലത്തെ നിശ്ചലമാക്കാൻ ഒരു യന്ത്രത്തിനുമാവില്ല
ക്യാമറക്ക്‌ അല്ലാതെ.
ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത്
സമയത്തെ മാത്രമല്ല.
ഓരോരോ നേരത്ത്  ഉണ്ടാ
യിരുന്ന നമ്മളെക്കൂടിയാണ്.
അതാ,പഴയ ഞാൻ,തടിച്ച ഞാൻ, മെലിഞ്ഞ ഞാൻ
വിവാഹത്തിനു മുമ്പത്തെ ഞാൻ,ശേഷമുള്ള ഞാൻ
രോഗിയായിരുന്ന ഞാൻ,ജയിച്ച ഞാൻ
പെൻഷൻ പറ്റി പൂച്ചെണ്ട്
പിടിച്ച് ഇരിക്കുന്ന ഞാൻ.
സമയത്തിൻറെ കബന്ധക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന്
അങ്ങനെ നമ്മൾ നമ്മുടെ ശവങ്ങളെ തിരിച്ചറിയുന്നു.
ഫോട്ടോഗ്രാഫർക്ക്‌ അല്ലാതെ മറ്റാർക്കും ഒരാളുടെ നിഴലിനെ
അയ്യാളിൽ നിന്ന് അഴിച്ചെടുക്കാനാവില്ല,
മരണത്തിനു പോലും.
ഒരർത്ഥത്തിൽ ഫോട്ടോഗ്രാഫറാണ് നിങ്ങളെ സൃഷ്ടിക്കുന്നത്.
നിങ്ങൾ ജീവിച്ച വർഷങ്ങളിലെ,
ഏതോ ഒരു നിങ്ങളെ അയ്യാളാണ് നിർമ്മിച്ചത്.
നിങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ
അയ്യാൾ ഉണ്ടാക്കിയ അയ്യാളുടെ നിങ്ങൾ
നിങ്ങളുടെ പേരിൽ അറിയപ്പെടും.
വാസ്തവത്തിൽ താൻ ആരോടാണ്
യുദ്ധം ചെയ്യുന്നതെന്ന്
ഫോട്ടോഗ്രാഫർക്ക് അറിഞ്ഞുകൂട.
ഒരിക്കലും ജയിക്കില്ല എന്നും.
പക്ഷെ കാലത്തെ ഇങ്ങനെ കളിപ്പിക്കാൻ
അയ്യാളെപ്പോലെ മറ്റാർക്കുമാവില്ല .
അയ്യാൾ സമയനദിയിൽനിന്ന് കൈക്കുമ്പിളിൽ
ഇത്തിരി കോരിയെടുക്കുന്ന ആളല്ല.
കാലച്ചുമരിന് പിന്തിരിഞ്ഞ് നിൽക്കുന്നവനുമല്ല,
പോരാളി തന്നെയാണ്.
എല്ലാ നിഴൽ യുദ്ധങ്ങളിലും ജയിക്കുന്ന
പോരാളി .

(രാജസൂയം ഓണപ്പതിപ്പിൽ നിന്ന്)