Thursday, November 25, 2021

തെക്കുതെക്കൊരു തീരം തന്നിൽ -എസ് ജോസഫ്

ഒരു വീട്ടിൽ 
കൂട്ടുകാരനൊപ്പം
താമസിച്ചിരുന്നു
അവന്റെ ചേട്ടത്തിയും രണ്ടു കൊച്ചുപെൺകുട്ടികളുമായിരുന്നു
അവിടെ ഉണ്ടായിരുന്നത്
അക്കാലത്ത് കവിതയെഴുതുമായിരുന്നു
കവിതകളെല്ലാം 
ഇന്ന് ലോകത്തില്ലാത്ത
നീലിയെക്കുറിച്ചായിരുന്നു
അവളുടെ പേര് ഇതല്ല.
അല്പം ഇരുണ്ടവളാകയാൽ
അങ്ങനെ
വിളിച്ചതാണ്
ഞങ്ങൾ  തമ്മിൽ എപ്പോഴും
പിണങ്ങും
പിന്നെ പൊരിഞ്ഞു പ്രണയിക്കും

കൂട്ടുകാരന്റെ വീട്ടിൽ എന്റെ മെയിൻ പരിപാടി
കുട്ടികളെ നൃത്തം പഠിപ്പിക്കുക 
എന്നതായിരുന്നു
 " തെക്കുതെക്കൊരു തീരം തന്നിൽ 
കനി തേടി പോയ് "
" കാവേരിപ്പുഴയിൽ കരിവീട്ടിത്തോണിയിൽ 
കണിവല വീശാൻ പോയവനേ മലയരയാ
എന്റെ മാനഴകാ..."
" കിലുകിലും കിലുകിലും ( // )
കിലും കിലും കിലും കിലും കിങ്ങിണിക്കാട് കിങ്ങിണിക്കാട് " 
എന്നിങ്ങനെ പാട്ടുകൾ ഞാൻ പാടും
കുട്ടികൾ ആടും 

കൂട്ടുകാരനോടും ചേച്ചിയോടും
ഞാൻ നീലിയെക്കുറിച്ചു പറഞ്ഞു
ഒരു ദിവസം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു.

ഞാനവളെ കൂട്ടിക്കൊണ്ടുവന്നു
നിറം കൊണ്ടും മറ്റെല്ലാം കൊണ്ടും ചേച്ചിയും അവളും യോജിച്ചു.
കുട്ടികൾ അവൾക്കായി നൃത്തം ചെയ്തു.
നമുക്കും ഇതുപോലെ രണ്ട് പെൺകുട്ടികൾ വേണം
അവൾ മന്ത്രിച്ചു.
ഞങ്ങൾ രണ്ടും പറമ്പിലൂടെ നടന്നു
ശർക്കരവരട്ടി കഴിച്ചു
ചുണ്ടുകൂട്ടിച്ചേർത്ത് ശർക്കര നുണഞ്ഞു
ഊഞ്ഞാലാടി
ചോറുണ്ടു
പിന്നെ വെയിൽ കുറഞ്ഞു
നമുക്ക് പോകാം
ഞാനവളോട് പറഞ്ഞു
ഞാൻ വരുന്നില്ല
അവൾ പറഞ്ഞു
ഞാൻ ചിരിച്ചു പോയി
തമാശയാണെന്നാണ്  കരുതിയത്
അവൾ കാര്യമായിട്ടാണ്
പറഞ്ഞത്
ഹാ അതെങ്ങനെ ശരിയാകും ?
അതെന്താണ് നീ
വരാത്തത് ? 
നിനക്ക് വീട്ടിൽ പോകേണ്ടേ ?
ഞാൻ ചോദിച്ചു.
അവൾ എന്നെ തുറിച്ചു നോക്കി
ഒരു ചോദ്യം ചോദിച്ചു
ഇവിടെ വരാത്ത ഞാനെങ്ങനെ
വരും?
ഞാൻ ഞെട്ടിപ്പോയി

അവൾ പറഞ്ഞത് ശരിയാണ്
അവൾ
എന്നെ പിരിഞ്ഞിരുന്നല്ലോ
ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചല്ലോ
ബ്രെയിൻ ട്യൂമർ വന്ന് മരിച്ചല്ലോ
ക്ഷമിക്കണം കൂട്ടുകാരേ
ഐ ആം സോറി
ഞാനതൊന്നും ഓർക്കാറില്ല