Saturday, February 24, 2018

അവസാനത്തെ നദി - കെ സച്ചിദാനന്ദൻ


അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

‘നിനക്കെന്നെ ഭയമില്ലേ?’
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
‘ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്’ , കുട്ടി പറഞ്ഞു.

‘നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.’
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.

Sunday, February 11, 2018

അവസാനത്തെ കാമുകന്‍ - വി.ടി.ജയദേവൻ

അവസാനത്തെ കാമുകനില്‍നിന്ന്
അവള്‍ക്കു കണ്ണെടുക്കാനേ തോന്നുന്നില്ല.
ഇത്രയും കാലത്തിനിടയ്ക്ക്
എത്ര പ്രണയബന്ധങ്ങളുണ്ടായി!
എത്ര കാമുകന്മാര്‍!
ബുദ്ധിശാലികളും
ധനികരും
ഉന്നത ഉദ്യോഗസ്ഥരും
നല്ല ആരോഗ്യവാന്മാരായ തൊഴിലാളികളും
കുറെശ്ശെ നൊസ്സുള്ള എഴുത്തുകാരും
അതില്‍ ഉള്‍പ്പെട്ടു.
സിനിമാ നടന്മാരെപ്പോലെ സുന്ദരന്മാരും
തരക്കേടില്ലാത്തവരും ആ കൂട്ടത്തില്‍ ഉണ്ട്.
ശാന്തന്മാരെയും വെറിയന്മാരെയും അവള്‍ അനുഭവിച്ചു.
വര്‍ത്തമാനം പറഞ്ഞു മടുപ്പിക്കുന്ന ചിലരെ സഹിച്ചു.
ചിലരെ കണ്ടപ്പോഴേ ഇതധികകാലമില്ലെന്നു മനസ്സിലായി.
ചിലര്‍ ഏതുകാലവും ഒപ്പം ഉണ്ടാവും എന്നു തോന്നിച്ചു.
പക്ഷെ പ്രണയത്തിന്റെ
അധികം വ്യത്യാസമില്ലാത്ത ഇടവേളകള്‍ക്കൊടുവില്‍
അവളില്‍ ചിലതൊക്കെ തുന്നിച്ചേര്‍ത്ത് ,
ചിലതൊക്കെ അവളില്‍നിന്നഴിച്ചെടുത്ത്
ആ പ്രണയങ്ങളൊക്കെ പിന്‍വാങ്ങി,
ചിലതില്‍ നിന്നവള്‍
ബുദ്ധന്‍ കൊട്ടാരത്തില്‍നന്നെന്നപോലെ
പാതിരായ്ക്ക് ഇറങ്ങിയോടി.
ഓരോ പ്രണയവും
അവള്‍പോലുമറിയാത്ത കൈരേഖകളും
പദമുദ്രകളും അവളില്‍ പതിപ്പിച്ചു.
അവള്‍പോലുമറിയാതെ അവള്‍ പഴകി.
അകവും പുറവും പരുക്കനായി.
സഹിക്കാനാവാത്ത ഏകാന്തതയുടെ മണം,
ഒറ്റപ്പെടലിന്റെ ദുഃഖഭീതി
സ്വപ്നത്തില്‍ രതിഭ്രാന്തനെപ്പോലെ വന്ന്
അവളെ വേദന വരുത്തിക്കൊണ്ട് ഭോഗിച്ചു.

ഇനിയൊരു പ്രണയം ഉണ്ടാവുകയില്ലേ എന്ന്
നിരാശയോടെ അവള്‍ രാപ്പകലുകളോട് ചോദിച്ചു.
സായന്തനയാത്രകളില്‍
കുറച്ചുകൂടി നഗ്നതകാട്ടിയും
കുറച്ചുകൂടി പ്രണയാതുര പ്രകടിപ്പിച്ചും
അവള്‍ വിദൂരതയെ,
അജ്ഞേയതയെ വശീകരിക്കാന്‍ നോക്കി.
അവള്‍ കടലിലറങ്ങി നിന്ന് ആണ്‍തിരകള്‍ക്ക്
തന്റെ കണങ്കാലിന്റെ മിനുപ്പുകാണിച്ചുകൊടുത്തു.
അവളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു വന്നു,
അവളുടെ സൗന്ദര്യം മങ്ങി മങ്ങി വന്നു.
അപ്പോഴാണ് ഒരു ദിവസം
അത്രയും അപ്രതീക്ഷിതമായി
ഈ അവസാനകാമുകന്‍ കടന്നു വന്നത്.
ആ മുഖസൗന്ദര്യം കണ്ട്
ആ ചുണയുള്ള ചിരികണ്ട്,
ആ നില്‍പിലെ വെല്ലുവിളികണ്ട്,
കണ്ണിലെ തീരാത്ത കാമക്കൊതിയും
നിഷ്‌കളങ്കമായ കുസൃതിയും കണ്ട്
വിസ്മയത്തലചുറ്റല്‍ വരുന്നപോലെ അവള്‍ക്കുതോന്നി.
എന്നെ വിട്ടുപോകരുത്
എന്നെ വിട്ടു പോകരുത്.
അവള്‍ കുഞ്ഞ് അമ്മയോടെന്നപോലെ കെഞ്ചി.
'ഹ..ഹ..' അവനുറക്കെ ചിരിച്ചു.
പ്രേമം കൊണ്ടു വിറയ്ക്കുന്ന
അവളുടെ വിളര്‍ത്ത ചുണ്ടുകള്‍
കടിച്ചമര്‍ത്തിക്കൊണ്ട് ആ ജ്വലിതകാമുകന്‍ പറഞ്ഞു.
'പോകും.
പക്ഷെ ഒപ്പം നീയും ഉണ്ടാകും.
കൂടെക്കൂട്ടികൊണ്ടുപോകാനാ വന്നത്.
കുന്നിന്നപ്പുറത്തെ പുഴത്തീരത്ത്
നിനക്കുവേണ്ടി  പണിത
പച്ചതളിരുപൊതിഞ്ഞ മണ്‍വീട്ടിലേയ്ക്ക്...'

നീ ആരാണെന്ന് ചോദിച്ചാൽ - ഡോണ മയൂര

ചോദ്യം കേൾക്കുമ്പോൾ
ഞാനൊന്ന് ഞെട്ടും.
.
ഇത്തരം ഒരു കള്ളം
ഇതിനു മുൻപ് പറഞ്ഞ്
പരിശീലിച്ചിട്ടില്ലല്ലോ
എന്നോർത്ത് സ്വയം പഴിക്കും.
.
ഇതു വരെ പറഞ്ഞിട്ടുള്ള
കള്ളങ്ങൾ പോരാതെ വരും.
.
ഇതുവരെ വായിച്ചിട്ടുള്ളതും
അറിഞ്ഞിട്ടുള്ളതുമായ
കവിതയിലും കഥയിലും
സിനിമയിലും ജീവിതത്തിലുമെല്ലാം
തിരഞ്ഞു കണ്ടെത്താനായി
ഓർമ്മയ്ക്ക് ചെന്നെത്താൻ
പറ്റുന്നയത്രയും ഇടങ്ങളിലേക്ക്
വേഗം, അതിവേഗം പായും.
.
ഓരോ വാക്കും
തിരിച്ചും മറിച്ചുമിട്ട്
ഓർമ്മയെ കൊണ്ട് തിരയിക്കും,
എല്ലായിടങ്ങളിലും തിരയിക്കും.
.
തിരഞ്ഞു തിരഞ്ഞൊടുവിൽ
കണ്ടു പിടിക്കും.
.
ഇത്തരമൊരു അവസരത്തിൽ
അതിലുള്ള കഥാപാത്രങ്ങൾ
എന്ത് കള്ളമാണ്
ഏതു വിധേനയാണ്
പറഞ്ഞിരിക്കുന്നതെന്ന്
കണ്ടു പിടിക്കും.
.
എന്നാൽ ഭാഗ്യവശാൽ
അവയൊന്നും പോരാതെ വരും.
.
അപ്പോൾ ഞാൻ ചിരിക്കും,
സങ്കടങ്ങളും സന്തോഷങ്ങളും
രഹസ്യമായി കടത്തിയ
ഇടങ്ങളിലൂടെ
ഓട്ടവീണ പാത്രത്തിൽ
രാത്രി കട്ടുകൊണ്ടു ഓടുന്ന
നക്ഷത്രമാണ് നീയെന്ന്
മറുപടി പറഞ്ഞ്
ഞാൻ നിർത്താതെ ചിരിക്കും!

അളവ് - രാഘവൻ അത്തോളി

മിതമായ നിരക്കിൽ
കൊലപാതകം നടത്തികൊടുക്കും
എന്ന ബോർഡിന് കീഴിലിരുന്നാണ്
ഞാനുമവളും പ്രണയം പങ്കുവെച്ചത്

മിതഭാഷികളുടെ
ഉച്ചകോടിയിൽ ചിലർ
തൊണ്ടപൊട്ടി മരിച്ചന്നാണ്
ഞാനവളെ കൊല്ലാനിടയായത്.

ജീവച്ഛവമായ എന്നെ
അവൾ മത്സ്യമാർക്കറ്റിൽ
തൂക്കി വിട്ടുകളഞ്ഞു .

Thursday, February 8, 2018

ഒരു പുക കൂടി - കല്‍പ്പറ്റ നാരായണൻ

പോലീസ് വരുന്നുണ്ടോ

എന്നിടം വലം നോക്കി

വലിക്കണോ കളയണോ എന്നായ എന്നോട്

ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:

എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.

നിങ്ങള്‍ക്കറിയുമോ

ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.

കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍

ഞാന്‍ ജ്വലിച്ചു.

നട്ടപ്പാതിരകളും കാട്ടിടകളും

എനിക്ക് ഹൃദിസ്ഥം.

എന്റെ വെളിച്ചത്തില്‍

ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.

അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്

അഞ്ചും എട്ടും ബീഡിയുടെ ദൂരം.

ചുമരെഴുതാനും

പോസ്റ്ററൊട്ടിക്കാനും

പാട്ടെഴുതാനും ഞാന്‍ കൂടി.

മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.

കയ്യൂരിലും പുല്‍പ്പള്ളിയിലും

കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.

നാടകവേദികള്‍ക്ക് വേണ്ടി

ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി

ഞാനുറക്കൊഴിച്ചു.

ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.

തണുപ്പില്‍, ഇരുട്ടില്‍

ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍

ഞാനായിരുന്നു തുണ.

അന്ന്

എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍

ആണുങ്ങളായി.

എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍

സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.

എല്ലാ കുമാര്‍ഗങ്ങളിലും

ഞങ്ങള്‍ സഞ്ചരിച്ചു.

അക്കാലത്തെ തീവണ്ടികള്‍ പോലെ

ഉള്ളില്‍ തീയുള്ളവരുടെ പുകയായി

മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.

പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍

ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന

ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.

കൂലി കൂടുതല്‍ ചോദിക്കാന്‍

മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.

തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.

ഒരു പുകകൂടിയെടുത്ത്

നടന്മാര്‍ വേദിയിലേക്ക്

സദസ്യര്‍ ഹാളിലേക്ക്

തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.

തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി

തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.

കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും

ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്

നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ

കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.

നേരാണ്

ഞാനൊരു ദുശ്ശീലമാണ്.

എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്

ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?

നരകത്തിലല്ലാതെ

സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?

ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്

തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്

പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്

ഉറപ്പിന്

ഉറപ്പില്ലായ്മയ്ക്ക്

ഞാന്‍ കൂട്ടിരുന്നു,

ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.

എനിക്കറിയാം,

ഞാന്‍ നന്നല്ല

ആരോഗ്യത്തിന്

കുടുംബഭദ്രതയ്ക്ക്

ഭാവിഭദ്രതയ്ക്ക്.

സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്

ബീഡിക്ക് തീ കൊളുത്തുമ്പോള്‍

പക്ഷേ,

ആയുസ്സോ സുരക്ഷിതത്വമോ

ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍

അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി

എരിഞ്ഞുതീരുന്ന എന്നെ നോക്കി

അവരുന്മേഷത്തോടെ എരിഞ്ഞു.

കണ്ടില്ലേ

ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ

വേട്ടയാടിയ നിയമം

ഇന്നെന്നെ വേട്ടയാടുന്നത്?

കണ്ടില്ലേ,

ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?

കേള്‍ക്കുന്നില്ലേ,

'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'

             

Wednesday, February 7, 2018

കണ്ണില്‍പ്പെടാത്തവള്‍ - പി പി രാമചന്ദ്രൻ

ഒന്ന് രണ്ട് മൂന്നെന്നിങ്ങനെ
കണ്ണുംപൊത്തി ചൊല്ലിയവന്‍
അഞ്ച് ആറ് ഏഴെന്നങ്ങനെ
തഞ്ചം നോക്കിയിറങ്ങീ ഞാന്‍

എവിടെയൊളിക്കും
ഉടനെ വേണം
സമയം വേഗം
പോകുന്നു

മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ല
കുനിഞ്ഞിരിക്കാന്‍ കുഴിയില്ല
ഒളിച്ചുനില്‍ക്കാന്‍ പറ്റിയൊരിടവും
വെളിമ്പറമ്പില്‍ കണ്ടില്ല

അകത്തു മുറിയില്‍ മൂലയിലെല്ലാം
അടുക്കിവെച്ചിട്ടുണ്ടെന്തോ
ഉറുമ്പിനും പഴുതേകീടാത്തോ-
രിരുമ്പു പെട്ടികളതിലെന്തോ!

അച്ഛനുമമ്മയുമേട്ടനുമെല്ലാം
വെച്ചതുപോലെയിരിക്കുന്നു
വസ്തുവകയ്ക്കൊരു കാവലിനായി
പട്ടിയുമുണ്ടു കിടക്കുന്നു

തൊണ്ണൂറ്റാറ് തൊണ്ണൂറ്റേഴ്
എണ്ണം തീരുകയായി
ഞൊടിനേരംകൊണ്ടെങ്ങനെ മറയാന്‍
തൊണ്ണൂറ്റൊമ്പതു നൂറായി

എങ്ങുമൊളിക്കാന്‍ പറ്റാത്തതിനാല്‍
മുന്നില്‍ത്തന്നെ നിന്നൂ ഞാന്‍
എന്നിട്ടും നീ കണ്ണുതുറന്നി-
‌ട്ടെന്നെ മാത്രം കണ്ടില്ല

കണ്ണില്‍പ്പെടുവാന്‍മാത്രം ഞാനൊരു
പെണ്ണായ്‌ത്തീരാഞ്ഞിട്ടാണോ
കണ്ണഞ്ചിച്ചു പ്രകാശം ചൊരിയും
പൊന്നായ്‌ മാറാഞ്ഞിട്ടാണോ

ഭക്തരോട് - പവിത്രന്‍ തീക്കുനി

ദേവാലയം
ഏതാകിലും
പോവുക
തലകുനിക്കുക

കൈകൂപ്പി
പ്രാര്‍ഥിക്കുമ്പോള്‍
വഴിയില്‍ കണ്ട
കണ്ണുകളിലെ
ദൈന്യതകള്‍ക്കുവേണ്ടിയും
ഒന്നുള്ളുരുകുക

കൈയിലുള്ളതു മുഴുവന്‍
കാണിക്കവഞ്ചിയിലേക്കിടുമ്പോള്‍
വഴിവക്കില്‍
വിശപ്പുനീട്ടിയ
കൈകളെകൂടിയോര്‍ക്കുക

സ്വര്‍ണത്താല്‍
തുലാഭാരം
നടത്തുമ്പോള്‍
ഒരു തരിമണ്ണുപോലുമില്ലാത്തവര്‍
സന്തോഷത്തോടെ
പുലരുന്നുണ്ടെന്ന്
തിരിച്ചറിയുക

തിരിച്ചുപോരുമ്പോഴെങ്കിലും
മരങ്ങള്‍ക്കിടയിലുള്ള
നിലംപൊത്താറായ

പഴയ വായനശാലയില്‍ക്കൂടി
ഒന്നു കയറുക

ഒരു നിമിഷമെങ്കിലും
ജീവിതത്തെ
ഇരുട്ടിലേക്ക്
വെളിച്ചമായെറിയുക.

ആ കിളിയുടെ പാട്ട് - എ വി സന്തോഷ്കുമാർ

ഉളളിൽ
ഒരു
സംഗീതോപകരണമുണ്ട്
എല്ലാവർക്കും

പാശ്ചാത്യമോ
പൗരസ്ത്യമോ
രണ്ടുമല്ലാത്തതോ
ആയ ഒന്ന്

ജനനം മുതൽ
നിങ്ങളതിൽ
പരിശീലിക്കുന്നു.
നിങ്ങൾ തന്നെ ഗുരു
ശിഷ്യനും.

ഒറ്റയ്ക്കാവുമ്പോഴാണ്
പരിശീലനം.
ഏകാന്തത
ഏതോകാലത്തിൽ
ശ്രുതിയിടും
ആറാംകാലത്തിനുമപ്പുറം
അല്ലെങ്കിൽ
ഒന്നാംകാലത്തിനും കീഴെ.

പക്ഷെ
ഏകാന്തതയുമായി
പിണങ്ങിയവരിൽ
അത്
പൊടിപിടിച്ച്
ചൊടിച്ചിരിക്കും
അപശ്രുതിയിൽ
കലമ്പിക്കൊണ്ടേയിരിക്കും.

സ്വപ്നത്തിലും
നിരാശയിലും
വിതുമ്പലിലും
സന്തോഷത്തിലും
അതിന്
ഓരോ താളം
ലയം

അതുകൊണ്ടാണ്
ഏതോ ഒരു നിമിഷത്തിൽ
നിങ്ങൾക്ക്
ഗിറ്റാറാകണമെന്ന
തോന്നലുണ്ടാകുന്നത്
അല്ലെങ്കിൽ
മറ്റേതെങ്കിലും
ഉപകരണം

ഒറ്റയ്ക്കാവുമ്പോൾ
നിങ്ങൾ
അതാവുന്നുണ്ട്.
ഉള്ളിൽ
വായിക്കുന്നുണ്ട്.

നോവ്‌ - പവിത്രൻ തീക്കുനി

ഭൂമിയെ

നോവിച്ചു  ഞാന്‍  കല്ലുവെട്ടുകാരനായി.

ഇരയെ

നോവിച്ചു   ഞാന്‍ മീന്പിടുതക്കാരനുമായി .

പിന്നെ

നിന്നെ നോവിച്ചു ഞാന്‍

കാമുകനായി .

ഇന്ന്

എന്നെത്തന്നെ

നോവിച്ചു നോവിച്ചു

ഞാന്‍ കവിയുമായി

തേൾക്കുടം - കുരീപ്പുഴ ശ്രീകുമാർ

കുടത്തിലുണ്ടൊടുക്കത്തെ
കനകനാണ്യം
എടുക്കുന്ന കരുത്തുള്ളോൾ-
ക്കുടൻ സമ്മാനം
അവൾക്കാണെന്നർദ്ധദേശം
സ്വതന്ത്രസൌധം
അവൾക്കാണീ വജ്രഹാരം
വിശിഷ്ടവസ്ത്രം

വിനോദത്താൽ മദംകൊണ്ട
മഹാരാജാവിൻ
വിളംബരച്ചെണ്ട ദിക്കിൻ
ചുമർ പൊട്ടിച്ചു

തുടികൊട്ടിക്കൊടിയേറ്റി
അരങ്ങുകെട്ടി
തലസ്ഥാനം പെൺമിടുക്കിൻ
വരക്കം കാത്തു
പുരുഷാരമാർത്തിരമ്പി
പേമഴ പെയ്തു
ഒരുത്തിയും വരുത്തില്ലെ-
ന്നടക്കം കൊണ്ടു

കുടത്തിൽ വാളുയർത്തിയ
കരിന്തേളിന്റെ
വിഷക്കോളിൽ നീലവാനം
പുകഞ്ഞു കണ്ടു
അടിമപ്പെണ്ണൊരുവൾ
വന്നടുത്തുനിന്നു
കുടത്തിൻമേൽ വലംകൈ-
വെച്ചുറച്ചുനിന്നു

പതുക്കെ നീൾവിരൽനീട്ടി
ഘടാകാശത്തിൽ
പരതുന്നു തേളടങ്ങി
യൊതുങ്ങിടുന്നു
ഇവളുമെൻ ദുർവ്വിധിപോൽ
കുടത്തിനുള്ളിൽ
കുടുങ്ങിയോളാണിവളെ
തൊടില്ലെൻദാഹം

കനകനാണയം നീട്ടി
അവൾനിൽക്കുമ്പോൾ
കരിന്തേളാപ്പൂവിരലിൽ
നിദ്രകൊള്ളുന്നു

അടിമപ്പെണ്ണിന്റെ ദേശം
വസന്തവംശം
കരിന്തേളാപ്പതാകയിൽ
അശോകചക്രം

കവിത - പവിത്രൻ തീക്കുനി

എല്ലാ
പിണക്കങ്ങളും
പിഴുതെറിയുക

തിരിച്ചു പോകുവാൻ
സമയമാവുന്നു

അതിന്നിടയിൽ
ഒന്നു കൂടി കാണണം

നനഞ്ഞ വിരലുകൾ
ചേർത്ത് പിടിച്ച്
കവിതയുടെ
വയൽ വരമ്പിലൂടെ
നടക്കണം

ഉടഞ്ഞ കുപ്പിവളകളിൽ
മുഖം വീർപ്പിച്ച്
ഉത്സവത്തിന്റെ പടിയിറങ്ങണം

ഇടവഴിയിലെ
ഇലഞ്ഞിത്തണൽ
ഒരു കുമ്പിളിൽ നിറയ്ക്കണം

കല്ലുവെട്ടാംകുഴിയിലെ
കിതപ്പുകളിൽ
ചൂണ്ടയിട്ട് പിടിക്കണം
ഒരു കൊടുങ്കാറ്റിനെ

ഏറേ ദാഹത്തോടെ
നോക്കി നിൽക്കണം
പറങ്കിമാവുകൾക്കിടയിലൂടെ
കുന്നുകയറുന്ന
കിണറിനെ  

മുറിച്ചൂട്ട് വീശി
വേച്ച് വേച്ച്
വഴി തെറ്റുന്നവരിൽ
നിന്ന്
എരിയാത്ത
അടുപ്പുകളിലേക്ക്
വഴികളെ
ചുരുട്ടി വയ്ക്കണം

രാത്രി
അടുക്കളയിൽ
തട്ടിച്ചിതറുന്ന
പാത്രങ്ങളും
വാക്കുകളും
വിശപ്പും

രാവിലെ
ചോറ്റുപാത്രത്തിൽ
നിറച്ച്
ചിരിച്ച്
നമുക്ക് ഒന്നുകൂടി

പള്ളിക്കൂടത്തിന്റെ
പടി കയറണം

നുണയാനാവാത്ത
മിഠായികളിലേക്ക്
നാക്കണ്ണുകൾ
എയ്ത്

ഒന്നുകൂടി
നമുക്ക്
വിരലുകളിൽ
പരീക്ഷകൾ
തുന്നി വയ്ക്കണം

പോക്കുവെയിലിറങ്ങിയ
ചാണകത്തറയിൽ
അന്തിയായിട്ടും
വരാത്ത
അച്ഛനെയും
അമ്മയേയും
ഒന്നു കൂടി
കാത്തിരിക്കണം

കുരീപ്പുഴയ്ക്ക് - സി എം വിനയചന്ദ്രൻ

മനുഷ്യത്വത്തിന്റെ തീപ്പന്തം
നെറുകിൽ കുത്തി നിർത്തിയും
നെറികേടിന്റെ ദുർമുഖത്തേ -
ക്കാഞ്ഞു കാർക്കിച്ചു തുപ്പിയും

കവിതക്കനൽ വാരി
യെറിഞ്ഞുംകലഹിച്ചുമീ-
കറുത്ത നട്ടുച്ചയ്ക്കെതിർ-
സൂര്യനായ്‌ നിറയുന്നു നീ .

ഉഗ്രസ്ഫോടനശേഷിയാർന്ന നിൻ
നഗ്നകവിതാ പടക്കത്തിൽ
ജീർണ സംസ്ക്കാരക്കോട്ട -
കളെത്ര ഞെട്ടിവിറച്ചു പോയ്.

സ്നേഹത്തിന്റെ സിറിഞ്ചുമായ്
കേരളക്കരയാകവേ
സൗഹൃദത്തണൽ വീശുന്ന
സർഗ മാരുത സ്പർശനം .

മത ജാതി വിചാരങ്ങൾ
വലിച്ചെറിഞ്ഞ ധീരത
മനുഷ്യനെന്ന വാക്കിന്റെ
സ്നിഗ്ദ്ധമാം സ്വപന ചാരുത

ചാർവാകൻ ബുദ്ധനും
ഗുരുവും ഗാന്ധിയും പിന്നെ
നവലോക വെളിച്ചങ്ങൾ മേളിക്കുന്നു നിന്നിലായ്.

നിർഭയത്വത്തിൻ തോണിയിൽ
ഇനിയുമേറെത്തുഴയുക
ഒപ്പമുണ്ട് മലയാള -
മനുഷ്യക പ്പെരുംകടൽ .

പ്രണയം, വിപ്ലവം ,സത്യം
സമത്വം സാഹോദര്യവും
നിശിതം യുക്തിബോധവും
കവിയും സ്വാതന്ത്ര്യബോധവും
കവിതയായ് വിതക്കുന്നു നീ
നാട്ടകപ്പെരു വീഥിയിൽ

ഒരു മതം മതി സ്നേഹം
ഒരു ദൈവം മതി സത്യം
ഒരു വെട്ടം മതി അക്ഷര
മെന്നു പഠിപ്പിച്ച മർത്യതേ

പാട്ടിന്റെ ചൂട്ടുമായി നീ
വാക്കിന്റെ കനലുമായി നീ
ഇനിയും മുന്നിൽ നടക്കുക
ഞങ്ങളുണ്ടെന്നുമൊപ്പമായ്..