Sunday, September 23, 2018

മണ്ണേ, എന്നെക്കാത്തുകിടക്കുക - നെരൂദ

എന്റെ ഗ്രാമ്യനിയോഗത്തിലേക്കെന്നെക്കൊണ്ടുപോവുക, സൂര്യ,
പ്രാക്തനവനങ്ങളിലെ മഴയിലേക്കെന്നെക്കൊണ്ടുപോവുക.
എനിക്കു തിരിയെത്തരികയതിന്റെ പരിമളം,
മാനം പൊഴിക്കുന്ന വാളുകൾ,
പുല്മേടുകളിലെയും കല്പുറങ്ങളിലെയും നിർജ്ജനശൂന്യത,
ആറ്റിറമ്പുകളുടെ നനവും ദേവതാരങ്ങളുടെ ഗന്ധവും,
പെരുമരങ്ങളുടെ വിദൂരനിബിഡതയിൽ
ഹൃദയം പോലെ ത്രസിക്കുന്ന കാറ്റും.

മണ്ണേ, നിന്റെ നിർമ്മലോപഹാരങ്ങളെനിക്കു തിരിയെത്തരിക,
വേരുകളുടെ പ്രൗഢിയിലൂന്നിയുയർന്ന മൗനത്തിന്റെ ഗോപുരങ്ങൾ.
ഞാനാകാതെപോയതിലേക്കെനിക്കു മടങ്ങിപ്പോകണം,
അത്രയുമാഴങ്ങളിൽ നിന്നു മടങ്ങാനെനിക്കു പഠിക്കണം,
പ്രകൃതിയിൽ ജീവിക്കാൻ, ജീവിക്കാതിരിക്കാനെനിക്കാകട്ടെ.
കല്ലുകൾക്കിടയിൽ മറ്റൊരു കല്ലാവാം, ഒരിരുണ്ട കല്ലാവാം ഞാൻ,
പുഴയൊഴുക്കിക്കൊണ്ടുപോകുന്ന വെറുമൊരു വെള്ളാരങ്കല്ല് .

Friday, September 14, 2018

പ്രണയമില്ലാതെയായ നാൾ - റഫീഖ് അഹമ്മദ്‌

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയേ പിൻ വലിയ്ക്കുന്നതു മാതിരി

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീ കമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു ഞാൻ

അതിരെഴാത്ത നിശീഥത്തിലെവിടയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽ  നിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുകം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ

പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി