Wednesday, June 28, 2017

ഏകാകിയുടെ ആനന്ദങ്ങൾ -തച്ചിബാനാ അക്കേമി

കവിത (ജാപ്പനീസ് )

എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
ചങ്ങാതി കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.

എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതു കാണുക,
വെള്ളം തിളയെടുക്കുന്നതു  കേൾക്കുക.

എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.

എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വപക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.
-
[1812-1868 ]
പരിഭാഷ : രവികുമാർ വി

ഹൃദയത്തിന്റെ  ഭാഷ  - പാബ്ലോ  നെരൂദ / ഒ എന്‍ വി

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ,

ഞാന്‍ നിന്നോട് ചെയ്തു..

ഹേമന്തം,പൂവനത്ത്തോട് ചെയ്തതുപോലെ

 നീ എന്നോടും ചെയ്തു

തീരങ്ങള്‍, പുഴയെ തലോടിയ പോലെ,

ഞാന്‍,നിന്നെ തലോടി.

ഓളങ്ങള്‍, കരയെ പുനര്നതുപോലെ

 നീ എന്നെ  പുണര്‍ന്നു.

പ്രണയമിതോ എന്‍ പ്രേയസി.. 

നാം പ്രണയികളോ   പവിഴങ്ങളോ.

 

ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,

ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം

നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും, 

രാവില്‍ നിലാവ് വന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല , 

നീ എന്നില്‍ നിറയും വരെയും

സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി, 

ചിന്തകള്‍ ആമ്പലിന്‍ പൊയ്ക

പ്രണയമിതോ എന്‍ പ്രേയസി, 

ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..

 

നിന്നെ ഞാന്‍, അറിയുന്നതിന്‍ മുമ്പും, 

പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം.

നീ എന്നില്‍, അലിയുന്നതിന്‍ മുന്‍പും.. 

പ്രാക്കള്‍.. പറന്നിരുന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല, 

നിന്നെ ഞാന്‍ കാണും വരെയുo,

ഇന്നെന്നില്‍, വിടരുന്നു പൂവുകള്‍..

 നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍

പ്രണയമിതോ എന്‍ പ്രേയസി… 

നാം പൂവുകളോ. അരി പ്രാക്കളോ.

 

സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു, 

മുന്തിരി തോട്ടങ്ങള്‍ കണ്ടു..

കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും.. 

അരുവിയിന്‍ ഉറവയും കണ്ടു..

താഴ്വാരം, പനിനീര്‍ പൂക്കളാല്‍ 

പുതച്ച്ചുരങ്ങുന്നതും കണ്ടു

മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ

 ചുവന്നൊരു ഹൃദയവും കണ്ടു..

പ്രണയമിതോ  എന്‍ പ്രേയസി, 

നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..

 

ഇന്നോളം, ഞാന്‍ പാടിയതെല്ലാം.. 

നിന്നെ കുറിച്ചായിരുന്നു…

ഇന്നോളം , ഞാന്‍ തെടിയതെല്ലാം.. 

നിന്‍ പാതകള്‍ ആയിരുന്നു..

ഇതുവരെ, നീയാം പകലിനി 

പിന്‍ നിലാവന്യമായിരുന്നു

ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ് 

പകലും നിലാവും ലയിക്കും

പ്രണയമിതോ എന്‍ പ്രേയസി 

നാം പ്രണയ സരസ്സിലെ ഹംസങ്ങളോ.

 

ഇതേതോ, മരത്തിന്റെ കൊമ്പത്തെ 

കൂട്ടിലെ കിളികളീ നമ്മള്‍ 

എങ്ങേന്ഗോ, മലയോരത്തു പൂത്തതാം 

നീല കുറിഞ്ഞികള്‍ നമ്മള്‍

എന്നെന്നും, നിലനിന്നു പോകട്ടെ 

മരവും കൊമ്പും കിളി കൂടും

ഒരുനാളും, പോഴിയാതിരിക്കട്ടെ,

 നീലക്കുരിഞ്ഞിയും നാമും ..

പ്രണയമിതോ  എന്‍ പ്രേയസി.. 

നാം കിളികളോ, നീല കുറിഞ്ഞികളോ…

 

വനമില്ല, മരുഭൂമികളില്ല.. 

ഞാന്‍ നിന്നെ ഉണര്‍ത്തുന്ന നാട്ടില്‍..

മച്ചില്ല, തറ മെഴുകിയിട്ടില്ലാ. 

ഞാന്‍ നിന്നെ ഉറക്കുന്ന വീട്ടില്‍..

ഞാനുണ്ട്.. നല്ലോര്‍മകളുണ്ട്.. 

നീ എന്നോരാകാശ ചോട്ടില്‍..

മഴയുണ്ട്.. മലര്‍ മഴവില്ലുമുണ്ട്.. 

താരങ്ങളും കൂട്ടിനുണ്ട്..

പ്രണയമിതോ എന്‍ പ്രേയസി, 

നാം ഭൂമിയില്‍ വീണ നക്ഷത്രങ്ങളോ…

 

ഞാന്‍ കണ്ടു, കടലിന്റെ ആഴവും, 

നീലിമയും നിന്റെ നോക്കില്‍..

ഞാന്‍ കേട്ടു, കടലോളം സ്നേഹവും, 

ആര്‍ദ്രതയും, നിന്റെ വാക്കില്‍

ഞാന്‍ പാടി, അറിയാത്ത ഭാഷയില്‍, 

കേള്‍ക്കാത്ത രാഗത്തിനോപ്പം,

ഞാന്‍ കോരി, കാണാത്ത ചിത്രങ്ങള്‍

 പേരില്ലാത്ത വര്‍ണത്താല്‍…

പ്രണയമിതോ എന്‍ പ്രേയസി, 

നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ.

 

ഞാന്‍ നിന്നെ, പ്രനയിക്കുന്നതാനെന്റെ 

ജീവിക്കുവാനുള്ള വാഞ്ച്ച്ച.

നീ എന്നെ, പ്രനയിക്കുന്നതാനെന്റെ

ജീവിതത്തിന്‍ അന്തസത്ത..

ഞാന്‍ നിന്നെ,കാത്തു നില്‍ക്കുംബോഴോക്കെയും 

എന്‍നിഴലും കൂട്ട്  നില്‍ക്കും..

നമ്മെപ്പോള്‍, നമ്മുടെ നിഴലുകളും

 പണ്ടെ പ്രണയികള്‍ ആവാം.

പ്രണയമിതോ എന്‍പ്രേയസി 

നാം പ്രണയ വെയില്‍ നിഴല്‍ തുമ്പികളോ.

 

നാം തമ്മില്‍, പ്രണയം പറഞ്ഞതാ 

മലനിരകള്‍ കേട്ടിരുന്നോ

നാം തമ്മില്‍, സ്നേഹം പങ്കിട്ടതീ 

അരമതില്‍ എങ്ങാനും കണ്ടോ..

ഇവിടുത്തെ, കുന്നിന്‍ ചെരിവുകല്‍ക്കെന്നെന്നും 

കേള്‍വി ഇല്ലാതിരിക്കട്ടെ

ഇറയത്തെ, മണ്‍ചിരാതുകള്‍ക്കൊക്കെയും 

കാഴ്ച്ച ഇല്ലാതിരിക്കട്ടെ.

പ്രണയമിതോ എന്‍ പ്രേയസി നാം 

വേനലറിയാ നികുഞ്ജങ്ങളോ..

 

നീ എന്നെ, മറക്കാന്‍ പഠിപ്പിച്ചു .. 

നിന്നെ മാത്രം ഓര്‍ക്കുവാനും..

നീ എന്നെ, അടുക്കാന്‍ പഠിപ്പിച്ചു 

നിന്നെ ഏറെ സ്നേഹിക്കാനും..

നീ അല്ലെ, തീരവും ചക്രവാളവും 

വേര്പിരിക്കുന്നോരാ ദൂരം..

നീ അല്ലെ.. തീരത്തെ ജല  ശംഖിലെ  

സാഗരത്തിന്റെ അഗാധം..

പ്രണയമിതോ എന്‍ പ്രേയസി, 

കടല്‍ ചിപ്പി എന്നില്‍ നീ വെണ്‍മുത്തോ..

 

പൂപോലെ, പൂവിന്‍ ഇതള്‍ പോലെ, 

നമ്മിലും പ്രണയം വിടര്‍ന്നു..

പൂന്തേനായ്, ഇതളുകളിലൂറും  

തേനായ് , നമ്മില്‍ ഇഷ്ടം മധുരിച്ചു..

പൂവിന്റെ, നറു ഗന്ധം.. തൂകി.., 

നമ്മിലെ സ്നേഹം ഇന്നോളം ..

പൂ നമ്മള്‍, പൂക്കാലവും നമ്മള്‍, 

വാടാതിരിക്കട്ടെ നമ്മള്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം ഈ മണ്ണില്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം… ഈ… മണ്ണില്‍

Thursday, June 8, 2017

അരുതേ - വീരാൻകുട്ടി

അരുതേ
എന്നു തൊട്ടാവാടി
കൈകൂപ്പി
നിശ്ശബ്ദം യാചിച്ചത്
ഈ ഭൂമിക്കു മുഴുവനും വേണ്ടി യായിരുന്നു എന്ന് ഓര്‍ത്തിരുന്നുവോ
പിഴുതുകളയുമ്പോൾ..

അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.

ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരു ക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും

നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും

എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?

എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും

അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..