Friday, April 21, 2017

ഗ്രീഷ്മവും കണ്ണീരും - എ അയ്യപ്പന്‍

ഒരിക്കൽ നാനാവർണ
ജീവിതപ്രവാഹത്തി-
ന്നൊഴുക്കിൽ പ്രിയപ്പെട്ട
സ്വപ്നമേ നീയും പോകെ

വെറുതെ
വെറുമൊരു
വേദനയോടെ കൈയിൽ
ഉണങ്ങിക്കരിഞ്ഞൊരു
പൂവുമായ്‌ നിൽപ്പൂ ഗ്രീഷ്മം.

വേനലും
കാറ്റും
ഊറ്റിക്കുടിച്ച സൗന്ദര്യത്തിൻ
വേപഥുവിനെ വാങ്ങാ-
നെല്ലാരും മടിക്കവെ

പതുക്കെ കൈകൾ നീട്ടിയാ
പൂവു വാങ്ങി ഞാൻ നിത്യ-
സ്മൃതിക്കു ചൂടി
ഭൂതകാലത്തെ രമിപ്പിക്കെ

മണ്ണിലെ ദു:ഖത്തിന്റെ
മൺകുടിൽമുറ്റത്തിന്റെ
കണ്ണുനീർ പുഷ്പത്തിനെ
നുള്ളിക്കൊണ്ടാരോ പോയി.

കാതോര്‍ക്കല്‍ - പ്രഭാവര്‍മ്മ

എത്രയുറക്കെ ഞാന്‍ പാടുകിലാണു നിന്‍
ചിത്തത്തിലെന്നൊച്ച നീര്‍ത്തുള്ളിയെന്നപോല്‍
വന്നുതിരുന്നതറിഞ്ഞീല,യെങ്കിലും
നിത്യവും പാടിനേന്‍ നിന്‍ പുകള്‍പ്പാട്ടുകള്‍!

കേള്‍പ്പതുണ്ടേതേതു ദിക്കിലുമെന്നോര്‍ത്തു
പാടിനേന്‍ പിന്നെയും  പിന്നെയും.,വൃക്ഷങ്ങള്‍
നീളെത്തലയാട്ടി നില്‍ക്കവേ.,കേള്‍പ്പതി-
ല്ലാരാരുമെന്നു നിനയ്ക്കുന്നതെങ്ങനെ?

താളമിട്ടോടിയെത്തീടുന്നു കായലില്‍
നീളവേയൊന്നിനൊന്നെന്നപോലോളങ്ങള്‍.,
അങ്ങിങ്ങു വെണ്‍മണല്‍ത്തട്ടില്‍ കളങ്ങളൊ-
ന്നൊന്നായ് വരച്ചുമായ്ക്കുന്നു തൈക്കാറ്റുകള്‍!

എങ്ങെങ്ങു കാതോര്‍ക്കിലും കേള്‍പ്പതുണ്ടാവു-
മങ്ങങ്ങു പല്ലവിയൊത്തനുപല്ലവി
പല്ലവിയില്ലാതെയുണ്ടാവതെങ്ങനു-
പല്ലവി.,കേള്‍പ്പതുണ്ടാവണം സര്‍വരും.

എങ്കിലും കേള്‍ക്കുന്നതില്ല നീ മാത്രമെ-
ന്നല്ലീ പറവു പ്രപഞ്ചവും കാലവും
ഇല്ല കേള്‍ക്കാന്‍ നിന്‍ മനസെങ്കിലെന്തിനായ്
ഇന്നെന്‍ പദങ്ങള്‍.,ജതിക,ളീണങ്ങളും

അങ്ങനെ പിന്നെയും പിന്നെയുമാവോള-
മുച്ചത്തിലാലപിക്കുന്നു ഞാന്‍.,എന്‍ പാട്ടി-
ലിപ്പോള്‍ മുഴങ്ങുന്നതുണ്ടിടിനാദങ്ങ-
ളുഗ്രഭൂകമ്പങ്ങള്‍.,ഗോളത്തകര്‍ച്ചകള്‍!

ശബ്ദമിരമ്പി,യതിന്‍റെയുച്ചത്തിലേ-
ക്കുജ്വല വിസ്ഫോടമായിവന്നെത്തുന്നു.
കേള്‍ക്കാവതിന്‍റെയധിത്യക!അപ്പുറം
കേള്‍ക്കവയ്യാത്തതാം നിശ്ശൂന്യമൂകത!