Saturday, April 2, 2016

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?


പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.


മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...

5 comments:

  1. When I read the poem I wish I were young again. I COULD enjoy the ineffable beauty of this love poem.The poem is very rich with pretty images.Looking forward to hearing more lyrics.All the best to the writer.

    ReplyDelete
  2. Appreciation of each poem is always welcomed

    ReplyDelete
  3. Appreciation of each poem is always welcomed

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....