Thursday, March 29, 2018

കാക്കകൾ - സച്ചിദാനന്ദന്‍

ഒന്ന്

കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍ കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '

രണ്ട്

വലുതായതോടെ കാക്കകള്‍ക്ക്‌
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍പ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്ക്‌ നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്ന്നു വന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു തവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '

മൂന്ന്

താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.

നാല്

ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പിള്ല്നില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !

( 1984 )

പൂര്‍ണ്ണം - സച്ചിദാനന്ദന്‍

പൂര്‍ണ്ണമാക്കരുതൊരു
  ചുവരും, വിടവുകള്‍
വേണമേയുറുമ്പിനും
  പാറ്റയ്ക്കും ചിതലിനും.

പൂര്‍ണ്ണമാക്കരുതൊരു
  കതകും, കടക്കണം
ഗൌളികള്‍, കിളികളും
  പൂക്കള്‍ തന്‍ മണങ്ങളും.

പൂര്‍ണ്ണമാക്കല്ലേ ജനല്‍,
  മറുപാളിയില്‍ പേറ്റു-
നോവുമായ് തള്ളപ്പൂച്ച-
  യെത്തട്ടേ മഴയ്ക്കൊപ്പം.

പൂര്‍ണ്ണമാക്കല്ലേ വീടിന്‍
  മേല്‍ക്കൂര, കടന്നോട്ടെ
പാവമാക്കള്ളന്‍, കുഞ്ഞിന്‍
  വിശപ്പാല്‍ മെലിഞ്ഞവന്‍.

പൂര്‍ണ്ണമായ് കൊടുക്കല്ലേ
  ഹൃദയം, വരാമൊരാള്‍
നാളെ, നീയറിയാത്ത
  സ്നേഹത്തിന്‍ ചൂടും പേറി.

പൂര്‍ണ്ണമാക്കല്ലേ കാവ്യം,
  വായനക്കാരിയ്ക്കിടം
വേണമേ സ്വകല്‍പ്പന-
  യ്ക്കൊത്തതു മുഴുമിക്കാന്‍.

പൂര്‍ണ്ണമല്ലൊരു പൂവും
  പുഴയും കുരുവിയും
ചേര്‍ത്തിടാമൊരിതള്‍,
  ഒരല്‍പ്പം നീര്‍, ഒരു തൂവല്‍.

പൂര്‍ണ്ണത്തില്‍ പൂര്‍ണ്ണം ചേര്‍ക്കാ-
  മെങ്കിലതപൂര്‍ണ്ണമേ;
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
  പോകിലുമതപൂര്‍ണ്ണം.
ഈയപൂര്‍ണ്ണതയിലേ
  മര്‍ത്ത്യനുമിടം ഗുരോ,
പൂര്‍ണ്ണനല്ലങ്ങെന്നിന്നു
  വെളിപാടെനിക്കുണ്ടായ്.

Thursday, March 22, 2018

കടല്‍ പോലൊരു രാത്രി - സുഗതകുമാരി


കടല്‍പോലൊരു രാത്രി,
തേങ്ങലും തിരക്കോളു-
മിടിവെട്ടുംപോല്‍ പൊട്ടി-
യടങ്ങും കരച്ചിലും
പിടയും നെഞ്ഞും,നെഞ്ഞി-
ന്നടിയാഴത്തില്‍ തീയും
കടല്‍ പോലൊരു രാത്രി,
ഞാന്‍ കടന്നൊരാ രാത്രി....
മഴ പോലൊരു രാത്രി,
പെയ്തുപെയ്തിരുണ്ടാകെ-
ക്കുഴഞ്ഞു ചെളികെട്ടി-
ത്തണുത്തു വിറങ്ങലി-
ച്ചൊഴുകാനാകാതിറ്റുവീണു
വീണൊലിക്കുന്ന
മഴ പോലൊരു രാത്രി,
ഞാന്‍ നനഞ്ഞൊരാ രാത്രി....
മൃതി പോലൊരു രാത്രി,
മൂകമായ് ,പ്രേമം കെട്ട
മിഴി പൂട്ടിയ നീണ്ട കിടപ്പായ്,
തണുപ്പിച്ച
വിരലായ്,കല്ലിച്ചോരു മനസ്സായ്,
നിശ്ചേഷ്ടമായ്
മൃതി പോലൊരു രാത്രി,
ഞാന്‍ വിളി കേള്‍ക്കാ രാത്രി....
പുലരി വരുംപോലും നാളെയും!
കാല്‍ത്തണ്ടതന്‍
ചിരി ചിന്നിച്ചും കൊണ്ടു
തിടുക്കില്‍ നടന്നെന്‍റെ-
യഴിവാതില്‍ക്കല്‍ ബാലസൂര്യന്‍റെ
കൈയും പിടി-
ച്ചവളെത്തുമ്പോള്‍,
വാതില്‍ തുറക്കാന്‍ എനിക്കാമോ?

ഉണ്ടായിരുന്നുവോ നമ്മള്‍? - വിജയലക്ഷ്മി


ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?

Monday, March 19, 2018

പ്രതിഷ്ഠ - സാവിത്രി രാജീവൻ

അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണു ഞാൻ.

ശ്വസിക്കുന്നതിനാൽ നടക്കുകയും
നടക്കുന്നതിനാൽ കിടക്കുകയും ചെയ്യുന്ന
പാചകങ്ങൾക്കൊപ്പം വാചകങ്ങൾ വിളമ്പുന്ന
സങ്കീർണത ഒട്ടുമില്ലാത്ത ഒരുപകരണം.

എന്റെ കുട്ടികൾക്ക്
ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.

ചിലപ്പോൾ കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടി.

ചെറിയവർക്ക്
വലിയവന്റെ യജമാനൻമാരാകാമെന്ന് തേനീച്ചയുടെയും ഉറുമ്പിന്റെയും പാoത്തിലൂടെ
ഞാനവരെ പഠിപ്പിച്ചിരുന്നു.
അതിനാൽ എന്റെ കല്പനകളോട്
അവർ പ്രതികരിക്കാറില്ല.

ഇഷ്ടപ്പെട്ട കളിപ്പാവയോടെന്ന പോലെ
അവർ എന്നോട് കല്പിക്കുന്നു.
എളുപ്പത്തിൽ പാഞ്ഞുകയറാവുന്ന
ഒരൊറ്റക്കൽമണ്ഡപം പോലെ
ആലാപനത്തിനും വിലാപത്തിനും പറ്റുന്ന
ഈ ചെറുഭൂമിയിലേക്ക്
അവർ കുതിച്ചു ചാടുന്നു.

അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കു വന്ന ഒരു വീട്ടുപകരണമാണു ഞാൻ.
സമാഹരിക്കാത്ത പത്തിലേറെ കല്പനകൾ
തലയ്ക്കു മുകളിൽ തൂങ്ങുന്നത്
ഞാൻ നിത്യവും കാണാറുണ്ട്.
അയൽക്കാരന്റെ നോട്ടങ്ങളിൽ,
അയൽക്കാരിയുടെ ചിരി കളിൽ,
പത്രവാർത്തയിൽ ,പാഠപുസ്തകത്തിൽ
പതയുന്ന പരസ്യങ്ങളിൽ,
എന്തിന്..
കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളിൽ പോലുമുണ്ട്,
എനിക്കുള്ള കല്പനകളിൽ ചിലത്.
മൃഗശാലയിലെ വന്യ ജീവികളോടെന്ന പോലെ,
കാഴ്ചക്കാരും കാവൽക്കാരുമായി വരുന്നവർ
അഴികൾക്കു പിന്നിൽ നിന്ന്
എന്നോടു കല്പിക്കുന്നു. കമ്പിയിലാടുന്ന കിളികളെയോ
മൃഗങ്ങളെയോ പോലെ
എന്റെ ചെയ്തികൾ
അവരെ രസിപ്പിക്കുന്നു.
ചിലപ്പോൾ
കാർകൂന്തലിൽ തുളസിക്കതിർ ചൂടി,
നെറ്റിയിൽ ചന്ദനം ചാർത്തിയ,
ഒരു ദേവതയാണു ഞാൻ.
ചിലപ്പോൾ
കൃഷ്ണന്റെ വ്രീളാവിവശയായ കാമുകി.
അല്ലെങ്കിൽ
ദൈവപുത്രന്റെ അമ്മ.
കാവ്യങ്ങളിൽ ,
കാറ്റിലാടുന്ന വിശുദ്ധി വഴിയുന്ന വെള്ളത്താമര.
കീർത്തനങ്ങളിൽ
ദാരിക ശിരസ്സേന്തിയ രക്തചാമുണ്ഡി.
പക്ഷേ ,എനിക്കറിയാം
കോവിലും പ്രതിഷ്ഠയുമായിത്തീർന്ന
ഒരു വീട്ടുപകരണമാണു ഞാൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണം.

Tuesday, March 13, 2018

കണക്ക് - പവിത്രൻ തീക്കുനി


ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാകുന്നു.
അസമവാക്യങ്ങളുടെ
ഗ്രാഫുകൾ മാത്രം
അടയാളപ്പെടുത്തുന്ന അച്ഛൻ.
ഹരിച്ചും ഗുണിച്ചും
ശരീരവും മിഴിനീരും
ഒരുപോലെ വറ്റിപ്പോയ അമ്മ.
ചെറുതിൽ നിന്നും വലുത്
എപ്പോഴും
കിഴിച്ചുകൊണ്ടിരിക്കുന്ന അനിയൻ.
സൂത്രവാക്യങ്ങളുടെ
സങ്കീർണതകളിൽ
എന്നേ , തൂങ്ങിച്ചത്തപെങ്ങൾ
ഭിന്ന സംഖ്യകളെ
ദശാംശ സംഖ്യകളാക്കിയും
ദശാംശങ്ങളെ ഭിന്ന സംഖ്യകളാക്കിയും
ദുഃഖിക്കുന്ന ഇളയമ്മ.
പലിശയും കൂട്ടുപലിശയും
കൂട്ടിക്കൂട്ടി ആയുസ്സ്
നീട്ടുന്ന മുത്തച്ഛൻ .
"ഉ.സാ.ഘ"യും"ല.സാ.ഗു "വും
ചൂണ്ടിക്കാണിച്ച്
വൃത്തങ്ങളേയും ത്രികോണങ്ങളേയും
കുറ്റം പറയുന്ന മുത്തശ്ശി .
ചരങ്ങളിൽ നിന്നും
നെഗറ്റീവ് സംഖ്യകളിൽ നിന്നും
ബുദ്ധി തിരിച്ചു കിട്ടാത്ത
ആത്മ സുഹൃത്ത് .
പ്രണയത്തിന്റെ
നീളവും വീതിയും മനസ്സിലായിട്ടും
വിസ്തീർണം
തിരിച്ചറിയാത്ത കളിക്കൂട്ടുകാരി.
ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാവുന്നു.

Monday, March 12, 2018

ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം - കുഴൂർ വിത്സൻ

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരെയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടുംകേട്ട്‌
ദേവസ്സിക്കുട്ടി വെള്ള പൂശുകയാണു
സെമിത്തേരിയുടെ മതിലിനു.

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരെയും കയറ്റുകില്ല
എന്നമർത്തി പാടി ദേവസ്സിക്കുട്ടി.

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്‌
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്‌
വെള്ളയടിച്ചു.

ഇല്ല ഞാനാരെയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു.

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായി ദേവസ്സിക്കുട്ടി.

കുട്ടികൾക്ക്‌ അയാൾ
കാഴ്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക്‌ വട്ടം ചുറ്റി.

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി.

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ.

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്‌
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്‌
അപ്പോൾ
ദേവസ്സിക്കുട്ടിക്ക്‌ വട്ടായി.

അല്ല.
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്‌
എടുത്ത്‌ കൊണ്ടു പോയത്‌?

പെണ്ണടയാളം - വി ടി ജയദേവൻ

എത്രയടിച്ചു തൂത്താലും
എവിടെയോ
ഒരിത്തിരി കണ്‍മഷിക്കറ.

ചാന്തുപൊട്ടോ ചന്ദനക്കുറിയോ
വീണതിന്റെ ചോപ്പ്.

ഭൂമിക്കടിയിലെ ഒഴുക്കുപോലെ
ഒച്ചയില്ലാണ്ടൊരു മൂളിപ്പാട്ട്.

പെറുക്കാന്‍ചെന്ന വിരലുകള്‍ക്ക്
പിടികൊടുക്കാതെ
വാതിലിടുക്കിലോ
കണ്ണാടിമറയത്തോ ഒളിച്ചുനിന്ന
പൊട്ടിയ മാലയിലെ മണിമുത്ത്.

ഒരു വളപ്പൊട്ട്,
ഒരു പ്രാര്‍ഥന
പ്രാവിന്‍ നെഞ്ചിന്റെ മിടിപ്പുപോലെ
അകാരണമായ ഒരു വിഹ്വലത.

ഒറ്റയ്ക്കടുക്കളയില്‍
തിളവെള്ളത്തിലേയ്ക്കരിയളക്കുമ്പോള്‍
ഒരു പോങ്ങ കൂടി
വരാനൊട്ടും സാധ്യതയില്ലാത്ത
ഒരതിഥിയെ പ്രതി
അധികമിടാനുള്ള വ്യഗ്രത,
ഒക്കെയും വേവിച്ചുമാറ്റിയിട്ടും
ഒരുപ്പേരികൂടി,
ഒരു ചമ്മന്തി,
ഒരു പപ്പടംകൂടി
എന്ന തീരാത്ത ആവിഷ്‌കരണ കൗതുകം...

അത്രയെളുപ്പത്തില്‍ മാഞ്ഞു പോവില്ല
അകത്തും പുറത്തും
ഒരു പെണ്ണിരുന്നതിന്റെ
അടയാളങ്ങള്‍.

മറന്നുവെച്ച വസ്തുക്കൾ - സച്ചിദാനന്ദൻ

ഇത്രകാലം മറന്നുവെച്ചതെല്ലാം
ഇപ്പോൾ പെട്ടെന്ന് ഓർമവരുന്നു:

ഉപ്പുവെച്ചു കളിക്കുമ്പോൾ മാഞ്ചുവട്ടിൽ
ഉണക്കിലകൾക്കടിയിൽ മറന്നുവെച്ച പത്തുപ്പ്
ഭയന്ന മഴ വരാതിരുന്ന ഒരു ദിവസം
അപ്പുവിന്‍റെ കടയിൽ മറന്നുവെച്ച കുട
പരീക്ഷ കഴിഞ്ഞു വരുംവഴി പറങ്കിമാവിൽ കയറിയപ്പോൾ
ട്രൌസർകീശയിൽ നിന്ന് താഴെ വീണുപോയ പേന
റീഗയിലെ ഹോട്ടൽമുറിയുടെ വാർഡ്റോബിൽ
മറന്നിട്ട നീലഷർട്ട്
പിന്നെ വായിക്കാൻ കൊടുത്ത് തിരിച്ചുകിട്ടാതിരുന്ന
പുസ്തകങ്ങളുടെ നീണ്ട പട്ടിക
വീട്ടാൻ മറന്ന ചില കടങ്ങൾ
തിരിച്ചു കൊടുക്കാൻ മറന്ന ചില സ്നേഹങ്ങൾ.
മറവി എന്നും മറക്കാതെ കൂടെയുണ്ടായിരുന്നു

പ്രേമിക്കാൻ തുടങ്ങിയപ്പോൾ
ഹൃദയം മറന്നുവെക്കാൻ തുടങ്ങി
എഴുതാൻ തുടങ്ങിയപ്പോൾ
ഉപമകളും രൂപകങ്ങളും.

പിന്നെ കുന്നുകൾ കാണുമ്പോൾ
ആകാശം മറന്നുവെച്ചതാണവയെന്ന് തോന്നിത്തുടങ്ങി,
മഴവില്ല് മേഘങ്ങൾ മറന്നുവച്ചതെന്നും.
ഇപ്പോൾ തോന്നുന്നു
ഈ ഭൂമിതന്നെ ദൈവം മറന്നുവെച്ചതാണെന്ന്,
അതിൽ നമ്മളെയും.

ഓർമ വരുന്നതനുസരിച്ച്
അവൻ തിരിച്ചെടുക്കുന്നു,
പുഴകളെ,
കാടുകളെ,
നമ്മളെയും.