Thursday, October 28, 2021

മതിലുകൾ - കൽപ്പറ്റ നാരായണൻ

 ഞാനും ഗാന്ധിയും

രക്തസാക്ഷികളായത് ഇന്നാണ്
ആഘോഷിക്കണ്ടേ, അവൾ ചോദിച്ചു.
ഒരു ജനവരി മുപ്പതിനായിരുന്നു
ഞങ്ങളുടെ വിവാഹം.
ഗാന്ധിക്ക് ചുമതല കൂടുകയാണ്
ഇനി നിങ്ങളുടെ വിവാഹ വാർഷികവും ഓർമിക്കണം
അന്നാരോ ആശംസിച്ചു. 

ആ വെളിച്ചം അണഞ്ഞൂ അന്ന്
കാമുകനും കാമുകിയും കളി മതിയാക്കി
വീട്ടിൽക്കയറീ അന്ന്
ഇടി വെട്ടീടും വണ്ണം സാക്ഷയും വീണു.
രണ്ടു പേരെ കുറിച്ചുള്ള ആധിയെങ്കിലും മാറി
ലോകവും സന്തോഷിച്ചു.
മതിലിന്റെ ഇരുവശത്തും നിന്നുള്ള
അന്ധമായ സല്ലാപം അന്നു തീർന്നു.
ഭുവനത്തിലെ
എല്ലാ പനിനീർ ചെടികളുമായിരുന്ന
ഒരു പനീർക്കമ്പ്
സൂക്ഷിച്ചില്ലെങ്കിൽ
ഉള്ളം കയ്യിൽ കത്തിക്കയറുന്ന
ഒരു വെറും മുൾക്കമ്പായി അന്ന് .
ഷൂട്ടിങ് കഴിഞ്ഞ്
ആരോ ആ മതിൽ ഉന്തിക്കൊണ്ടുപോയി . 

രണ്ടിടത്തായിരുന്നപ്പോൾ
നന്നായി പ്രകാശിച്ചിരുന്ന രണ്ടു നക്ഷത്രങ്ങൾ
അന്ന് ഒന്നായി.
ഒന്നും ഒന്നും ഒന്നായപ്പോൾ
ഇമ്മിണി ചെറിയ ഒന്നായി

 --------------------------

Wednesday, October 13, 2021

കാക്കകൾ - എസ് ജോസഫ്

1
 

വെളുപ്പിനെ
വാകമരച്ചോട്ടില്‍നിന്ന്
രണ്ട് കാക്കകള്‍
ചുള്ളിക്കമ്പുകൾ പെറുക്കുകയാണ്
ബലം നോക്കി
ഓരോന്നെടുത്ത് പറന്ന്
ആ മരത്തിലെ കൂട്ടില്‍ 
വച്ചുറപ്പിക്കുകയാണ്

 
2

 
ഇത് കാക്കകള്‍ ഇണചേരുകയും
കൂടുകൂട്ടുകയും
ചെയ്യുന്ന കാലം
കാമം പോലെ കടുത്ത വേനല്‍
രാവെളുക്കുവോളം മഞ്ഞും 
മാടിവിളിക്കുന്നു ഉള്‍പ്രദേശങ്ങള്‍,ചതുപ്പുകള്‍,
കുറ്റിക്കാടുകള്‍
ചെറുജീവികളും ചെറുഒച്ചകളും 

 3

ഈ നാട്ടില്‍ത്തന്നെ എത്ര കാക്കക്കൂടുകളാണ്!
പെന്‍സില്‍കൊണ്ട് കുത്തിവരച്ചതുപോലെ
എട്ടുപത്തെണ്ണം എണ്ണി 
ആ കൂടുകളെ
കുയില്‍ കൂക്കുകള്‍ ചുറ്റുന്നുണ്ടോ?
പാമ്പുകള്‍ മരങ്ങളില്‍ പിണഞ്ഞുകേറി
മുട്ടകള്‍
എടുക്കുന്നുണ്ടോ?
ചാറ്റമഴകള്‍ പാതിരാ മയക്കങ്ങള്‍ക്കുമീതെ
തൂളിപ്പോകുന്നു
എല്ലാ മഴകളും കൂടിയാല്‍ ഒരു വലിയമഴയാകും
എല്ലാ വേനലും ചേര്‍ന്നാല്‍ ഒരു തീച്ചൂളയാകും
രണ്ടും കൂടിച്ചേരുന്നിടത്ത് കാച്ചിലിനും ചേനയ്ക്കും ഇഞ്ചിക്കുമൊക്കെ 
മുളപൊട്ടുന്നു

4

വല്ലാത്ത കാലം ഇത്
ഭൂമിയിൽ മുഴുകിയുള്ള ജീവിതം പഴങ്കഥയായി
ഭൂമിക്ക് മനുഷ്യരെ നഷ്ടപ്പെട്ടു
ദുഃഖിതനും ഏകാകിയും
കാമത്താലോ പ്രണയത്താലോ
കത്തിത്തീരുന്നവനുമായ ഞാന്‍ കാക്കകളെ
പിന്തുടര്‍ന്നു
അവ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കണ്ടു
കൂടണയാനായ് പറക്കാറുള്ള ആകാശങ്ങള്‍ ഓര്‍ത്തുവച്ചു
ആറ്റുമണലില്‍നിന്ന് കാക്കക്കുടങ്ങള്‍ പെറുക്കിയെടുത്തു
കാക്കത്തൂവലുകള്‍  കൂട്ടിവച്ചു
അവ ചേക്കേറുന്ന പ്രദേശങ്ങള്‍ തേടിനടന്നു
ഒരു കൊച്ചുകുട്ടി പാടുന്നതു കേട്ടു:
“കാക്കേ കാക്കേ കുഞ്ഞുണ്ടോ?”
ഞാന്‍ മടങ്ങുന്നു
ഇല്ലിക്കൂട്ടത്തിനിടയില്‍ എനിക്കൊരു
താവളമുണ്ട്
അവിടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്
തണുപ്പും ഞരളവള്ളികൊണ്ടുള്ള ഒരു ഊഞ്ഞാലും
ഇലകള്‍ വിരിച്ച ഒരു കിടക്കയും ഉണ്ടവിടെ
കൂമനും കുയിലും തലയില്‍ പൂവുള്ള
പാമ്പുമുണ്ടവിടെ
മിക്കവാറും ഞാന്‍ അവര്‍ക്കിടയില്‍ കഴിയും
ഇടയ്ക്കിടയ്ക്ക് മനുഷ്യവേഷംകെട്ടി
പുറത്തിറങ്ങും

( മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന്)

പന്നി(ഒരു ഫെമിനിസ്റ്റിന് ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

നീ എന്നെ
ആണ്‍ പന്നി എന്ന് വിളിച്ചു
നന്ദി.

ആണ്‍പന്നി 
അന്യന്റെ അമ്മയ്ക്കും 
പെങ്ങള്‍ക്കും 
ഭാര്യക്കും മക്കള്‍ക്കും 
ലൈംഗീക സ്വാതന്ത്ര്യം 
പ്രഖ്യാപിക്കാറില്ല.

ആണ്‍പന്നി 
അറിവിന്റെ കനി കാട്ടി 
വിദ്യാര്‍ഥിനികളെയും 
വിധവകളെയും 
വിവാഹമുക്തകളെയും 
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും 
വശീകരിക്കാറില്ല.

ആണ്‍പന്നി 
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍ 
ക്ഷമയോടെ കേട്ടിരുന്ന് 
അവളുടെ വിശ്വാസം നേടി
അവസാനം 
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.

പെണ്‍പന്നിയുടെ സാഹിത്യത്തിന് 
ആണ്‍പന്നി അവതാരിക 
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും 
പെണ്‍പന്നിയുടെ 
ജീവചരിത്രത്തിന്‍റെ പുറംചട്ടയില്‍ 
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.

സ്വാതന്ത്ര്യത്തിന്റെ 
സ്വര്‍ഗരാജ്യത്തിലേക്ക് 
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി എന്താറില്ല.

സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.

ആ മറവിയില്‍ നിന്ന് 
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍ 
പിറക്കുന്നു !

പിന്മടക്കം - കൽപ്പറ്റ നാരായണൻ

     ----------------
' ഹാ അയാളുടെ ഇടതുകരം
എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '
                               - ഉത്തമഗീതം

മധുവിധു അവസാനിച്ച ദിവസം
ഞാൻ വ്യക്തമായോർക്കുന്നു
തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്കുയർത്താനായില്ല
അവൾ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചു തുടങ്ങി. 

അന്ന് 
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവൾക്ക് കിട്ടിത്തുടങ്ങി
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ? 

ഉറക്കം പിടിക്കുമ്പോൾ
നീയെന്തിനാണ് വായ തുറക്കുന്നത്
ബാലൻസ് ചെയ്യാനോ?
നീ വളരുമ്പോൾ
അമ്മ പുറത്ത് നോക്കി നിൽക്കുകയായിരുന്നോ '? 

കുറ്റപ്പെടുത്തുമ്പോൾ
ഊർജസ്വലനാകുന്ന ചെകുത്താൻ
ജോലി തുടങ്ങിക്കഴിഞ്ഞു 

പറയണ്ടാ പറയണ്ടാ എന്ന് വെച്ചതായിരുന്നു
നിങ്ങളുടെ ചില മട്ടുകൾ എനിക്ക് പറ്റുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
ഇറക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നിറങ്ങിപ്പോകാൻ തോന്നുന്നു.
തുറന്നു പറയാനുള്ള തന്റേടം
അവൾ നേടിക്കഴിഞ്ഞു.
തിരയുന്നത് വേഗത്തിൽ കിട്ടാൻ തുടങ്ങി. 

നിനക്ക് തോർത്തിക്കിടന്നാലെന്താണ്
ഈറൻ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, 
ഞാനും വിട്ടില്ല.
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്തു കഴിഞ്ഞു. 

മധുവിധു തീർന്നു.
എത്തിച്ചേർന്ന
വിദൂരവും മനോഹരവുമായ ദിക്കുകളിൽ നിന്ന്
ഞങ്ങൾ മടങ്ങിത്തുടങ്ങി
ഇത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞുവോ?
വെറും ഇരുപത് ആഴ്ച്ചകൾ.
ദൈവം നിരാശയോടെ
വിരൽ മടക്കുന്ന ഒച്ച. 

ഇനിയുമുണ്ട്
രണ്ടായിരം ആഴ്ചകൾ
ഈ സാധുക്കൾ എന്തു ചെയ്യും?
                    --------------------

കൽപ്പറ്റ നാരായണൻ