സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത് തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------