Tuesday, October 28, 2025

പുസ്തകങ്ങൾ - എൻ വി കൃഷ്ണവാര്യർ

 


പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട്;

പുസ്തകങ്ങളിലാനന്ദമുണ്ട്;

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

1

പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട് !

നമ്മളേപ്പോലൊരുത്തനീ മണ്ണിൻ

ബന്ധനം വിട്ടുയർന്നതാം കാര്യം,

വെന്തെരിയുന്ന റോക്കറ്റിലേറി

ചന്ദ്രനിൽ ചെന്നിറങ്ങിയ കാര്യം,

ചാടിയോടിക്കളിച്ചു കൂത്താടി

 ചന്ദ്രപ്പാറ പെറുക്കിയ കാര്യം,

വാഹനമേറി വീണ്ടുമിങ്ങെത്തി

വാരിധിയിലിറങ്ങിയ കാര്യം,

ദൂരദർശനപ്പെട്ടിയിൽ നാട്ടാർ

ധീരതയിതു കണ്ടതാം കാര്യം:

പുസ്തകങ്ങളിലിമ്മട്ടിലെത്ര

വിസ്മയങ്ങൾ നിറഞ്ഞിരിക്കുന്നു!

2

പുസ്തകങ്ങളിൽപ്പിന്നെയെന്തുണ്ട്?

പുസ്തകങ്ങളിലാനന്ദമുണ്ട് !

 രാജപുത്രൻ കരബലത്താലേ

രാജപുത്രിയെ വേട്ടതാം കാര്യം,

 രണ്ടാമമ്മതന്നേഷണിമൂലം

 രണ്ടുപേരും വനം ചേർന്ന കാര്യം,

 ദുഷ്ടരാക്ഷസൻ സുന്ദരിയാളെ-

 ക്കട്ടു കോട്ടയിൽ പൂട്ടിയ കാര്യം,

 കാനനങ്ങളിൽ രാജകുമാരൻ

 കാന്തയേത്തേടി ക്ലേശിച്ച കാര്യം,

ശത്രുവെച്ചെന്നു നേരിട്ടു കൊന്നു

 പത്നിയെ വീണ്ടെടുത്തതാം കാര്യം:

പുസ്തകങ്ങളിലാനന്ദമേകു-

മെത്രയെത്ര കഥകളുണ്ടെന്നോ !

3

പുസ്തകങ്ങളിൽ വേറെയെന്തുണ്ട്?

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

ആദിമാബ്ധിജലത്തിലന്നെന്നോ

ജീവബിന്ദു നുരഞ്ഞതാം കാര്യം,

ഒന്നനേകമായ്, സൂക്ഷ്മം മഹത്തായ് -

പ്പിന്നെ ജീവൻ വളർന്നതാം കാര്യം,

ശ്ലിഷ്ടമാം പരിണാമസോപാന-

ത്തട്ടിൽ മേല്പോട്ടതേറിയ കാര്യം.

മർത്ത്യനിൽ സ്വയം ബോധത്തെ നേടി

സൃഷ്ടി സാഫല്യമാർന്നതാം കാര്യം,

ജ്ഞാനപൂർത്തിയിൽ ജീവിതസത്യം

മാനവൻ കാണുമെന്നുള്ള കാര്യം:

പുസ്തകങ്ങളിൽ സഞ്ചിതമത്രേ

മർത്ത്യവിജ്ഞാനസാരസർവസ്വം !

Wednesday, October 22, 2025

ആലപ്പുഴവെള്ളം - അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്


നിറമില്ലാത്തത്‌, ദൂരം,
സമതലങ്ങളിൽ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

 

കനാലുകൾ, ബോട്ട്ജെട്ടി

കല്ലി,രുമ്പു പാലങ്ങൾ,

കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.

-----------------------------