Saturday, September 30, 2017

കവിത -ജലീഷ ഉസ്മാൻ

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!

മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..

അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..

തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..

പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..

സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..

മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..

വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..

ബസ്സിലെ പിൻ സീറ്റിൽ
തലോട്ടി തകർക്കപ്പെടാതിരുന്നതിന്..

മരപ്പൊത്തിലെ
ചത്ത കിളി ആക്കാതിരുന്നതിന്..

ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..

പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..

എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്........!

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....