വേശ്യകളെ ഇഷ്ടമായത്
അവരുടെ സത്യസന്ധത കൊണ്ടാണ്.
അവൾ ഒരുവന്റെ കൂടെ ശയിക്കുമ്പോൾ
അവന്റെ കൂടെ മാത്രം ശയിക്കുന്നു.
പതിവ്രതാരത്നങ്ങളായ
കുലസ്ത്രീകൾ
മായാവിനികളാണ്.
കൂടുവിട്ടു കൂറുമാറുന്ന വിദ്യയിൽ
അഭിജ്ഞകളാണവർ.
ഭർത്താവിനൊപ്പം ശയിക്കുമ്പോൾ
ശരീരമുപേക്ഷിച്ച്
അവർ കാമുകന്റെ കരവലയത്തിലും
ചുംബനങ്ങളിലും പടർന്നു കയറുന്നു.
ഭർത്താവ് തനിക്കൊപ്പം ശയിക്കുമ്പോഴാകട്ടെ
അവർ അതേ മന്ത്രമുപയോഗിച്ച് കാമുകനെ
ഭർത്തൃദേഹത്തിൽ കുടിയിരുത്തുന്നു.
കുലവധുക്കൾ
അതീവ രഹസ്യമായി ചെയ്യുന്നതിന്റെ
ഏഴയലത്തുവരില്ല വേശ്യകൾ പരസ്യമായി ചെയ്യുന്നത്.
അവർ പൊതുവെ കള്ളം പറയാറില്ല
കൊടുക്കുന്ന പണത്തിനും
നിശ്ചയിക്കുന്ന സമയത്തിനും
പറയുന്ന പണിയെടുക്കുമവർ.
കുലനാരികൾ
നോമ്പും, ഏകാശിയും, ഷഷ്ഠിയും,
മുപ്പട്ടു വെള്ളിയും നോക്കുന്നത്
അവരുടെകൂടെ ഔദര്യത്തിലാണ്.
അധിനിവേശങ്ങളെയും നുഴഞ്ഞുകയറ്റങ്ങളെയും ഭയക്കാത്ത,
ശാന്തസുന്ദരരാത്രികൾക്കും വേശ്യകളോട് കടപ്പെട്ടിരിക്കണം.
അവൾ കടൽഭിത്തിയും
തണൽമരവും
മിന്നൽരക്ഷാചാലകവുമാകുന്നു.
വേശ്യകൾ ശരീരത്തിന്റെ നേർരേഖയിൽ ചരിക്കുന്നവർ.
ഇരുട്ടിനെയും ഉടൽതെളിച്ചത്താൽ പ്രകാശിപ്പിക്കുന്നവർ.
കുലസ്ത്രീകളോ
മനസ്സിന്റെ ഊടുവഴികളിൽ മറപറ്റി
നീങ്ങുന്നവർ
കണ്ണടച്ച് ഇരുട്ടു നിർമ്മിക്കുന്നവർ.
അഭിജാതകളുടെ ജീവിതം തുറന്ന പുസ്തകമാണ് .
രഹസ്യങ്ങളില്ലാത്ത ഒന്ന്
അവർ തുറന്നു വച്ചിരിക്കുന്ന
രണ്ടു പുറങ്ങളിൽ മാത്രം!
മറ്റു പുറങ്ങളിൽ കനത്ത ഇരുട്ടും
വർത്തുളതുരങ്കങ്ങളും
ആഭിചാരവുമാണ്.
വേശ്യകൾ അടഞ്ഞ പുസ്തകങ്ങളാണ്.
വില കൊടുത്തു വാങ്ങുന്ന ആർക്കും
ഏതു പുറവും
നേരഭേദമില്ലാതെ തുറന്നു നോക്കാം.
അതിലെ അക്ഷരങ്ങൾ
സ്വയം വിവസ്ത്രരായി വെളിപ്പെടുത്തുന്നവ.
മന്ത്രകോടിയുടെയും താലിച്ചരടിന്റെയും
മറവിൽ,
തിളങ്ങുന്ന സീമന്ത സിന്ദൂരത്തിനടിയിൽ,
ഒളിഞ്ഞിരിക്കുന്ന അസംതൃപ്തികൾ
ഒരുപുറത്തുമുണ്ടാവില്ല.
വേശ്യകൾ പ്രിയപ്പെട്ടവരായത്
അവർക്ക് അഭിനയമല്ല,
നയമാണുള്ളത്
എന്നതുകൊണ്ടുമാണ്.