ഞാൻ മരിക്കും നേരമോമനേ
നീ നിന്റെ
തൂവൽ കരമെൻ മിഴികൾ
മേൽ വെക്കുക!
ഞാൻ അറിയട്ടെ എൻ ചേതനയെ
ഇത്ര ചേതോഹരമായ് ' പരിണമിപ്പിച്ചതാം
ആ സ്പര്ശനത്തി -
ന്നതുല്യതയെ വീണ്ടും
ഞാൻ അറിയട്ടെ -
അന്നാ നിമിഷത്തിലും !
ഞാനൊരു നിദ്രയിൽ
കാത്തു നിൽക്കാം സഖീ'
നീയിങ്ങു ഭൂമിയിൽ
തന്നെ ജീവിക്കുക!
നാം കരം കോർത്തു
നുകർന്ന കാറ്റിൻസ്വനം
നീ വീണ്ടുമൊറ്റയ്ക്ക്
കേട്ടു നിന്നീടുക!
നാമൊരുമിച്ച
സമുദ്രസായന്തന -
തീരങ്ങളിൽ സഖീ
നീ തനിച്ചാവുക!
നാമൊരുമിച്ചു നടന്ന മ
ണലിലൂടോമനേ നീയേക
വീണ്ടും നടക്കുക!
ഞാൻ മരിച്ചാലും-
കൊതിക്കുന്നു ഞാൻ -
എന്റെസ്നേഹമേ നീ
ചിരമിങ്ങു ജീവിക്കുക!
ഞാൻ പ്രണയിച്ചവൾ!
ഞാനെൻ കവിതയിൽ
ജീവന്റെ ജീവനായ് എന്നും
നിറച്ചവൾ
ഞാൻ മരിച്ചാലും -
കൊതിച്ചുപോകുന്നു -
നീയീ മണ്ണിലെന്നുമേ
പൂക്കൾ വിടർത്തുക!
പൂക്കളാൽ എന്നുമലംകൃതയാവുക!
എന്റെയീ സ്നേഹം നിനക്ക് നല്കുന്നതാം
ഉന്നതസീമയെ
പ്രാപിച്ചിടും വിധം!
നിന്റെ കാർ കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു
പറന്നു പാടും വിധം!
എന്റെ ഗാനത്തിൻ
പ്രചോദനമായ് നിന്നെ -
യന്നുമീ ലോകം
പ്രകീർത്തിച്ചിടും വിധം!
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Friday, November 24, 2017
ഞാൻ മരിക്കും നേരം - പാബ്ലോ നെരൂദ
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....