Monday, June 25, 2018

പ്രതിച്ഛായകള്‍ - സച്ചിദാനന്ദന്‍

കടന്നു പോകുന്നവര്‍

പതുക്കെപ്പതുക്കെ
അവര്‍ കടന്നു പോകുന്നു
നമ്മെ മുലയൂട്ടി ഉറക്കിയവര്‍,
പണിയെടുത്തു പഠിപ്പിച്ചവര്‍,
ശാസിച്ചവര്‍, ശിക്ഷിച്ചവര്‍,
ആദരിച്ചവര്‍, അസൂയപ്പെട്ടവര്‍,
ആശ്ലേഷിച്ചവര്‍, ആഗ്രഹിച്ചവര്‍,
നാം മരിക്കാന്‍ പ്രാര്‍ഥിച്ചവര്‍,
ഒന്നൊഴിയാതെ,
പതുക്കെപ്പതുക്കെ.

പതുക്കെപ്പതുക്കെ
നമ്മുടെ ഒരംശവും അവര്‍ക്കൊപ്പം പോകുന്നു,
ഒരു ചെറിയ അംശം, അല്‍പ്പം ശ്വാസം,
അഥവാ അല്‍പ്പം രക്തം,
പൂമ്പൊടിയുടെ ഒരു ശകലം.

കയറിയതെല്ലാം നാം ഇറങ്ങുന്നു,
ഇറങ്ങിയതെല്ലാം നടക്കുന്നു,
നടക്കുന്നതെല്ലാം വീഴുന്നു,
ഇലകളെപ്പോലെ, കമിഴ്ന്ന്,
ഭൂമിയോടു പറ്റിച്ചേര്‍ന്ന്.

കാറ്റ് നമുക്കു മീതേ വീശുന്നു,
കടന്നു പോയവരുടെ ഓര്‍മ്മകള്‍
കുരുമുളകിന്റെയും കായത്തിന്റെയും
കാട്ടുമുല്ലയുടെയും ഗന്ധങ്ങളുമായി
നമ്മെ പൊതിയുന്നു .
പതുക്കെപ്പതുക്കെ നമുക്ക് ജീവന്‍ വയ്ക്കുന്നു,
ചില പ്രതിമകള്‍ക്ക് പാതിരാത്രി
ജീവന്‍ വയ്ക്കും പോലെ, അവ
പ്രാചീനകാലത്തിലൂടെ ഉലാത്തുംപോലെ,
ശ്ലോകങ്ങളിലൂടെ ആ പഴയ ജീവിതം
വരി വരിയായി ഓര്‍ത്തെടുക്കുംപോലെ.

പുഴ പാടിക്കൊണ്ടിരിക്കുന്നു
മരിക്കാത്തവരുടെ ആദിമമായ പാട്ട്
അത് തീരങ്ങളെ മുറിച്ചു കടന്നു പോകുന്നു,
അതിരില്ലാത്ത കാലം പോലെ ,
അശരീരിയായി, പതുക്കെപ്പതുക്കെ.

ഒരു ദുഃഖം

ഒരു ദുഃഖം നായ്ക്കുട്ടിയെപ്പോലെ
എന്റെ കാലടി മണത്തു നോക്കുന്നു
ഇയാള്‍ തനിക്കു പറ്റിയവനല്ലെന്നു കണ്ട്
അയല്‍വക്കത്തേയ്ക്ക് വാലാട്ടി ഓടിപ്പോകുന്നു.

ഒരു കുര. ഒരു കരച്ചില്‍.

ഒരാഹ്ലാദം പൂച്ചക്കുട്ടിയെപ്പോലെ
എന്റെ കവിളില്‍ മുട്ടിയുരുമ്മുന്നു
മറ്റൊരു ദുഃഖം ഇഴഞ്ഞു വന്ന്
എന്നെ ചുറ്റി വരിയും വരെ.

അപ്പോള്‍ പെട്ടെന്ന്

മരിച്ചു പോയവര്‍ക്കിടയില്‍
ഞാന്‍ എന്നെ കണ്ടു, മഴയത്ത്
കുട കൊണ്ട് മുഖം മറച്ച്
കറുത്ത നീണ്ട ഉടുപ്പില്‍ മൂടി
ഒരു സായാഹ്നനിഴലിനെപ്പോലെ.

എനിക്കൊരു പാട്ടു പാടണമെന്നുണ്ടായിരുന്നു,
കുതിരകളെയും കൊക്കുകളെയും
കപ്പലുകളെയും കുറിച്ചുള്ള
വിചിത്രമായ ഒരു പാട്ട്,
പൂ, പക്ഷി, പുലരി, പ്രണയം-
ഒന്നുമില്ലാത്ത ഒരു വെറുംപാട്ട്

പക്ഷെ എന്റെ ചുണ്ടുകള്‍
കൂട്ടിത്തുന്നിയിരുന്നു
കാതുകളില്‍ മണ്ണു നിറഞ്ഞിരുന്നു

അപ്പോള്‍ പെട്ടെന്ന് സൂര്യനുദിച്ചു

ചിലത് നാം എടുക്കുന്നു

ചിലത് നാമെടുക്കുന്നു
ചിലത് നാം കൊടുക്കുന്നു
ഏതായിരുന്നു കൂടുതലെന്ന്
മരണം കണക്കു കൂട്ടുന്നു.

സ്വര്‍ഗം നുണയാണ്,
പക്ഷെ നരകം തീര്‍ച്ചയായും ഉണ്ട്.

അപ്പപ്പോള്‍

അപ്പപ്പോള്‍ നടക്കുന്നതാണ്
എല്ലായ്പ്പോഴും നടക്കുന്നത്
കാലത്തിനു നമ്മില്‍ പ്രവേശിക്കാന്‍
ഈ നിമിഷമല്ലാതെ
കതകുകളില്ല
വാല്മീകിക്ക് അതറിയാമായിരുന്നു,
വ്യാസനും ഹോമറിനും,
ദാന്തേയ്ക്കു പോലും.

പക്ഷെ നാം അത് മറന്നു പോയി,
അത് കൊണ്ട് അനന്തത
പുറത്താണെന്ന് നാം കരുതുന്നു,
അനശ്വരത ജീവിതത്തിന്നു ശേഷമാണെന്നും.

ചരിത്രത്തെ നമുക്ക് കണ്ടില്ലെന്നു നടിക്കാം,
പക്ഷെ ചരിത്രം നമ്മെ കണ്ടില്ലെന്നു നടിക്കില്ല

അതുകൊണ്ട് നമുക്ക് ഇപ്പോള്‍ പെയ്യുന്ന
ഈ മഴയെക്കുറിച്ചു പറയാം
ഇപ്പോള്‍ വിരിയുന്ന ഈ പൂവിനെക്കുറിച്ച്
ഇപ്പോള്‍ തുറക്കുന്ന ഈ കണ്ണിനെക്കുറിച്ച്
ഇപ്പോള്‍ ചൊരിയുന്ന ഈ ചോരയെക്കുറിച്ച്.

കത്തി

അത് കുത്തി നിറുത്തിയിരിക്കയാണ്
മണ്ണില്‍ മരത്തില്‍ നെഞ്ചില്‍
അതുണ്ടാക്കിയവന്‍ അതു
കാണുന്നതേയില്ല
ഉണ്ടാക്കിയതോടെ
അവന്റെ ജോലി കഴിഞ്ഞു

ഭാഷാപഠനം

എനിക്ക് ഭാഷകള്‍ പഠിക്കണമെന്നുണ്ട്,
സന്താളി, ബലൂചി, കാറ്റലാന്‍, സ്ലോവീനിയന്‍.
ഇവയിലെല്ലാം നമുക്ക്
‘സ്നേഹിക്കൂ’ എന്ന് പറയാം
അല്ലെങ്കില്‍ ‘കൊല്ലൂ’ എന്ന്.

വൈകിപ്പോയി,
ഒരു ക്ലോക്ക് ഉണ്ടാക്കാന്‍ പോലും സമയമില്ല,
ഒരു പക്ഷെ ഒരു വാക്കുണ്ടാക്കാം.

ഭാഷകള്‍ പ്രണയകാലങ്ങള്‍ പിന്നിട്ട്
വടിയൂന്നി നടന്നു പോകുന്നു

ഞാനും പോകും,
ഭാഷകള്‍ പഠിക്കാന്‍
വേണ്ടത്ര സമയമുള്ളിടത്തേയ്ക്ക്,
എന്നിട്ട് എല്ലാ ഭാഷയിലും
സ്നേഹിച്ചു കൊല്ലും.

സമയമില്ല

ഇനി സമയമില്ല, എങ്കിലും
അല്‍പ്പം തിന്മകള്‍ കൂടി
ചെയ്യാന്‍ ബാക്കിയുണ്ട്

പ്രണയികളെ അകറ്റാന്‍
ചുറ്റും വിദ്വേഷം പടര്‍ത്തി
മരണം വിളയിക്കാന്‍
ഒരാള്‍ക്കും സന്തോഷം
ഉണ്ടാകാതിരിക്കാനുള്ള
ഒരു വിപ്ലവം നയിക്കാന്‍.

ഇതിനെല്ലാം കഠിനപരിശ്രമം വേണം
അതിനുള്ള സമയം എനിക്കുണ്ട്,
അക്ഷമയും.

ഉത്തരങ്ങള്‍

അയാള്‍ ഉത്തരങ്ങള്‍
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു

പക്ഷെ, ചോദ്യങ്ങള്‍,
അവ നിലവിളിച്ചു കൊണ്ടേയിരുന്നു:
ഹേ, കൃപാലോ,
ഒന്നിങ്ങോട്ടു നോക്കണേ.

കാണാതെ

നാം ഒന്നും കാണാതെ പോകുന്നില്ല,
പക്ഷെ നോക്കാതെ പോകുന്നു
എല്ലാം കേള്‍ക്കുന്നു, പക്ഷെ
ചെവിയോര്‍ക്കുന്നില്ല

വണ്ടികള്‍ തിരക്കിട്ടോടുന്ന വഴിയില്‍
ഒരു യുവാവിന്റെ രക്തം വരയ്ക്കുന്ന
എങ്ങുമില്ലാത്ത ഒരു നാടിന്റെ ഭൂപടം
ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന്നടിയില്‍
ശവപ്പെട്ടിയില്‍ നിന്നെന്ന പോലുള്ള
ഒരു സ്ത്രീയുടെ നിലവിളി
ഹോട്ടലിലെ ഇറച്ചിക്കറിയില്‍
അരുണാചലിലെ ഒരു കുട്ടിയുടെ
കണ്ണീരിന്റെ ഉപ്പു കലര്‍ന്ന
ഒരു തുണ്ടു മാംസം
പൂക്കടകളില്‍ നിന്നു വരുന്ന സുഗന്ധങ്ങള്‍ക്കടിയില്‍
ഒരമ്മ കത്തുന്ന മണം
തീവണ്ടിയില്‍ പോലീസുകാരന്റെ
ഒപ്പം കണ്ണടച്ചിരിക്കുന്ന
നിരപരാധിയുടെ കയ്യാമം.

കൂളിംഗ് ഗ്ലാസ്‌ വെച്ച ഒരു മാന്യന്‍
സിഗരറ്റു കൊണ്ട്
നമ്മുടെ തുട പൊള്ളിക്കുമ്പോള്‍ മാത്രം
നാം അയാളെ തുറിച്ചു നോക്കുന്നു.

ദാരിദ്ര്യം

ദാരിദ്ര്യം എത്ര മനോഹരമാണെന്നറിയാന്‍
നഗരത്തെരുവിലൂടെ നടക്കുന്ന
ഒരു ഗാരോ യുവതിയെ കാണണം

മുടിയില്‍ തിരുകിയ തൂവല്‍ക്കിരീടം
ഉടലിനെ തത്തയാക്കിയ പച്ചകുത്ത്
കാട്ടുതേക്കിന്റെ വാര്‍ഷികവലയങ്ങള്‍ പോലെ
കൈപ്പത്തി മുതല്‍ തോള്‍ വരെ പലനിറവളകള്‍
കഴുത്തു മുതല്‍ അരക്കെട്ട് വരെ കലണ്ടറിലെ
മഹാലക്ഷ്മിയെ ഓര്‍മ്മിപ്പിക്കുന്ന കല്ലുമാലകള്‍

അരയില്‍ ചുറ്റിയ ചുകപ്പും കറുപ്പും
പകിട്ടിനു മത്സരിക്കുന്ന ചേലയിലൊളിച്ച
വയറ്റില്‍ ഒരു തീ മാത്രം.

കവിയായിരുന്നെങ്കില്‍
(സ്റ്റീഫന്‍ ഹോക്കിങ്ങിന് )

പ്രപഞ്ചം ഒരു പൂച്ചയെപ്പോലെ
താങ്കളെ ഉരുമ്മിക്കടന്നു പോയി,
തന്റെ മുഴുവന്‍ രഹസ്യവും വെളിവാക്കുന്ന
ഒരു സിദ്ധാന്തം താങ്കള്‍ കണ്ടെത്തുമെന്ന്
അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം .

താങ്കള്‍ പ്രവേശിച്ച ശേഷവും
ഇരുണ്ട വസ്തു ഇരുണ്ടു തന്നെയിരിക്കുന്നു,
രഹസ്യം രഹസ്യമാണെന്ന രഹസ്യം മാത്രമേ
ഈ കൊച്ചു ഗ്രഹത്തിലെ ജീവിക്കറിയൂ;
അതും ഒരു അറിവല്ലെന്നല്ല

നിയമങ്ങള്‍ കൊണ്ടു മാത്രമല്ല
താരമണ്ഡലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്,
യാദൃച്ഛികതകള്‍ കൊണ്ടുമാണ്,
നമ്മുടെയൊക്കെ കൊച്ചു ജീവിതങ്ങള്‍ പോലെ.
അപ്പോള്‍ നിര്‍വചനങ്ങള്‍ക്ക്
വലിയ സാധ്യതകളൊന്നുമില്ല,
കര്‍മ്മമായാലും, ബ്രഹ്മമായാലും.
നമ്മുടെ മസ്തിഷ്കം തീരെ ചെറുത്‌,
പ്രപഞ്ചങ്ങളോ വിശാലം, അനന്തം, നിഗൂഢം,
ദാര്‍ശനികരുടെ പല തലമുറകള്‍ക്ക് വേണ്ടത്ര.

നാം ഇല്ലെങ്കിലും പ്രപഞ്ചങ്ങള്‍ ഉണ്ടാകും
നമ്മുടെ കണ്ടെത്തലുകളെ അവ
വക വെയ്ക്കുന്നതേയില്ല

താങ്കള്‍ കവിയായിരുന്നെങ്കില്‍
കാര്യങ്ങള്‍ അല്‍പ്പം കൂടി നന്നായി
മനസ്സിലായിരുന്നേനെ,
കബീറിനെപ്പോലെ, അല്ലമാപ്രഭുവിനെപ്പോലെ,
അല്ലെങ്കില്‍ ഹാഫീസിനെപ്പോലെ.

Wednesday, June 13, 2018

ഇരട്ടക്കുട്ടികളുടെ ടീച്ചർ - കുഴൂർ വിൽസൺ

ഒരേ കുട
ഒരേ ഉടുപ്പ്
ഒരേ ഹാജർ
ഒരേ അച്ഛൻ

സുമിക്ക് ഹിന്ദിയിൽ  41 1/2
സൗമ്യക്കു 41
ഇഗ്ലീഷിൽ 43
സൗമ്യക്ക് 44
കണക്കിൽ സമാസമം

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്

ലീവ് ലെറ്ററിൽ രണ്ടു പേർക്കും  പനി

സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചർ കളിയാക്കിയത് സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു

സുമി പദ്യം തെറ്റിച്ചപ്പോൾ
സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇമ്പോസിഷൻ
എഴുതിയതു സുമി

നാലു കണ്ണുകളുടെ രശ്മികൾ
പലപ്പോഴും ടീച്ചറെ തെറ്റിച്ചു

സുമിയെവിടെയെന്നു സുമിയോട് ചോദിച്ചു

ഞാൻ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു

ഒരു ദിവസം ടീച്ചർ
ഹാജർ വിളിക്കുകയായിരുന്നു

സുമി-സൗമ്യ

ഹാജർ എന്ന കുഞ്ഞുശബ്ദം
വിറയാർന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികൾക്കും
കണ്ണുകൾക്കും മൂക്കുകൾക്കുമിടയിൽ
ടീച്ചർ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകൾ.