Thursday, November 25, 2021

തെക്കുതെക്കൊരു തീരം തന്നിൽ -എസ് ജോസഫ്

ഒരു വീട്ടിൽ 
കൂട്ടുകാരനൊപ്പം
താമസിച്ചിരുന്നു
അവന്റെ ചേട്ടത്തിയും രണ്ടു കൊച്ചുപെൺകുട്ടികളുമായിരുന്നു
അവിടെ ഉണ്ടായിരുന്നത്
അക്കാലത്ത് കവിതയെഴുതുമായിരുന്നു
കവിതകളെല്ലാം 
ഇന്ന് ലോകത്തില്ലാത്ത
നീലിയെക്കുറിച്ചായിരുന്നു
അവളുടെ പേര് ഇതല്ല.
അല്പം ഇരുണ്ടവളാകയാൽ
അങ്ങനെ
വിളിച്ചതാണ്
ഞങ്ങൾ  തമ്മിൽ എപ്പോഴും
പിണങ്ങും
പിന്നെ പൊരിഞ്ഞു പ്രണയിക്കും

കൂട്ടുകാരന്റെ വീട്ടിൽ എന്റെ മെയിൻ പരിപാടി
കുട്ടികളെ നൃത്തം പഠിപ്പിക്കുക 
എന്നതായിരുന്നു
 " തെക്കുതെക്കൊരു തീരം തന്നിൽ 
കനി തേടി പോയ് "
" കാവേരിപ്പുഴയിൽ കരിവീട്ടിത്തോണിയിൽ 
കണിവല വീശാൻ പോയവനേ മലയരയാ
എന്റെ മാനഴകാ..."
" കിലുകിലും കിലുകിലും ( // )
കിലും കിലും കിലും കിലും കിങ്ങിണിക്കാട് കിങ്ങിണിക്കാട് " 
എന്നിങ്ങനെ പാട്ടുകൾ ഞാൻ പാടും
കുട്ടികൾ ആടും 

കൂട്ടുകാരനോടും ചേച്ചിയോടും
ഞാൻ നീലിയെക്കുറിച്ചു പറഞ്ഞു
ഒരു ദിവസം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു.

ഞാനവളെ കൂട്ടിക്കൊണ്ടുവന്നു
നിറം കൊണ്ടും മറ്റെല്ലാം കൊണ്ടും ചേച്ചിയും അവളും യോജിച്ചു.
കുട്ടികൾ അവൾക്കായി നൃത്തം ചെയ്തു.
നമുക്കും ഇതുപോലെ രണ്ട് പെൺകുട്ടികൾ വേണം
അവൾ മന്ത്രിച്ചു.
ഞങ്ങൾ രണ്ടും പറമ്പിലൂടെ നടന്നു
ശർക്കരവരട്ടി കഴിച്ചു
ചുണ്ടുകൂട്ടിച്ചേർത്ത് ശർക്കര നുണഞ്ഞു
ഊഞ്ഞാലാടി
ചോറുണ്ടു
പിന്നെ വെയിൽ കുറഞ്ഞു
നമുക്ക് പോകാം
ഞാനവളോട് പറഞ്ഞു
ഞാൻ വരുന്നില്ല
അവൾ പറഞ്ഞു
ഞാൻ ചിരിച്ചു പോയി
തമാശയാണെന്നാണ്  കരുതിയത്
അവൾ കാര്യമായിട്ടാണ്
പറഞ്ഞത്
ഹാ അതെങ്ങനെ ശരിയാകും ?
അതെന്താണ് നീ
വരാത്തത് ? 
നിനക്ക് വീട്ടിൽ പോകേണ്ടേ ?
ഞാൻ ചോദിച്ചു.
അവൾ എന്നെ തുറിച്ചു നോക്കി
ഒരു ചോദ്യം ചോദിച്ചു
ഇവിടെ വരാത്ത ഞാനെങ്ങനെ
വരും?
ഞാൻ ഞെട്ടിപ്പോയി

അവൾ പറഞ്ഞത് ശരിയാണ്
അവൾ
എന്നെ പിരിഞ്ഞിരുന്നല്ലോ
ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചല്ലോ
ബ്രെയിൻ ട്യൂമർ വന്ന് മരിച്ചല്ലോ
ക്ഷമിക്കണം കൂട്ടുകാരേ
ഐ ആം സോറി
ഞാനതൊന്നും ഓർക്കാറില്ല

Thursday, October 28, 2021

മതിലുകൾ - കൽപ്പറ്റ നാരായണൻ

 ഞാനും ഗാന്ധിയും

രക്തസാക്ഷികളായത് ഇന്നാണ്
ആഘോഷിക്കണ്ടേ, അവൾ ചോദിച്ചു.
ഒരു ജനവരി മുപ്പതിനായിരുന്നു
ഞങ്ങളുടെ വിവാഹം.
ഗാന്ധിക്ക് ചുമതല കൂടുകയാണ്
ഇനി നിങ്ങളുടെ വിവാഹ വാർഷികവും ഓർമിക്കണം
അന്നാരോ ആശംസിച്ചു. 

ആ വെളിച്ചം അണഞ്ഞൂ അന്ന്
കാമുകനും കാമുകിയും കളി മതിയാക്കി
വീട്ടിൽക്കയറീ അന്ന്
ഇടി വെട്ടീടും വണ്ണം സാക്ഷയും വീണു.
രണ്ടു പേരെ കുറിച്ചുള്ള ആധിയെങ്കിലും മാറി
ലോകവും സന്തോഷിച്ചു.
മതിലിന്റെ ഇരുവശത്തും നിന്നുള്ള
അന്ധമായ സല്ലാപം അന്നു തീർന്നു.
ഭുവനത്തിലെ
എല്ലാ പനിനീർ ചെടികളുമായിരുന്ന
ഒരു പനീർക്കമ്പ്
സൂക്ഷിച്ചില്ലെങ്കിൽ
ഉള്ളം കയ്യിൽ കത്തിക്കയറുന്ന
ഒരു വെറും മുൾക്കമ്പായി അന്ന് .
ഷൂട്ടിങ് കഴിഞ്ഞ്
ആരോ ആ മതിൽ ഉന്തിക്കൊണ്ടുപോയി . 

രണ്ടിടത്തായിരുന്നപ്പോൾ
നന്നായി പ്രകാശിച്ചിരുന്ന രണ്ടു നക്ഷത്രങ്ങൾ
അന്ന് ഒന്നായി.
ഒന്നും ഒന്നും ഒന്നായപ്പോൾ
ഇമ്മിണി ചെറിയ ഒന്നായി

 --------------------------

Wednesday, October 13, 2021

കാക്കകൾ - എസ് ജോസഫ്

1
 

വെളുപ്പിനെ
വാകമരച്ചോട്ടില്‍നിന്ന്
രണ്ട് കാക്കകള്‍
ചുള്ളിക്കമ്പുകൾ പെറുക്കുകയാണ്
ബലം നോക്കി
ഓരോന്നെടുത്ത് പറന്ന്
ആ മരത്തിലെ കൂട്ടില്‍ 
വച്ചുറപ്പിക്കുകയാണ്

 
2

 
ഇത് കാക്കകള്‍ ഇണചേരുകയും
കൂടുകൂട്ടുകയും
ചെയ്യുന്ന കാലം
കാമം പോലെ കടുത്ത വേനല്‍
രാവെളുക്കുവോളം മഞ്ഞും 
മാടിവിളിക്കുന്നു ഉള്‍പ്രദേശങ്ങള്‍,ചതുപ്പുകള്‍,
കുറ്റിക്കാടുകള്‍
ചെറുജീവികളും ചെറുഒച്ചകളും 

 3

ഈ നാട്ടില്‍ത്തന്നെ എത്ര കാക്കക്കൂടുകളാണ്!
പെന്‍സില്‍കൊണ്ട് കുത്തിവരച്ചതുപോലെ
എട്ടുപത്തെണ്ണം എണ്ണി 
ആ കൂടുകളെ
കുയില്‍ കൂക്കുകള്‍ ചുറ്റുന്നുണ്ടോ?
പാമ്പുകള്‍ മരങ്ങളില്‍ പിണഞ്ഞുകേറി
മുട്ടകള്‍
എടുക്കുന്നുണ്ടോ?
ചാറ്റമഴകള്‍ പാതിരാ മയക്കങ്ങള്‍ക്കുമീതെ
തൂളിപ്പോകുന്നു
എല്ലാ മഴകളും കൂടിയാല്‍ ഒരു വലിയമഴയാകും
എല്ലാ വേനലും ചേര്‍ന്നാല്‍ ഒരു തീച്ചൂളയാകും
രണ്ടും കൂടിച്ചേരുന്നിടത്ത് കാച്ചിലിനും ചേനയ്ക്കും ഇഞ്ചിക്കുമൊക്കെ 
മുളപൊട്ടുന്നു

4

വല്ലാത്ത കാലം ഇത്
ഭൂമിയിൽ മുഴുകിയുള്ള ജീവിതം പഴങ്കഥയായി
ഭൂമിക്ക് മനുഷ്യരെ നഷ്ടപ്പെട്ടു
ദുഃഖിതനും ഏകാകിയും
കാമത്താലോ പ്രണയത്താലോ
കത്തിത്തീരുന്നവനുമായ ഞാന്‍ കാക്കകളെ
പിന്തുടര്‍ന്നു
അവ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കണ്ടു
കൂടണയാനായ് പറക്കാറുള്ള ആകാശങ്ങള്‍ ഓര്‍ത്തുവച്ചു
ആറ്റുമണലില്‍നിന്ന് കാക്കക്കുടങ്ങള്‍ പെറുക്കിയെടുത്തു
കാക്കത്തൂവലുകള്‍  കൂട്ടിവച്ചു
അവ ചേക്കേറുന്ന പ്രദേശങ്ങള്‍ തേടിനടന്നു
ഒരു കൊച്ചുകുട്ടി പാടുന്നതു കേട്ടു:
“കാക്കേ കാക്കേ കുഞ്ഞുണ്ടോ?”
ഞാന്‍ മടങ്ങുന്നു
ഇല്ലിക്കൂട്ടത്തിനിടയില്‍ എനിക്കൊരു
താവളമുണ്ട്
അവിടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്
തണുപ്പും ഞരളവള്ളികൊണ്ടുള്ള ഒരു ഊഞ്ഞാലും
ഇലകള്‍ വിരിച്ച ഒരു കിടക്കയും ഉണ്ടവിടെ
കൂമനും കുയിലും തലയില്‍ പൂവുള്ള
പാമ്പുമുണ്ടവിടെ
മിക്കവാറും ഞാന്‍ അവര്‍ക്കിടയില്‍ കഴിയും
ഇടയ്ക്കിടയ്ക്ക് മനുഷ്യവേഷംകെട്ടി
പുറത്തിറങ്ങും

( മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന്)

പന്നി(ഒരു ഫെമിനിസ്റ്റിന് ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

നീ എന്നെ
ആണ്‍ പന്നി എന്ന് വിളിച്ചു
നന്ദി.

ആണ്‍പന്നി 
അന്യന്റെ അമ്മയ്ക്കും 
പെങ്ങള്‍ക്കും 
ഭാര്യക്കും മക്കള്‍ക്കും 
ലൈംഗീക സ്വാതന്ത്ര്യം 
പ്രഖ്യാപിക്കാറില്ല.

ആണ്‍പന്നി 
അറിവിന്റെ കനി കാട്ടി 
വിദ്യാര്‍ഥിനികളെയും 
വിധവകളെയും 
വിവാഹമുക്തകളെയും 
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും 
വശീകരിക്കാറില്ല.

ആണ്‍പന്നി 
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍ 
ക്ഷമയോടെ കേട്ടിരുന്ന് 
അവളുടെ വിശ്വാസം നേടി
അവസാനം 
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.

പെണ്‍പന്നിയുടെ സാഹിത്യത്തിന് 
ആണ്‍പന്നി അവതാരിക 
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും 
പെണ്‍പന്നിയുടെ 
ജീവചരിത്രത്തിന്‍റെ പുറംചട്ടയില്‍ 
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.

സ്വാതന്ത്ര്യത്തിന്റെ 
സ്വര്‍ഗരാജ്യത്തിലേക്ക് 
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി എന്താറില്ല.

സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.

ആ മറവിയില്‍ നിന്ന് 
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍ 
പിറക്കുന്നു !

പിന്മടക്കം - കൽപ്പറ്റ നാരായണൻ

     ----------------
' ഹാ അയാളുടെ ഇടതുകരം
എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '
                               - ഉത്തമഗീതം

മധുവിധു അവസാനിച്ച ദിവസം
ഞാൻ വ്യക്തമായോർക്കുന്നു
തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്കുയർത്താനായില്ല
അവൾ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചു തുടങ്ങി. 

അന്ന് 
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവൾക്ക് കിട്ടിത്തുടങ്ങി
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ? 

ഉറക്കം പിടിക്കുമ്പോൾ
നീയെന്തിനാണ് വായ തുറക്കുന്നത്
ബാലൻസ് ചെയ്യാനോ?
നീ വളരുമ്പോൾ
അമ്മ പുറത്ത് നോക്കി നിൽക്കുകയായിരുന്നോ '? 

കുറ്റപ്പെടുത്തുമ്പോൾ
ഊർജസ്വലനാകുന്ന ചെകുത്താൻ
ജോലി തുടങ്ങിക്കഴിഞ്ഞു 

പറയണ്ടാ പറയണ്ടാ എന്ന് വെച്ചതായിരുന്നു
നിങ്ങളുടെ ചില മട്ടുകൾ എനിക്ക് പറ്റുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
ഇറക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നിറങ്ങിപ്പോകാൻ തോന്നുന്നു.
തുറന്നു പറയാനുള്ള തന്റേടം
അവൾ നേടിക്കഴിഞ്ഞു.
തിരയുന്നത് വേഗത്തിൽ കിട്ടാൻ തുടങ്ങി. 

നിനക്ക് തോർത്തിക്കിടന്നാലെന്താണ്
ഈറൻ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, 
ഞാനും വിട്ടില്ല.
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്തു കഴിഞ്ഞു. 

മധുവിധു തീർന്നു.
എത്തിച്ചേർന്ന
വിദൂരവും മനോഹരവുമായ ദിക്കുകളിൽ നിന്ന്
ഞങ്ങൾ മടങ്ങിത്തുടങ്ങി
ഇത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞുവോ?
വെറും ഇരുപത് ആഴ്ച്ചകൾ.
ദൈവം നിരാശയോടെ
വിരൽ മടക്കുന്ന ഒച്ച. 

ഇനിയുമുണ്ട്
രണ്ടായിരം ആഴ്ചകൾ
ഈ സാധുക്കൾ എന്തു ചെയ്യും?
                    --------------------

കൽപ്പറ്റ നാരായണൻ

Thursday, May 20, 2021

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. 

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി 
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Monday, May 10, 2021

കലികാലം - കൽപ്പറ്റ നാരായണൻ


ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം പൂർത്തിയായി. 

പെരുവഴിയിൽ നിന്നാൽക്കാണില്ല
വഴിവിട്ട് നിന്നലതല്ലാതെ കാണില്ല. 

ഒറ്റക്കാലിൽ നിൽക്കയാണൊരു കാള
പിന്നിലെ ഇടങ്കാലിൽ
ദേഹഭാരം മുഴുവൻ പേറി
ഏകാഗ്രതയാൽ മുറുകി.
നിൽപ്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലൽപ്പം നടുവിലേക്ക് നീക്കാനോ
കാലിന്നൽപ്പം തടി കൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമം പോലും
ഒന്നുദാസീനമായാലന്നിമിഷം
നിലം പതിക്കുമെന്നക്കാളക്കറിയാം
നിവർന്നു നിൽക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകൾ
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല
എടുത്തുപിടിച്ച ചുമൽ
വലിഞ്ഞു നിൽക്കുന്ന വയർ
ഭാരം ആ ഒറ്റക്കാലിന്
വെളിയിലേക്ക് തൂവാതിരിക്കാൻ
സദാ ഞെരുങ്ങുന്നു. 

ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത്
വീഴാതിരിക്കാൻ 

സത്യത്തിൽ
ഈ കാള
നിൽക്കുകയല്ല
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും 

മുന്നിൽ
അധികനേരം നിൽക്കാനാവില്ല
കാലുകൾ കുഴയും.
ഒന്ന് വീർപ്പിടാനുള്ള
സ്വതന്ത്യം പോലും ബാക്കിയില്ലെന്ന്
ഇവിടെ നിൽക്കുമ്പോഴറിയും
നിലനിൽപ്പിന്റെ യാതന
അതൊറ്റയ്ക് സഹിക്കുന്നു. 

സംഭവിക്കരുതാത്തതിൽ
ഒന്നുകൂടി സംഭവിച്ചാൽ
ആ കാള നിലംപതിക്കും
ശേഷിക്കുന്നതിൽ പിടിച്ചു നിൽക്കയാണത്.

കലികാലത്ത് ധർമ്മ ദേവൻ ഒറ്റക്കാലുള്ള
ഒരു കാളയായാണ് പ്രത്യക്ഷപ്പെടുക എന്ന്
പൗരാണിക സങ്കല്പം.

ശകുനം -വൈലോപ്പിള്ളിൽ ശ്രീധരമേനോൻ

------------------------------------
പതിവിൻ പടിയിന്നു പട്ടണത്തിലേക്കെത്താൻ
പടിവാതിലിൻ കൊളുത്തിട്ടു ഞാനിറങ്ങുമ്പോൾ
പാത തൻ വക്കത്തുണ്ടു മരിച്ചു കിടക്കുന്നു
പാവമാമൊരാൾ - പശി മൂലമോ രോഗത്താലോ?

ഇന്നലെ രാവിൽ തന്റെ നീണ്ട ജീവിതരാവി-
നന്ത്യയാമവും പോക്കി വീണൊരീയനാഥനെ
മഞ്ഞുകാലത്തിൻ പഴുത്തിലകൾക്കൊപ്പം മണ്ണിൽ
തഞ്ചുമാ മനുഷ്യനെ ഞാനടുത്തെത്തിപ്പാർത്തേൻ.

അല്ലലാം അജ്ഞാതമാം ഭയമാം ജുഗുപ്സയാം
തെല്ലിടയസ്വാസ്ഥ്യമാ, യെൻ നാഗരികചിത്തം
ഇത്തിരി പല്ലുന്തിയൊരാമുഖം നാടിൻ മുന്നേ-
റ്റത്തിനെ പരസ്യമായ് പുച്ഛിപ്പതായിത്തോന്നി

റോട്ടിലൂടപ്പോൾ വന്നാനെതിരേ, സംതൃപ്തി തൻ
തേട്ടലാമൊരു മൂളിപ്പാട്ടുമായൊരു മിത്രം
"ശവമോ" നോക്കിച്ചൊന്നാനദ്ദേഹം "നിങ്ങൾക്കിന്നു
ശകുനം നന്നായ്, പോയ കാരിയം കണ്ടേ പോരൂ."
--------------------------------------

Sunday, January 10, 2021

ഭൂതം - ടി പി രാജീവന്‍

സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
 
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
 
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
 
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
 
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------