1
വെളുപ്പിനെ
വാകമരച്ചോട്ടില്‍നിന്ന്
രണ്ട് കാക്കകള്‍
ചുള്ളിക്കമ്പുകൾ പെറുക്കുകയാണ്
ബലം നോക്കി
ഓരോന്നെടുത്ത് പറന്ന്
ആ മരത്തിലെ കൂട്ടില്‍
വച്ചുറപ്പിക്കുകയാണ്
2
ഇത് കാക്കകള്‍ ഇണചേരുകയും
കൂടുകൂട്ടുകയും
ചെയ്യുന്ന കാലം
കാമം പോലെ കടുത്ത വേനല്‍
രാവെളുക്കുവോളം മഞ്ഞും
മാടിവിളിക്കുന്നു ഉള്‍പ്രദേശങ്ങള്‍,ചതുപ്പുകള്‍,
കുറ്റിക്കാടുകള്‍
ചെറുജീവികളും ചെറുഒച്ചകളും
3
ഈ നാട്ടില്‍ത്തന്നെ എത്ര കാക്കക്കൂടുകളാണ്!
പെന്‍സില്‍കൊണ്ട് കുത്തിവരച്ചതുപോലെ
എട്ടുപത്തെണ്ണം എണ്ണി
ആ കൂടുകളെ
കുയില്‍ കൂക്കുകള്‍ ചുറ്റുന്നുണ്ടോ?
പാമ്പുകള്‍ മരങ്ങളില്‍ പിണഞ്ഞുകേറി
മുട്ടകള്‍
എടുക്കുന്നുണ്ടോ?
ചാറ്റമഴകള്‍ പാതിരാ മയക്കങ്ങള്‍ക്കുമീതെ
തൂളിപ്പോകുന്നു
എല്ലാ മഴകളും കൂടിയാല്‍ ഒരു വലിയമഴയാകും
എല്ലാ വേനലും ചേര്‍ന്നാല്‍ ഒരു തീച്ചൂളയാകും
രണ്ടും കൂടിച്ചേരുന്നിടത്ത് കാച്ചിലിനും ചേനയ്ക്കും ഇഞ്ചിക്കുമൊക്കെ
മുളപൊട്ടുന്നു
4
വല്ലാത്ത കാലം ഇത്
ഭൂമിയിൽ മുഴുകിയുള്ള ജീവിതം പഴങ്കഥയായി
ഭൂമിക്ക് മനുഷ്യരെ നഷ്ടപ്പെട്ടു
ദുഃഖിതനും ഏകാകിയും
കാമത്താലോ പ്രണയത്താലോ
കത്തിത്തീരുന്നവനുമായ ഞാന്‍ കാക്കകളെ
പിന്തുടര്‍ന്നു
അവ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കണ്ടു
കൂടണയാനായ് പറക്കാറുള്ള ആകാശങ്ങള്‍ ഓര്‍ത്തുവച്ചു
ആറ്റുമണലില്‍നിന്ന് കാക്കക്കുടങ്ങള്‍ പെറുക്കിയെടുത്തു
കാക്കത്തൂവലുകള്‍ കൂട്ടിവച്ചു
അവ ചേക്കേറുന്ന പ്രദേശങ്ങള്‍ തേടിനടന്നു
ഒരു കൊച്ചുകുട്ടി പാടുന്നതു കേട്ടു:
“കാക്കേ കാക്കേ കുഞ്ഞുണ്ടോ?”
ഞാന്‍ മടങ്ങുന്നു
ഇല്ലിക്കൂട്ടത്തിനിടയില്‍ എനിക്കൊരു
താവളമുണ്ട്
അവിടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്
തണുപ്പും ഞരളവള്ളികൊണ്ടുള്ള ഒരു ഊഞ്ഞാലും
ഇലകള്‍ വിരിച്ച ഒരു കിടക്കയും ഉണ്ടവിടെ
കൂമനും കുയിലും തലയില്‍ പൂവുള്ള
പാമ്പുമുണ്ടവിടെ
മിക്കവാറും ഞാന്‍ അവര്‍ക്കിടയില്‍ കഴിയും
ഇടയ്ക്കിടയ്ക്ക് മനുഷ്യവേഷംകെട്ടി
പുറത്തിറങ്ങും
( മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന്)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....