Sunday, June 26, 2022

അർപ്പുതം അമ്മാൾ - സെറീന

     

അവനെ പെറാൻ പോയ 

ആശുപത്രിയിലെ 

കാത്തിരിപ്പ് മുറിയായി ലോകം. 

അവർ കാത്തിരുന്നു ,

കാത്തു നിന്നു. 

കുഴഞ്ഞു വീണിട്ടും 

പുറം ലോകം കാണാനിരിക്കുന്ന 

മകന് കാവൽ കിടന്നു. 

 

കാത്തിരിപ്പ് 

ഇരിപ്പില്ലാത്തൊരു കടൽ

ചോരയുടെ നിറമുള്ളത് .

എത്ര വാതിലുകളിൽ ,

എവിടെയെല്ലാം അതിന്നിരമ്പം 

ഉപ്പ് കയ്ക്കും മുലപ്പാലിൻ തിര. 

 

ഇരുട്ടിൽ, ജീവജലത്തിൽ 

അവന്റെ പാലം

ആ പൊക്കിൾ കൊടി

ഇരുൾക്കാലം കടക്കുവാൻ 

ലോകാന്ത്യം വരേയ്ക്കുമുള്ളത് .

 

ഇരുമ്പുരുകിയ  ദാഹജലം 

അതൊഴുകും തൊണ്ടക്കുഴൽ 

പെറ്റൊഴിയാത്ത നോവ്,

ഹൃദയം  പേറിയ ഗർഭം. 

 

ആധികളുടെ 

മഞ്ഞ ജലം ഛർദ്ദിച്ചും 

തളർന്ന പേശികൾ കോച്ചിയുമവർ 

മുപ്പതാണ്ടിനുള്ളിലെത്ര തവണ 

പിന്നെയുമവനെ പെറ്റു!

 

അൻപ്  പെറ്റ വയറേ ,

മൂന്ന് മുലയുള്ള സ്ത്രീയേ 

തീയടുപ്പിൽ തിളച്ചു വീഴുന്നു 

നിന്റെ കണ്ണീർ ച്ചിരി 

കെട്ടു പോവാതിരിക്കട്ടെ ലോകം.

 


Friday, June 10, 2022

ജ്ഞാനസ്നാനം - ബാലചന്ദ്രൻ ചുള്ളിക്കാട്


(1836 ജനുവരി 8. പാരീസിലെ കൊൺഷെറി പ്രിസൺ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവിയും കുറ്റവാളിയുമായ പിയ ഫ്രാങ്സ്വാ ലാസണറിന്റെ അന്ത്യരാത്രി. രംഗം സാങ്കല്പികം )

 

 

ലാസണൈർ, എഴുന്നേൽക്ക 

ഫ്രഞ്ചു കൽത്തുറുങ്കിന്റെ 

നൈശയാമത്തിൽ 

ശാന്തം മുഴങ്ങീ മഹാനാദം

 

അവിടെ ശിരച്ഛേദ 

മാത്ര കാത്തിരിക്കുന്നു. 

കവിയാം കൊലയാളി 

ലാസണൈർ നിദ്രാഹീനം.

 

അപരാധത്തിൻ ധീര 

കാമുകൻ പ്രേതഗ്രന്ഥം

ധൃതിയിൽ പാരായണം 

ചെയ്തുകൊണ്ടിരിക്കുമ്പോൾ,

 

"ലാസണൈർ, എഴുന്നേൽക്ക 

ഹാ! ജഗദ്ഗുരുവിന്റെ 

ശാസനം നിശാദിപ 

ജ്വാലയെ സ്തംഭിപ്പിച്ചു.

 

"അർദ്ധരാത്രി ഞാൻ വന്നു. 

മൃത്യുവിൽനിന്നും നിന്നെ 

നിത്യജീവനിലേക്കു 

വീണ്ടെടുക്കുവാനായി.

 

ഇന്നു നീ പശ്ചാത്താപം 

കൊള്ളുക, മൂഢത്വത്താൽ

മണ്ണിൽ നീ ചിന്തിപ്പോയ

കത്തിവായ്ത്തല പോലെ

 

ലാസണൈർ ചിരിക്കുന്നു. 

"നിത്യജീവിതം വേണ്ട

സ്വർഗ്ഗലോകവും വേണ്ട. 

ദുഃഖവുമാനന്ദവും 

ശുദ്ധശൂന്യമായ്ത്തീർന്നു 

മൃത്യുവും മതിപ്പെട്ടു. 

നിത്യമായ് നശിക്കട്ടെ.

 

കവിയും ദ്വേഷത്തോടെ 

ഞാനിന്നു വെറുത്തോട്ടേ 

കവിയെക്കൊലയാളി 

യാക്കുമി ലോകത്തിനെ.

 

 

മുഴങ്ങി മൗനം മാത്രം. 

ലാസർ നിറുകയിലറിഞ്ഞു

 മുറിവുള്ള തൃക്കരസ്പർശം മാത്രം.

 

രാത്രി തോരുവാനായി 

മാർത്തയും മറിയയും 

കാത്തുനിൽക്കുന്നു കാരാ-

ഗൃഹത്തിൻ കവാടത്തിൽ

 

 വധയന്ത്രത്തിൽ നിന്നു 

ജ്യേഷ്ഠനെക്കൈക്കൊള്ളാനും

ശവഭോജിയാം മണ്ണിൽ

കൊണ്ടുപോയടക്കാനും.

 


ജയിൽ വർക്ക് ഷോപ്പ് - വീരാൻകുട്ടി

ലൈബ്രറിഹാളിലെ

ശില്പങ്ങൾ എന്നു തോന്നിച്ച

അലമാരകൾ കണ്ടുനടന്നു,

 സെൻട്രൽ ജയിലിലെ

ജീവപര്യന്തം തടവുകാർ പണിതത്.

 

ക്ഷമ കൈവിട്ടുപോയ

നിമിഷത്തിന്റെ

വിറ മാറാത്ത ഓർമ്മയിൽ,

ഏകാന്തതയോളം വലിയ

ശിക്ഷയേതെന്ന വെളിവിൽ

അവർ ഓരോ മരത്തെയും

ചെന്നു തൊട്ടു.

വേദനിപ്പിക്കാത്ത വിധം അതിന്മേൽ

ഉളിയെ നടത്തി.

തഴുകുന്ന മാതിരി ചിന്തേരിട്ടു.

 

കൊല്ലുന്ന അരിശമോ

പകയോ

ദുരഭിമാനമോ

കൈത്തരിപ്പോ ആയിരുന്നതൊക്കെയും

അവരിലപ്പോൾ

നെറ്റിയും മകുടവുമായി

ആരൂഢവും അണിയവുമായി,

സ്വന്തം കൈകൊണ്ട്

അബദ്ധത്തിൽ മരിച്ച കുഞ്ഞിനെ

ജീവനിടുവിക്കുന്നപോലെ

കരുണയോടെ,

സാവധാനം.

 

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അലമാരകൾ ഇപ്പൊഴും 

പുത്തൻ പോലെ.

നീതിമാന്മാർക്കിരിക്കാനുള്ള റാക്കുകൾ പണിതുപണിത്

അവർക്ക് വയസ്സായി.

ആരെയെല്ലാം തൂക്കിലേറ്റി

വെറുതെ വിട്ടു

കുറ്റബോധം തീരാഞ്ഞ് 

സ്വയം ജീവൻ വെടിഞ്ഞു

അറിയില്ല.

 

എവിടെയും പോകാനില്ലാത്ത ഒരാൾ മാത്രം

അതേ വർക്ക് ഷോപ്പിലിരുന്ന് 

തന്റെ ഇപ്പോളില്ലാത്ത കുഞ്ഞിന് 

ഒരു മരത്തൊട്ടിൽ പണിയുന്നു.

അയാളുടെ സ്വപ്നത്തിൽ

പണിതീർന്നു വരുന്നു

മരണത്തെ എറ്റുന്ന 

ഒരു തെറ്റാലി.