അടുത്ത വീട്ടിലെ ചരമശയ്യയിൽ
അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി
വിവരം കേട്ടു ഞാനവിടെയെത്തിയെൻ
വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.
വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി
തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും
മരുന്നു വായിലേക്കൊഴിക്കാനാകാതെ
പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ
പതുക്കെയോതിനാൻ "അനർത്ഥലൗകികം
മതിയിനി; ഊർദ്ധ്വവലി തുടങ്ങിപ്പോയ്"
അവിടെയപ്പൊഴുതഖിലർക്കും കണ്ണിൽ
അകാലതാമിസ്രം ഭയമിയറ്റവേ
തല നരച്ച മറ്റൊരു വയോവൃദ്ധ
നിലവിളക്കിന്റെയരികിൽവന്നിരു-
ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-
ച്ചിരപരിചിത കവിത പാടുവാൻ
തുടങ്ങി; മെല്ലവേയിരുളകലുന്നു
തുടുവെളിച്ചത്തിൻ തളിരിളകുന്നു.
അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-
ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.
കരിങ്കല്ലംഗനാ സുഷമയാകുന്നു
കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു
നിശാചരഗ്രസ്തം നരത്വം മുക്തിതൻ
പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.
വിരാഗമാം പൊരുള്‍,സരാഗവാങ് മയം-
പുരാണപീയൂഷം ഒഴുകി നില്‍ക്കവേ
നിറഞ്ഞ ചിദ്രസശമകണം മുകര്‍-
ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.
അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍
അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി
ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍
സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.
തിരിച്ചു പോരവേ, ജനിത വിസ്മയം
തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?
ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും
കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?
അരുളിനേന്‍:പാരിലഖിലഭോഗ്യവും
അരുന്തുദങ്ങളാമസഹ്യമാത്രയില്‍
മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍
മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ
കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം
അവികലാനന്ദപുളകിതാംഗനായ്
പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-
പറമ്പിലെ മൃത്യുഞ്ജയപരിമളം!
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....