Wednesday, May 24, 2017

അച്ഛൻ ഇരുന്നിടം - സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് ' 
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ് 
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, May 3, 2017

കണി - സച്ചിദാനന്ദൻ

കണി കാണുവാനെന്നെ
നീ വിളിച്ചുണർത്തുന്നു
മിഴികളടച്ചു ഞാൻ
നിന്റെ കൈ പിടിക്കുന്നു

ചുവടോരോന്നും പതി
റ്റാണ്ട്; ഞാൻ ചുവടാറു
കഴിഞ്ഞു ചെല്ലുമ്പൊഴെൻ
നാട്ടിലെ കുട്ടിക്കാലം:

കണിക്കൊന്നമേൽ കുല
യർത്തി, മരമാകെ
ക്കുലുക്കിത്തണൽ നീളെ
ക്കനകം വിതറി, ഞാൻ.

മിഴികൾ തുറക്കുമ്പോൾ
കണ്ണിറുക്കിക്കൊണ്ടതാ
നഗരവിലാസിനി
സൂര്യകാന്തിയെൻ മുന്നിൽ !

'അതിനെന്താ?' ചൊല്ലുന്നു
നീ, ' നമ്മൾ രണ്ടാളല്ലേ
കണികാണുവാനുള്ളൂ?'
മക്കളെയോർക്കുന്നു നാം .

ഒരുനാൾ തനിച്ചാവും
നീ, യന്നുമൊരുക്കണേ
കണി, ഞാനുണ്ടാകും നി
ന്നരികിൽ, അദൃശ്യനായ്.

ഒരു വേളയീ സൂര്യ
കാന്തിയെക്കൊന്നപ്പൂവായ്
ഒരു മന്ത്രത്താൽ മാറ്റും
സിദ്ധിയന്നെനിക്കുണ്ടാം !

Tuesday, May 2, 2017

കൗൺസിലിങ്ങ് - പ്രസാദ് കരുവളം

 ഇരുകരകളായ് നിൽക്കുന്ന നമ്മുടെ 
ഇടയിലേകനായ് നിൽക്കുന്ന പാലം

എന്റേതെന്നു  ഞാനും
നിന്റേതെന്നു നീയും
വാശി പിടിക്കുന്നു

നിങ്ങളില്ലെങ്കിൽ  ഞാനില്ല
വഴക്കടിക്കല്ലേ  വഴക്കടിക്കല്ലേ 

എന്നു   ഭയത്തോടെ
അതു  കരയുന്നതു  കേൾക്കാതെ.....

വേഗം - പ്രസാദ് കരുവളം

 മിനിമം 140 മൈൽ 
കുതിക്കുന്ന
കാറുകൾക്കിടയിൽപ്പെട്ട
കാളവണ്ടിയെ
160 മൈൽ  വേഗത്തിൽ
കുതിക്കാൻ പ്രേരിപ്പിക്കുന്നു
നിത്യം നീ
14 മൈൽ  വേഗത്തിലെങ്കിലും
അനങ്ങിയാൽ തന്നെ 
പൊടിഞ്ഞു  മരമാവും 
എന്നതോർക്കാതെ...          

മദ്യമേ  പദ്യമേ -പ്രസാദ് കരുവളം

 കൈകളിൽ  ഊഞ്ഞാലാടി  

മടിയിൽ കുണ്ടാട്ടമാടി 

ചുമലിൽ ആന കളിച്ച് 

മുട്ടിലിഴഞ്ഞും 

നീന്തിയും 

നിന്നോടൊപ്പം 

ഒഴുക്കിന്റെ ഒരിടുക്കിൽ 

കുറച്ച്  കഴിച്ചില്ലേ 

കൊത്തിയകറ്റിയിട്ടും 

മഴയൊഴിഞ്ഞ്  നിറഞ്ഞിട്ടും 

ഇടിയൊച്ചയിൽ  നിശബ്ദമാകുമ്പോൾ 

നിന്നൊപ്പം 

നീന്തിയിഴഞ്ഞാന കളിച്ച് 

ഊഞ്ഞാലാടണമെന്ന് 

ഒരു  നുരയുയരും .....