Wednesday, May 3, 2017

കണി - സച്ചിദാനന്ദൻ

കണി കാണുവാനെന്നെ
നീ വിളിച്ചുണർത്തുന്നു
മിഴികളടച്ചു ഞാൻ
നിന്റെ കൈ പിടിക്കുന്നു

ചുവടോരോന്നും പതി
റ്റാണ്ട്; ഞാൻ ചുവടാറു
കഴിഞ്ഞു ചെല്ലുമ്പൊഴെൻ
നാട്ടിലെ കുട്ടിക്കാലം:

കണിക്കൊന്നമേൽ കുല
യർത്തി, മരമാകെ
ക്കുലുക്കിത്തണൽ നീളെ
ക്കനകം വിതറി, ഞാൻ.

മിഴികൾ തുറക്കുമ്പോൾ
കണ്ണിറുക്കിക്കൊണ്ടതാ
നഗരവിലാസിനി
സൂര്യകാന്തിയെൻ മുന്നിൽ !

'അതിനെന്താ?' ചൊല്ലുന്നു
നീ, ' നമ്മൾ രണ്ടാളല്ലേ
കണികാണുവാനുള്ളൂ?'
മക്കളെയോർക്കുന്നു നാം .

ഒരുനാൾ തനിച്ചാവും
നീ, യന്നുമൊരുക്കണേ
കണി, ഞാനുണ്ടാകും നി
ന്നരികിൽ, അദൃശ്യനായ്.

ഒരു വേളയീ സൂര്യ
കാന്തിയെക്കൊന്നപ്പൂവായ്
ഒരു മന്ത്രത്താൽ മാറ്റും
സിദ്ധിയന്നെനിക്കുണ്ടാം !

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....