Friday, December 22, 2017

ഇന്ത്യൻ - ബാലചന്ദ്രൻ ചുള്ളിക്കാട്

കോടതി: ആധാർകാർഡ് ഇല്ലേ?
പ്രതി: നിരാധാരനാണ്
കോടതി: പേര്?
പ്രതി: ഇന്ത്യൻ
കോടതി: വേറേ പേരില്ലെ?
പ്രതി: ഇല്ല
കോടതി: പിതാവിന്റെ പേര്
പ്രതി: മഹാത്മാഗാന്ധി
കോടതി: അതു രാഷ്ട്രപിതാവല്ലേ?
പ്രതി: വേറേ പിതാവുള്ളതായി അറിവില്ല
കോടതി: മാതാവ്?
പ്രതി: ഭാരതമാതാവ്
കോടതി: അനാഥനാണല്ലേ?
പ്രതി: അല്ല .രക്ഷാകർത്താവുണ്ട്. രാഷ്ട്രപതി
കോടതി: ( നീരസം ) മറ്റെന്തെങ്കിലും പറയാനുണ്ടോ?
പ്രതി: ഓർമ്മകൾ തുടങ്ങുമ്പോൾ
കോടതി: (ഇടക്കു കയറി ) ആത്മകഥയാണോ?
പ്രതി: ആത്മാവ് ഇല്ലാത്ത കഥ
കോടതി: ചുരുക്കിപ്പറയണം
പ്രതി: അധികമില്ല
കോടതി: തുടരാം
പ്രതി :ഓർമ്മകൾ തുടങ്ങുമ്പോൾ ഞാൻ റെയിൽപ്പാളത്തിലെ മലം നക്കി തിന്നുകയാണ്.
കോടതി: ഛെ. അതെന്തിനാണ്?
പ്രതി: റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യറേഷൻ കിട്ടിയിരുന്നില്ല
കോടതി: ഒ.പോഷകാഹാരക്കുറവ്
പ്രതി: ഇല്ല.പകൽ പഴത്തൊലിയും രാത്രി പോലീസുകാരുടെ ശുക്ലവും ഭക്ഷിച്ചിരുന്നു. സ്വപ്നത്തിൽ ഈച്ചകളേയും
കോടതി: (വെറുപ്പോടെ ) കൂടുതലെന്തെങ്കിലും?
പ്രതി: കൂടുതലൊന്നും കിട്ടിയിരുന്നില്ല.
കോടതി: (ക്ഷോഭിച്ച്) നിർത്താം
പ്രതി 😞 വിനയപൂർവ്വം) നിർത്തി
കോടതി: പ്രതി റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന മതപ്രഭാഷകനെ കുത്തിക്കൊന്നതായി സംശയാതീതം തെളിഞ്ഞിരിക്കുന്നു. എന്നാൽ പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ച് ജീവപര്യന്തം മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കാൻ ഈ കോടതി വിധിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - ലക്കം 41

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....