Sunday, May 13, 2018

അമ്മ - സച്ചിദാനന്ദൻ

എന്റെ അമ്മ ധ്രുവനക്ഷത്രമല്ല
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന
ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവര്‍ വടക്കന്‍പാട്ടിലെ വീരനായികയല്ല
അവര്‍ പൊരുതിയത്
അടുക്കളയിലെ പച്ചവിറകിനോടും
അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും
കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.
അവര്‍ താമരയിലയില്‍
പ്രേമലേഖനങ്ങളെഴുതിയില്ല,
നാള്‍വഴിപ്പുസ്തകത്തില്‍ കൂടിവരുന്ന ചെലവും
കൂടാതെ നില്‍ക്കുന്ന വരവും
പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച് വശംകെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവര്‍ അഞ്ചു കുട്ടികളെപ്പുലര്‍ത്തി
രണ്ടുപേരെ വഴിയില്‍ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാന്‍ അഹങ്കരിച്ചിരുന്നു.
ഓര്‍ത്തുനോക്കുമ്പോള്‍ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ
ഭ്രാന്തില്ല; എങ്കിലും അവര്‍ അന്യരുടെ മുമ്പിലും
ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും
ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ
പിറുപിറുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും
ചേട്ടനു ഫീസുകൊടുക്കാന്‍
ഓട്ടുപാത്രങ്ങള്‍ പണയംവെച്ച ദിവസവും
സഹായം ചോദിച്ചതിന് അമ്മാവന്‍
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛന്‍ തീര്‍ത്ഥാടനത്തില്‍ മരിച്ച വാര്‍ത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേള്‍ക്കാന്‍ ഞാന്‍
ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ
മറ്റൊരു ശബ്ദവും ഞാന്‍ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത്
പശുവിനോടും പട്ടിയോടും കോഴിയോടും
കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു
അവരെ അനാഥയാക്കിയ മനുഷ്യരോട്
അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ല. രക്തസമ്മര്‍ദ്ദവും
ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന
ഈ എണ്‍പതിലും അവര്‍ പാടത്തോ
തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ കൈകള്‍ അഴുക്കാക്കുന്നു.
ചിലപ്പോള്‍ കൊയ്യുന്നു, ചിലപ്പോള്‍ മെതിക്കുന്നു
ചിലപ്പോള്‍ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയില്‍ ഒരു
നല്ല നെന്മണി തിരക്കുന്നു, വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാന്‍.
കുട്ടികളെ കണ്‍മുന്നില്‍വെച്ച്
തീപ്പിടിച്ച വയ്ക്കോല്‍ തുരുമ്പുപോലെ
അവര്‍ ഈ ഞൊടി ചാരമാവുന്നു
ചക്രം ചവിട്ടുന്ന കുളംപോലെ
കാണെക്കാണെ വറ്റുന്നു
എണ്ണ തീര്‍ന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത്
ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍പ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളില്‍ പശുവിനു പുല്ലുതേടി അലയുന്നത്
നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാന്‍ കൈനീട്ടുന്നത്
ചാറ്റല്‍ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....