Wednesday, May 23, 2018

വരൂ,കൊല്ലൂ.. - റഫീഖ് അഹമ്മദ്

തടിച്ച കേരള യുവശരീരമേ
വരൂ ചതയ്ക്കുകീ കറുത്ത ജീവനെ
വരിഞ്ഞുകെട്ടിയിട്ടിരിക്കുന്നൂ,നന്നാ-
യവന്റെ ഗന്ധത്തെയറിയും പാലയിൽ.
കരങ്ങൾ താഴ്ത്തുവാൻ, തടുക്കുവാൻ വയ്യാ-
തനന്തതയ്ക്കു നേർക്കുയർന്ന പാലയിൽ.
കുടിയൊഴിപ്പിച്ചൊരനാഥ ദൈവങ്ങൾ
നിശബ്ദരായി കരഞ്ഞവനെ ചുറ്റുന്നു.
ചതഞ്ഞ പ്ലാസ്റ്റിക്കുകുടങ്ങളിൽ തല-
യറഞ്ഞുറവ തന്നൊഴുക്കു നിൽക്കുന്നു.
വരിക,തല്ലുക, ചതയ്ക്കുക,മേദ-
സ്സുറഞ്ഞ കേരള ശരീരമേ വേഗം.
സുഭിക്ഷമായംഗ വിശുദ്ധി കൈവരി-
ചുടുത്തു നിസ്കരിക്കാരം നടത്താൻ പോണോരേ,
അടുത്തയാഴ്ചയ്ക്കു കുമിഞ്ഞ പാപങ്ങ-
ളൊഴിക്കുവാൻ കുമ്പസരിക്കാൻ പോണോരേ,
വെളുത്ത ഭസ്മത്തിൽ കുളിച്ച്, മറ്റാരും
തൊടാതെ കോവിലിൽ നിൽപ്പോരേ
അവന്റെ ചോരയും വിയർപ്പും നക്കിയി-
ട്ടിരുന്നു വാഴുന്ന മഹാനേതാക്കളേ
കൊടിച്ചിപ്പട്ടിതൻ ചിറിയിലെയെച്ചിൽ
വടിക്കും കാര്യക്കാരെജമാനന്മാരേ,
വരൂ വരൂ വരൂ അവസരം തരാം,
അടിച്ചവർ മാറി വഴി കൊടുത്താട്ടെ.
ഇവന്റെ നെഞ്ചിലെ മലഞ്ചൂരൽക്കാട്
കരിലാഞ്ചിക്കിളി പറക്കും പുൽമേട്
കുറും കവണ പോൽ നിശിതമാമുന്നം
ഉറക്കൊഴിച്ചന്യനുറങ്ങുവാനുള്ളിൽ
ചുരുട്ടിവെക്കാത്ത പനന്തഴപ്പായ
അവന്റെ കാമംപോൽ കരിമ്പച്ചപ്പായൽ
പടർന്നൊരീറനാം ശിലകൾ,കാതിലെ
കിളിപ്പേച്ചോരൊന്നും തിരിച്ചറിയുന്ന
ചുളുക്കുകൾ, നീർ പോൽ തെളിഞ്ഞ കൺവെട്ടം
കുതിർന്ന നല്ലേള്ളു മണത്തിടും വിയർ-
പ്പവന്റെ പ്രാക്തന വിശുദ്ധ സംഗീതം
അവന്റെ സർവതും കവർന്നവർ വന്നു
വിളിക്കുന്നൂ :കള്ളൻ, ഇവനെക്കൊല്ലുക.
ഇരിക്കുവാനൊരു മരക്കൊമ്പില്ലാതെ,
അലഞ്ഞിടും പൂർവ്വപിതാക്കൾ വവ്വാലിൻ
ചിറകടികളിൽ കരച്ചിൽ ചേർക്കുന്നു.
വലിച്ചുകീറിയ വനതാരുണ്യങ്ങൾ
കുലച്ച കൈതോലത്തഴപ്പായ പൊന്തുന്നു.
ഒടുക്കമില്ലാത്ത വിശപ്പ്,ക്രോധങ്ങൾ
മുളങ്കാടായി തലയറഞ്ഞു നിൽക്കുന്നു.
ഒടുക്കത്തെത്തൊഴിക്കിടറുമ്പോൾ തന്റെ
മുഷിഞ്ഞ കോന്തലയഴിഞ്ഞു വീഴുന്നു
ഒരുപിടി അരി ചിതറി വീഴുന്നു.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....