Wednesday, September 2, 2020

അമ്മയെക്കാണാൻ പോകുമ്പോൾ - രോഷ്നി സ്വപ്ന

 

ആരൊക്കെയാണു പോയത്?
മീര ,ഹരി,ജോണ്‍,കാവലാളൻ, ഉമ്മർ
പിന്നെ ഞാനും

മല കയറി ആദ്യം
മലയിറങ്ങി പിന്നെ

വെറും നിലത്ത്
ചെരുപ്പിടാതെ..
മുള്ളു കുത്തി ,അട്ട കടിയേറ്റ്.....
നമ്മളെങ്ങോട്ടാണ് പോകുന്നതു?
അമ്മയെക്കാണാൻ ...
ആരോ പറഞ്ഞു 

ആരാണെന്നറിയില്ല
ആരാഞ്ഞവൻ ഏറ്റവും പിന്നിലായിരുന്നു
ഏറ്റവും പിന്നിൽ ഞാനായിരുന്നു
ഞാൻ എന്‍റെ  പിന്നിലേക്കു തിരിഞ്ഞു നോക്കി
ആരേയും കണ്ടില്ല
ആരുമുണ്ടായിരുന്നതായി
 തെളിവുമുണ്ടായിരുന്നില്ല
ഒച്ചയുണ്ടായിരുന്നു
കാറ്റിൽ  വായുവിൽ
കാണാനാവാത്ത അപ്പൂപ്പന്‍  താടി പോലെ..
പോകുന്ന വഴിക്ക് ശ്രീലങ്ക കണ്ടു,
കുറ്റ്യാടി കണ്ടു
കണ്ണൂരും കോഴിക്കോട് ആർ ഈ  സീയും കണ്ടു

കാൻസർ വാർഡിലെ ചെമ്പരത്തികൾ  കണ്ടു
കറുത്ത ചെട്ടിച്ചികൾ
മരുഭൂമിയിലേക്കു ഓടിപ്പോകുന്നതു കണ്ടു
''അമ്മയെക്കാണാനാണു  പോകുന്നതു''
പിന്നിൽ നിന്ന് വീണ്ടും കേട്ടു പതിഞ്ഞ ഒച്ച.

സമയം കവിഞ്ഞൊഴുകുകയായിരുന്നു 
കവിതയും
വെയിലും മഴയും ഒപ്പം വന്നു
കൊടുംകാറ്റ് പിന്നാലെ വന്നു
പെരുമഴ പിന്നാലെ വരാമെന്ന് പറഞ്ഞു 

ആരൊക്കെയോ എന്തൊക്കെയോ 
ഒളിപ്പിക്കുന്നുണ്ടായിരുന്നു
ആത്മഹത്യ ചെയ്ത മുറിവുകൾ
പൊള്ളിയ പാടുകൾ
കവിത കൊണ്ടു അടച്ചു വച്ച നേരുകൾ 
ഉടലിലെ തൊലി ഉരഞ്ഞുരുകിയ നീറ്റലുകൾ 

ആരുടെ അമ്മയെയാണ് കാണാൻ പോകുന്നതു? 
ആരും മിണ്ടിയില്ല ...ഞാനും..
കാലങ്ങള്‍  ഒരുപാട് കടക്കാനുണ്ടായിരുന്നു
ദൂരങ്ങൾ ഒരുപാട് പകുക്കാനുണ്ടായിരുന്നു
ഞങ്ങളുടെ ഉള്ളിലിരുന്നൊരു  കവിത 
കുതിച്ചുണരുന്നുണ്ടായിരുന്നു
ദൂരെ അമ്മയുടെ വീട് 
നക്ഷത്രപ്പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു
എല്ലാവരും ഉള്ളിലെ  പേടികൾ ചേര്‍ത്ത്  വച്ചു
അമ്മയുടെ മുഖം ഓർക്കാൻ ശ്രമിച്ചു 

വധശിക്ഷക്ക് വിധിക്കപ്പെട്ടവന്‍റെ .
കാണാതായവന്‍റെ ..
വെടിയേറ്റ്  മരിച്ചവളുടെ 
ഉറക്കത്തിൽ ഗർഭത്തിൽ വച്ച് 
വാൾമുനയിൽ   കൊരുത്ത് പോയവളുടെ 
അമ്മയെ....

ആര്‍ക്കും  അമ്മയുടെ മുഖം തെളിഞ്ഞു കിട്ടിയില്ല 
ആർക്കും ഒച്ച തിരിച്ചു കിട്ടിയില്ല 
കാറ്റിൽ ഒരു മയില്‍  ഒളിച്ചിരിക്കുകയാണെന്നു 
എല്ലാവരും കരുതി
ഒരിക്കൽ ഞങ്ങൾ അതിനെ പിടിക്കുമെന്നും

ഇരുട്ടിലേക്ക് ഒരുമിച്ചു ഒളിഞ്ഞു നോക്കുന്ന 
ഒരു ജനതയായിരിക്കുന്നല്ലോ നാം
എന്ന് 
എന്ന് എല്ലാവരും ശപിച്ചു ;ഉള്ളില്‍ 

അദൃശ്യരായ മറ്റനേകം മയിലുകളുടെ ഇരുത്തം....
പതിഞ്ഞു  പരക്കുന്ന ഇരുൾചിറകുകൾ ...
ചിറകടിയൊച്ചകൾ 

മയിലുകളെ പിന്നെ കണ്ടതേയില്ല 
അമ്മയുടെ വീടു തെളിഞ്ഞു  തെളിഞ്ഞു വന്നു     

കാണുമ്പോൾ 
തിരിച്ചു ചോദിക്കുമോ മക്കളെ ?
എന്ന് ഓരോരുത്തരും നിശ്ശബ്ധമായി പേടിച്ചു 

അമ്മയുടെ വീട്ടിലേക്കുള്ള 
ആദ്യപടി കയറുകയായിരുന്നു ഞങ്ങൾ

അവനു വേണ്ടി കരുതിയ ഊരാക്കുടുക്ക്‌ 
അവളുടെ പുകഞ്ഞു പോയ ഗര്‍ഭപാത്രം
കാണാതായ മകന്‍റെ  നിഴൽ...

അമ്മ വിളമ്പിയത് ചന്ദ്രന്‍റെ  മാംസമായിരുന്നു 
നക്ഷത്രങ്ങളുടെ പാൽപ്പത തുളുമ്പുന്ന വെള്ളം
 സൂര്യന്‍റെ വീഞ്ഞു 
ഇറക്കാൻ ഞങ്ങളുടെ തൊണ്ടക്കുഴിയിൽ 
വഴികളുണ്ടായിരുന്നില്ല 
ഓര്‍മകളുടെ  മുള്ളു കൊണ്ട് അത് 
അടഞ്ഞു പോയിരുന്നു 

ഇത് ആരുടെ അമ്മയാണ്?
ഞങ്ങൾ പരസ്പരം ചോദിച്ചു 
ഓരോരുത്തര്ക്കും ഓരോ തോന്നലുണ്ടായി
രാജന്‍റെ  അമ്മ..
ദാസിന്‍റെ അമ്മ 
നശ്രത്തിന്‍റെ അമ്മ
വര്‍ഗീസിന്‍റെ അമ്മ 

അമ്മ ഒന്നും മിണ്ടിയില്ല
‘’എല്ലാവരുടെയു’’മെന്നു മലയിൽ വീശിയ കാറ്റ്  പറഞ്ഞു

പെട്ടെന്ന് ഞങ്ങളെ കാണാതായി
 പെട്ടെന്ന് ഞങ്ങള്‍ക്ക്  ഞങ്ങളെ കാണാതായി 


No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....