Thursday, September 3, 2020

ഭ്രാന്ത്‌ - രോഷ്നിസ്വപ്ന

ഭ്രാന്തുണ്ടായിരുന്നപ്പോൾ 

ഞാൻ കൈനീട്ടി 

അയൽ രാജ്യങ്ങളിലെ 

പഴങ്ങൾ 

മോഷ്ടിച്ചു തിന്നു .


ഒരു കാൽചുവട് 

ഇവിടെ പതിച്ചു വച്ച് 

അടുത്ത ചുവട് 

മറ്റേതോ 

ദേശത്തിന്റെ 

ഓർമകളിലേക്ക് 

കോർത്തു വച്ചു .


എപ്പോൾ വേണമെങ്കിലും

എങ്ങനെ വേണമെങ്കിലും 

ഊർന്നഴിഞ്ഞു പോകാവുന്ന 

ഒന്നായി 

ഓർമ്മയും ബോധവും 

എന്നിൽ 

കുതിച്ചു .


കൃഷ്ണമണികൾ 

മറ്റേതോ കാലങ്ങളിൽ 

വിളഞ്ഞ 

മുന്തിരികളായി മാറി .

മരിച്ചു പോയ 

പക്ഷികൾ 

എന്റെ വിരലുകളിലേക്ക് ചേക്കേറാൻ തുടങ്ങി .


കൈപ്പത്തികൾ സംഘകാലത്തെ ബസവണ്ണയുടെ 

ഗ്രാമത്തിലെ 

ചാണകവറളികൾക്കൊപ്പം ചേർന്ന് ,

ജീവിതത്തിൽ നിന്ന് 

പുഞ്ചിരിച്ചുകൊണ്ട് 

മരണത്തിലേക്ക് 

ഇറങ്ങിപ്പോയവരുടെ ഉടൽ 

സുഗന്ധത്തോടെ 

തീയിനോട് ചേർത്തു കൊടുത്തു .


കുളത്തിലേക്ക് ജലം എന്നപോലെ 

ജീവൻ വായുവിലേക്ക് 

കലർന്നു .

ശിരസ്സ് മണൽത്തരികൾക്കൊപ്പം ...

ചുണ്ട് 

പൂക്കൾക്കൊപ്പം 

ചെവികൾ 

പക്ഷികളുടെ ചിറകുകൾക്കൊപ്പം 

അടിവയർ 

സൂര്യകാന്തിക്കൊപ്പം 

മാറിടങ്ങൾ 

താമരപ്പൂവുകൾക്കൊപ്പം .


എന്റെ കാഴ്ച 

ഇതിഹാസങ്ങളിലേക്കും 

കെട്ടുകഥകളിലേക്കും 

യുദ്ധങ്ങളിലേക്കും 

വറുതികളിലേക്കും 

പോയി 

തിരിച്ചു വന്നു .


കേൾവി 

കൊല്ലപ്പെട്ടവരുടെയും 

കാണാതായവരുടെയും 

നിലവിളികൾക്കൊപ്പം അദൃശ്യതയിലേക്ക് പോയിത്തിരിച്ചു വന്നു .


നാസാരന്ധ്രങ്ങൾ 

കാറ്റിനൊപ്പം പോയി 

ഉടലുകൾ കത്തുന്ന മണം കേട്ട് 

മിണ്ടാതെ 

തിരിച്ചു വന്നു .


ഓർമ്മ മറവിയെത്തേടി 

അലാദീന്റെ മരുഭൂവിൽ അലഞ്ഞു .


ഭ്രാന്ത്‌ മാറിയപ്പോൾ 

എല്ലാം തിരിച്ചു വന്നു .

കാഴ്ച 

കേൾവി 

സ്പർശം 

മണം 

ഓർമ്മ ...


പക്ഷെ 

അവയൊന്നും 

എന്നെക്കണ്ട് 

തിരിച്ചറിഞ്ഞതേയില്ല .


എന്റെ 

ഉടലിൽ നിന്ന് 

കൈകാലുകളും 

മൂക്കും മുലകളും 

കാതുകളും 

വെട്ടി മാറ്റിയിരുന്നു .

................................

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....