Wednesday, April 6, 2022

വേഗസ്തവം - കെ ജി എസ്

നാല് മണിക്കൂർ കൊണ്ടൊരു
 ഹൃദയം കാസർകോട്ട്ന്ന്
 തിരുവനന്തപുരത്തെത്തിക്കണം; 
ലക്ഷം ഹൃദയങ്ങളെ ഞെരിച്ചോ
 ഇരുപ്പൂ മുപ്പൂ ഇമ്പങ്ങൾ കുന്നിട്ട് മൂടിയോ
ഇരമ്പങ്ങൾ ഈണങ്ങളെ ശ്വാസം മുട്ടിച്ചോ
ഊരിലെ ഉയിർപ്പടർപ്പുകൾ ചുട്ടെരിച്ചോ 
വേഗപ്പാത വിരിക്കണം.

പാതി ഭയത്തിലും പാതി വായുവിലുമായ് 
പായണം പുതു ദുഷ്യന്തരുടെ രാജരഥം. 
വേഗമൂർഛയിൽ 
വളഞ്ഞവ നിവർന്നതായ് 
മുറിഞ്ഞവ ചേർന്നതായ് 
പടുകുഴികൾ നികന്നതായ് 
രൂപം അരൂപമായ് 
ഉണ്മ ശൂന്യതയായ്, 
അതിദൂരം അയൽപക്കമായ് തോന്നണം.

ഗാമക്കപ്പലിന്റെ ഇന്ധനമായ 
പടിഞ്ഞാറൻ കാറ്റിന്റെ,
അധിനിവേശസുനാമിയുടെ വേഗശക്തി, 
ജീവനിലേക്ക് സംഹാരമൂർത്തിയായ് പായും 
വൈറസിന്റെ വേഗം, 
യുക്രെയിൻ സമാധാനത്തിലേക്ക് പായും 
റഷ്യൻമിസ്സൈലിന്റെ വേഗം,
വികസനാദർശമാവണം.

ജ്ഞാനസംജ്ഞകളിൽ നടുങ്ങി
 നിരക്ഷരരോഷം നിശബ്ദമാവണം.
വേഗാനുഭൂതിയിൽ മതിമറന്ന 
മറ്റൊരു ഗോപിയുടെ മേൽ നിന്ദ തെറിക്കണം.

“..യെന്തൊരു സ്പീഡെ”*ന്ന് ഗോപി
 വേഗസ്തവം ചൊല്ലി ത്രസിക്കണം.

 ചതഞ്ഞരഞ്ഞ ദരിദ്രഹൃദയങ്ങൾ തെരുവിൽ
കൂണുകളായി ഉയിർത്തെണീക്കും.

അങ്ങനെ ത്യാഗപങ്കിലമായ 
വികസന സത്യം നാട്ടിലും വിജയിക്കും.

ബലാൽത്യാഗം ബലിയെന്ന്
 അരുതാക്കുരുതിയെന്ന് 
ഈ വികസനം ദുരന്തസ്വയംവരമെന്ന് 
അലമുറ, കണ്ണീർ, ഏഴകൾ, തുടങ്ങിയ 
വികസനവിരുദ്ധർ പറയും, 
വിവരദോഷികൾ.

കേൾക്കരുത്.

-----------------------------------------------------
*സ്വയംവരം - അടൂർ ഗോപാലകൃഷ്ണൻ

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....