പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.
പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.
രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.
തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.
നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
അതിന്റെ
നീര് പിഴിഞ്ഞുണ്ടാക്കിയ
താളിക്ക്
ചോരയുടെ നിറമാണെന്ന്
കണ്ടവർ കണ്ടവർ
അടക്കം പറഞ്ഞു.
മുള്ള് തറച്ച കാരണം
പറഞ്ഞു
റോസാ ചെടിയുടെ മേൽ
യു എ പി എ ചുമത്തി,
ജയിലിലടച്ചു.
വ്യവസ്ഥിതിയോട്
കലഹിക്കുന്നത് ശിക്ഷാർഹമാണെന്ന്
പൂന്തോട്ടത്തിൽ അന്ന് ബോർഡ് തൂങ്ങി.
സുഗന്ധം ജന്മ സിദ്ധമാണെന്നും
വിലക്കെരുതെന്നും പറഞ്ഞു
കോടതിയിൽ പോയ മുല്ലപ്പൂവിനെയെടുത്ത്
ജഡ്ജി മൂപ്പൻ
ചുമരിലെ
അപ്പന്റെ ഫോട്ടോയിൽ ചാർത്തിയിട്ടു.
കാവൽക്കാരൻ ഫാഷിസ്റ്റാണെന്നും
എത്ര ഇറുത്ത് കളഞ്ഞാലും
വസന്തം ഇവിടെ
പൂത്തു കൊണ്ടിരിക്കുമെന്നും
പൂന്തോട്ടത്തിലെ ചുമരിൽ
കവിതയെഴുതിയ
മഷിത്തണ്ടിനെ
രണ്ട് ദിവസം കഴിഞ്ഞപ്പോൾ
നീര് വറ്റി, കൊല്ലപ്പെട്ട നിലയിൽ
പാതയോരത്ത് കണ്ടെത്തി.
പതിയെ പതിയെ
പൂന്തോട്ടത്തിന്റെ
നിറം മാറി.
കാഴ്ചകൾ മങ്ങി.
ശലഭങ്ങൾ നാട് വിട്ടു.
തുമ്പികളും വണ്ടുകളും
പിന്നെ
വിരുന്നു വന്നതേയില്ല.
ചിരികൾ കെട്ടുപോയ
രാവിന്റെ കാറ്റുകളിൽ
ഭീതിയുടെ
ദുർഗന്ധം പരന്നു.
കാവി നിറം സ്വീകരിച്ച ഓന്ത്
പിന്നെ നിറം മാറിയതേയില്ല.
ജയിലിൽ നിന്നിറങ്ങിയ
റോസാപൂവ് തിരികെയെത്തി.
പൂന്തോട്ടം
ശ്മശാനമായി മാറിയിരിക്കുന്നു.
വഴിതെറ്റിയെത്തിയൊരു
കുഞ്ഞു ശലഭം
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു.
പുഴുവായിരുന്ന ഞാൻ
പൂവായി മാറിയില്ലേ.
നിറങ്ങളും
പൂക്കളും തിരികെ വരും.
എത്ര കാലമെന്ന് വെച്ച്
വസന്തത്തിന് മാറി നിൽക്കാനാവും...
മണ്ണിനടിയിൽ
ആരും കാണാതെ
ഒരായിരം വേരുകൾ പൂത്തു,
തളിർത്തു.
അഴുകിയ മണ്ണിന് മേലെ
മഷിത്തണ്ടെഴുതിയ
കവിത
അപ്പോഴും മായാതെ നിന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....