Thursday, April 7, 2016

ബുദ്ധനും ആട്ടിന്‍കുട്ടിയും - എ അയ്യപ്പന്‍

ബുദ്ധാ ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി

1 comment:

  1. നല്ല പ്രയത്നം :...അഭിവാദ്യങ്ങൾ

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....