Thursday, April 7, 2016

കാത്തുനിൽപ്പ്‌ - ബാലചന്ദ്രന്‍ ചുള്ളിക്കാട്


...............................................................
വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.

ലവണലേശം തൊട്ടു സാഗരത്തിൻ
ഗഗനാന്ത വിസ്ത്രുതിയോളമല്ല
ഒരു മണൽത്തരിതൊട്ടു താരകോടി
തിരിയും മഹാപഥത്തോളമല്ല
ചിറകായി നീയെങ്കിലിന്നു താണ്ടാം
ഒരു മനസ്സെത്രയോ ദീപ്തിവർഷം!

അതിമോഹമില്ലെനിക്കിത്രവേഗം
അകലങ്ങളൊക്കെയും കീഴടക്കാൻ.

അപരാധമൊന്നുമേ ചെയ്തിടാതെ
വെടിയേറ്റുവീണൊരീ ബാലകന്റെ
അടയാത്ത കണ്ണിനൊരുത്തരം നീ
തരുമെങ്കിലെന്നു ഞാൻ കാത്തു നിൽപ്പൂ.
========================================

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....