Thursday, April 7, 2016

ഭാഷയും ആത്മഹത്യയുടെ തിയ്യതിയും - എ അയ്യപ്പൻ

ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതു കൊണ്ട്
ഒരു ചങ്ങാതി അത്മഹത്യ ചെയ്തു..
ഇതാണ് ഭൂമിയിൽ അവന്റെ
ജീവിത തഴമ്പിന്റെ പ്രസക്തി
സമുദ്രത്തിന്റേയും, കൊടുങ്കാറ്റിന്റേയും,
മുറിവേറ്റ മൃഗത്തിന്റേയും ഭാഷയുടെ മുന
ഇവൻ ശീലമാക്കിയിരുന്നു..
കൂരുരിട്ടിൽ ഇവൻ തപസ്സു ചെയ്തു
പ്രകാശത്തിന്റെ വാതിലുകൾ തുറന്നില്ല
കിണറ്റിലേയ്ക്കു നോക്കിയപ്പോൾ
അവൻ അവന്റെ മുഖം കണ്ടു
ഭാഷയോടുള്ള ക്രോധം
സ്വത്വത്തെ കുറ്റപ്പെടുത്തി
മുയലിറച്ചി ഇഷ്ടമുള്ളവനല്ല ഈ ചങ്ങാതി
അവന്  സ്വന്തം കണ്ണിന്റെ മുറിവ്
തുന്നിക്കെട്ടാതെ വയ്യ..!

ആത്മഭൂതം നഷ്ടപ്പെട്ടവന്
ഏതുഭാഷയിൽ ആരു
ചരിത്രം നിർമ്മിയ്ക്കും
ഭൂകമ്പം പൊട്ടിത്തെറിച്ച നാൾ
ഇവൻ ഭാഷയെ സ്നേഹിച്ചു
അഗ്നി തണുത്തുറഞ്ഞ നാൾ
മരണത്തിന് തലവെച്ചു
ഇവന്റെ കൈയ്യക്ഷരത്തിന്റെ
വടിവുകളിൽ തെച്ചികൾ വീണു

നദി സംഗമങ്ങളുടെ നടുക്ക്
മുങ്ങി തുടിയ്ക്കുവാൻ ഇച്ചിച്ചവൻ
കണ്ണട ഉപേക്ഷിച്ചു പോയ
ഇവന്റെ മരിച്ച കണ്ണുകൾ
തുറിച്ചു നോക്കുന്നു
ഹൃദയം നഷ്ടപ്പെട്ട അക്ഷരം
ഭാവിയില്ലാത്ത കുട്ടികളെപ്പോലെ
തൃപ്തിയില്ലാത്ത ആകാശം
ഭാഷ വറ്റിയ കടൽ

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....