Monday, May 16, 2022

ശൂർപ്പണഖ -കൽപ്പറ്റ നാരായണൻ

ഞാൻ ശൂർപ്പണഖ
രാവണ സോദരി
നാമശ്രവണ മാത്രയിൽ
നിങ്ങളുടെ മനസ്സിൽ
മാംസദാഹമുള്ള കണ്ണുകളും
നഖദംഷ്ട്രകളും 
ഭൂതലം കുലുങ്ങുന്ന നടയും
കാടുവകഞ്ഞ് മാറ്റിയുള്ള വെളിപ്പെടലും.
അതിലെനിക്ക് പരിഭവമില്ല.
ഞങ്ങൾ കാമരൂപികൾ.
അകലങ്ങൾ എന്നെ പക്ഷിയാക്കും
ദൂരശിഖരത്തിലെ പഴങ്ങൾ
എന്നെ വാനരമാക്കും
തളിരുകൾ എന്നെ മാനാക്കും
ജലം എന്നെ മത്സ്യമാക്കും.
ആഗ്രഹത്തിന്റെ രൂപം.
ഭയമില്ല
മറയില്ല 
വാക്കും പൊരുളും വെവ്വേറെ അല്ല
ജീവിതത്തിന്റെ
മറിമായങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.

രതിനിർവൃതിയോടടുക്കുമ്പോൾ
സുരയസുരവാനരമാനുഷഭേദമില്ലാതെ
ഏത് പെണ്ണിനും എന്റെ പ്രകൃതം
എന്റെ സർപ്പവീര്യം.
ചിലർ ചീറ്റും
ചിലർ കടിക്കും
ചിലർ മുളപൊട്ടുമ്പോലെ കരയും.
ചിലരക്കിടപ്പിൽ പർവ്വതങ്ങൾ കൊറിയ്ക്കും.
അവർ കൊതിക്കുന്ന താഴ്വരയിലൂടെ
ഞാനെന്നും സ്വച്ഛന്ദം നടന്നു
കൈ നീട്ടിയാലെത്താത്തതായി 
രാവണ സോദരിയ്ക്ക്
യാതൊന്നുമുണ്ടായില്ല.
ജീവിതം ഉത്സവമായിരുന്നു അവൾക്ക്.

'രാമോ രമയതാം ശേഷ്ഠ!'
എന്ന് കവി പറഞ്ഞത് നേരെന്ന്
കണ്ടപ്പോൾ എനിക്കും തോന്നി.
രാമന്ന് പക്ഷെ ജീവിതത്തെ ഭയമായിരുന്നു
അയാൾ എന്നെ അനുജന് കൈമാറി
അയാൾക്കതിലേറെ ഭയം.
ഭീരുക്കൾ ശത്രുക്കളേക്കാൾ നീചന്മാർ
അവരെന്നെ പീഡിപ്പിച്ചു രസിച്ചു
 ഭീരുതയും ക്രൂരതയും രണ്ടല്ലെന്ന്
ഞാനറിഞ്ഞു.

കാമ പൂർത്തിവരാത്തതിനാൽ 
ഉള്ള് നുറുങ്ങിക്കരഞ്ഞ
ഇണയെ മനസ്സിലായ കവിക്ക്
എന്നെ മനസ്സിലാകാതെ പോയതാണത്ഭുതം.
അതോ മനസ്സിലായ മഹർഷിയുടെ ശാപമോ
രാമൻ പിന്നീടനുഭവിച്ചതെല്ലാം ?
നേട്ടങ്ങളെല്ലാം കോട്ടങ്ങൾ!

സീത സകാമയല്ലെന്ന് കണ്ട് രാവണൻ
അവൾക്കൊരു വത്സരം
നീട്ടി നൽകുന്നു
നീ കാമരൂപിയാകും വരെ
നിന്നെ ഞാൻ തൊടില്ല. 
സീത എന്റെ സഹോദര
സവിധത്തിൽ സുരക്ഷിത.
രാമ സവിധത്തിൽ ഞാനോ?
കാമരൂപിയായതിനാൽ ഒന്നുകൂടി 
സ്വീകാര്യയും
ദുർബ്ബലയും ദയാർഹയും രക്ഷണീയയും
ആയവളുടെ മൂക്കും മുലയും അരിഞ്ഞു
രാമ നീതി.
ഭക്ഷണം യാചിക്കുന്നവളേക്കാൾ
അഭയാർഹയല്ലേ കാമം യാചിക്കുന്നവൾ.
അവളെ പരിഹസിക്കാമോ?
അവളെ നോവിക്കാമോ?

നിരുപാധികമായ ആനന്ദത്തെ
നിങ്ങൾക്ക് പേടിയാണ്.
മാനുഷരെല്ലാം അസന്തുഷ്ടർ.
എനിക്ക് സീതയോട്
അസൂയയല്ല
സഹതാപമാണ്.
ചളിയിൽ പിറന്നു,
ഭാവിയിൽ എങ്ങനെയെല്ലാം
ആയിത്തീരാമെന്നറിയാത്ത
ഭർത്താവിന്റെ നിഴലായി
പുറകെ തല താഴ്ത്തി നടന്നു ,
യൗവ്വനത്തിൽ 
കല്ലിലും മുള്ളിലുമലഞ്ഞു.
ഭർത്തൃസഹോദരൻ പോലും തന്നെ മോഹിക്കുന്നതായി മോഹിക്കുവാൻ
മാത്രം ചെറുതായ ലോകത്തിൽ ജീവിച്ചു.
ഗർഭിണിയായപ്പോൾ
അനാഥയായി.
ഭർത്താവ് നയിക്കുന്ന രാജ്യം 
തന്നെ പുറന്തള്ളി
സാഘോഷം മുന്നേറുന്നത് നോക്കി
കാട്ടിൽ കഴിഞ്ഞു.
മനുഷ്യസ്ത്രീകൾ കാര്യമില്ലാത്ത
കാത്തിരിപ്പിന്റെ ജന്മാവകാശികൾ.
സീത ജീവിച്ചതിലേറെ കാത്തിരുന്നു.

അറിയാമോ,
രാവണരാമ യുദ്ധം നടന്നത്
ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു
സീതയ്ക്ക്   വേണ്ടിയായിരുന്നില്ല.
സീതാപഹരണം
ഒരു യുദ്ധതന്ത്രം മാത്രം.
ഒരു ചുവടുറപ്പിക്കൽ മാത്രം.
എനിക്ക് വേണ്ടി എന്റെ വംശം
ഇല്ലാതാകുന്നത് വരെ പൊരുതി
അവസാനത്തെ ആൾ വരെ
എനിക്കായി രക്തം ചൊരിഞ്ഞു
ഒരാളും എന്നെ പഴിച്ചില്ല.
ആഗ്രഹം ഒരു കുറ്റമല്ല.

                -------------------

1 comment:

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....