കടല്‍പോലൊരു രാത്രി,
തേങ്ങലും തിരക്കോളു-
മിടിവെട്ടുംപോല്‍ പൊട്ടി-
യടങ്ങും കരച്ചിലും
പിടയും നെഞ്ഞും,നെഞ്ഞി-
ന്നടിയാഴത്തില്‍ തീയും
കടല്‍ പോലൊരു രാത്രി,
ഞാന്‍ കടന്നൊരാ രാത്രി....
മഴ പോലൊരു രാത്രി,
പെയ്തുപെയ്തിരുണ്ടാകെ-
ക്കുഴഞ്ഞു ചെളികെട്ടി-
ത്തണുത്തു വിറങ്ങലി-
ച്ചൊഴുകാനാകാതിറ്റുവീണു
വീണൊലിക്കുന്ന
മഴ പോലൊരു രാത്രി,
ഞാന്‍ നനഞ്ഞൊരാ രാത്രി....
മൃതി പോലൊരു രാത്രി,
മൂകമായ് ,പ്രേമം കെട്ട
മിഴി പൂട്ടിയ നീണ്ട കിടപ്പായ്,
തണുപ്പിച്ച
വിരലായ്,കല്ലിച്ചോരു മനസ്സായ്,
നിശ്ചേഷ്ടമായ്
മൃതി പോലൊരു രാത്രി,
ഞാന്‍ വിളി കേള്‍ക്കാ രാത്രി....
പുലരി വരുംപോലും നാളെയും!
കാല്‍ത്തണ്ടതന്‍
ചിരി ചിന്നിച്ചും കൊണ്ടു
തിടുക്കില്‍ നടന്നെന്‍റെ-
യഴിവാതില്‍ക്കല്‍ ബാലസൂര്യന്‍റെ
കൈയും പിടി-
ച്ചവളെത്തുമ്പോള്‍,
വാതില്‍ തുറക്കാന്‍ എനിക്കാമോ?
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Thursday, March 22, 2018
കടല്‍ പോലൊരു രാത്രി - സുഗതകുമാരി
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....