പൂര്‍ണ്ണമാക്കരുതൊരു
ചുവരും, വിടവുകള്‍
വേണമേയുറുമ്പിനും
പാറ്റയ്ക്കും ചിതലിനും.
പൂര്‍ണ്ണമാക്കരുതൊരു
കതകും, കടക്കണം
ഗൌളികള്‍, കിളികളും
പൂക്കള്‍ തന്‍ മണങ്ങളും.
പൂര്‍ണ്ണമാക്കല്ലേ ജനല്‍,
മറുപാളിയില്‍ പേറ്റു-
നോവുമായ് തള്ളപ്പൂച്ച-
യെത്തട്ടേ മഴയ്ക്കൊപ്പം.
പൂര്‍ണ്ണമാക്കല്ലേ വീടിന്‍
മേല്‍ക്കൂര, കടന്നോട്ടെ
പാവമാക്കള്ളന്‍, കുഞ്ഞിന്‍
വിശപ്പാല്‍ മെലിഞ്ഞവന്‍.
പൂര്‍ണ്ണമായ് കൊടുക്കല്ലേ
ഹൃദയം, വരാമൊരാള്‍
നാളെ, നീയറിയാത്ത
സ്നേഹത്തിന്‍ ചൂടും പേറി.
പൂര്‍ണ്ണമാക്കല്ലേ കാവ്യം,
വായനക്കാരിയ്ക്കിടം
വേണമേ സ്വകല്‍പ്പന-
യ്ക്കൊത്തതു മുഴുമിക്കാന്‍.
പൂര്‍ണ്ണമല്ലൊരു പൂവും
പുഴയും കുരുവിയും
ചേര്‍ത്തിടാമൊരിതള്‍,
ഒരല്‍പ്പം നീര്‍, ഒരു തൂവല്‍.
പൂര്‍ണ്ണത്തില്‍ പൂര്‍ണ്ണം ചേര്‍ക്കാ-
മെങ്കിലതപൂര്‍ണ്ണമേ;
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
പോകിലുമതപൂര്‍ണ്ണം.
ഈയപൂര്‍ണ്ണതയിലേ
മര്‍ത്ത്യനുമിടം ഗുരോ,
പൂര്‍ണ്ണനല്ലങ്ങെന്നിന്നു
വെളിപാടെനിക്കുണ്ടായ്.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....