Sunday, October 22, 2017

നിറമുള്ള വീട് - സുനി പി വി

നീ താമസിച്ചിരുന്ന
പാതി വിടർന്ന തെച്ചി പ്പൂവിന്റെ
നിറമുള്ള വീട്,
അതെവിടെയായിരുന്നു?
എത്ര ശ്രമിച്ചിട്ടും ആ വഴി
കണ്ടെത്താനോ കാണാനോ
കഴിയുന്നില്ല.

എന്നും പൂക്കുന്ന
ചുവന്ന ചെമ്പരത്തി വേലിയാണ്
ഒരടയാളം.
ഞാനെത്തുമ്പോഴേക്കും
അവയ്ക്കും വസന്തം നഷ്ടമായി.
മഴയില്ലെങ്കിലും പായൽ
വഴുക്കുന്ന മുറ്റവും
അഴികൾ അടർന്നു പോയ
ഒറ്റ ജനാലയും..
അടയാളങ്ങൾ അതു തന്നെ.
എന്നിട്ടും എവിടെയാണ്
മറന്നു പോവുന്ന വീട്..

പുറകിലൂടെ വന്നെന്നെ
പുണർന്ന് ചിതറിപ്പോയ
ഓർമ്മച്ചുണ്ടുകൾ ചേർത്ത്,
രൂപം പകർന്ന്,
നൂലറ്റ പട്ടത്തിനു പുറകെ
പോവുന്നരെന്നെ കവിത
ചൊല്ലി വിളിച്ചൂടേ...

ലക്ഷ്യബോധമില്ലാതെ
മരിച്ചവന്റെ
കണ്ണുകൾ പോലെ നോക്കുന്ന
കാവൽക്കാരനും,
മുരടനക്കുന്ന അയൽക്കാരും
എന്നോടാ ചോദ്യം
ആവർത്തിക്കുന്നു
വഴിതെറ്റിയോ എന്ന്.

മാറ്റിപണിയാൻ കഴിയാത്ത
വഴികളുള്ള
ജലരേഖകളാൽ നീ പണിത
പാതി വിടർന്ന തെച്ചിപ്പൂവിന്റെ
നിറമുള്ള വീട്,
ജാലവിദ്യയാൽ അപ്രത്യക്ഷമായതോ
മടുപ്പിന്റെ അങ്ങേ തലക്കൽ
വെച്ച് പേരില്ലാത്ത
കടലെടുത്തു പോയതോ..

രണ്ടായാലും തെരുവുകൾ
അവസാനിക്കുന്നിടത്ത്
ഓർമ്മകളുമായി ഇണചേരാൻ
വേരുകൾ അഴിച്ചിടാൻ
ആ വീടെനിക്കു
വേണമായിരുന്നു...!!

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....