Sunday, October 22, 2017

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....