Thursday, December 29, 2022

നിര്‍ഭയ - സുഗതകുമാരി


മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.

 

നെറുകയില്‍ മഴമുത്തുകള്‍ പോലവേ

വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;

അവളെ മൂളിക്കളിച്ചു ചുഴലുന്നു

വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;

ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍

ഒരു കുരുന്നുശലഭം; ചിരിക്കുന്ന

പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!

 

മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;

വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.

 


Wednesday, December 28, 2022

മലയാളം - യൂസഫലി കേച്ചേരി


അടുത്ത വീട്ടിലെ ചരമശയ്യയിൽ

അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി

വിവരം കേട്ടു ഞാനവിടെയെത്തിയെൻ 

വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.

 

വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി

തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും

മരുന്നു വായിലേക്കൊഴിക്കാനാകാതെ

പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ

പതുക്കെയോതിനാ‍ൻ "അനർത്ഥലൗകികം

മതിയിനി; ഊ‍ർദ്ധ്വവലി തുടങ്ങിപ്പോയ്"

 

അവിടെയപ്പൊഴുതഖില‍ർക്കും കണ്ണി‍ൽ

അകാലതാമിസ്രം ഭയമിയറ്റവേ

തല നരച്ച മറ്റൊരു വയോവൃദ്ധ 

നിലവിളക്കിന്റെയരികി‍ൽവന്നിരു-

ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-

ച്ചിരപരിചിത കവിത പാടുവാൻ 

തുടങ്ങി; മെല്ലവേയിരുളകലുന്നു

തുടുവെളിച്ചത്തി‍ൻ  തളിരിളകുന്നു.

 

അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-

ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.

കരിങ്കല്ലംഗനാ സുഷമയാകുന്നു

കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു

നിശാചരഗ്രസ്തം നരത്വം മുക്തിത‍ൻ

പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.

 

വിരാഗമാം പൊരുള്‍,സരാഗവാങ് മയം-

പുരാണപീയൂഷം ഒഴുകി നില്‍ക്കവേ 

നിറഞ്ഞ ചിദ്രസശമകണം മുകര്‍-

ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.

 

അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍

അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി

ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍

സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.

 

തിരിച്ചു പോരവേ, ജനിത വിസ്മയം

തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?

ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും 

കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?

 

അരുളിനേന്‍:പാരിലഖിലഭോഗ്യവും

അരുന്തുദങ്ങളാമസഹ്യമാത്രയില്‍

മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍ 

മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ 

കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം

അവികലാനന്ദപുളകിതാംഗനായ്

പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-

പറമ്പിലെ മൃത്യുഞ്ജയപരിമളം!

 


Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട


ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ


പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ

പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-

ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-

വേഗം കുടിക്കാനു,മോമൽത്തടിൽമേനി

പുൽകിത്തലോടാനുമാഴത്തിലാഴത്തി-

ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-

ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ

കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!

ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!

നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-

രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,

ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-

യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,

വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും

ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും

തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -

ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-

യടക്കിക്കപാലാസ്ഥി മാലാവിതാനം

ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.

വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നുചുറ്റും

ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.

ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!

തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ

കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ

കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ

സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ

എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -

കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.

ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,

ശാരദാശസങ്കാശസൗമ്യേ, ശിവേ !

പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ

പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ

ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം

വികാരോൽബണം വിശ്വഭാവം

സമാകർഷചേതോവിതാനം, സരിത്തിൻ

ഹൃദന്താവബോധോദയം, പാരിജാതം

പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -

പ്രകാരം, പ്രസാദം, പ്രകാശം.

ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം

ഇതാണെന്റെ നീയായ സത്യസ്വരൂപം

ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ! 


Sunday, June 26, 2022

അർപ്പുതം അമ്മാൾ - സെറീന

     

അവനെ പെറാൻ പോയ 

ആശുപത്രിയിലെ 

കാത്തിരിപ്പ് മുറിയായി ലോകം. 

അവർ കാത്തിരുന്നു ,

കാത്തു നിന്നു. 

കുഴഞ്ഞു വീണിട്ടും 

പുറം ലോകം കാണാനിരിക്കുന്ന 

മകന് കാവൽ കിടന്നു. 

 

കാത്തിരിപ്പ് 

ഇരിപ്പില്ലാത്തൊരു കടൽ

ചോരയുടെ നിറമുള്ളത് .

എത്ര വാതിലുകളിൽ ,

എവിടെയെല്ലാം അതിന്നിരമ്പം 

ഉപ്പ് കയ്ക്കും മുലപ്പാലിൻ തിര. 

 

ഇരുട്ടിൽ, ജീവജലത്തിൽ 

അവന്റെ പാലം

ആ പൊക്കിൾ കൊടി

ഇരുൾക്കാലം കടക്കുവാൻ 

ലോകാന്ത്യം വരേയ്ക്കുമുള്ളത് .

 

ഇരുമ്പുരുകിയ  ദാഹജലം 

അതൊഴുകും തൊണ്ടക്കുഴൽ 

പെറ്റൊഴിയാത്ത നോവ്,

ഹൃദയം  പേറിയ ഗർഭം. 

 

ആധികളുടെ 

മഞ്ഞ ജലം ഛർദ്ദിച്ചും 

തളർന്ന പേശികൾ കോച്ചിയുമവർ 

മുപ്പതാണ്ടിനുള്ളിലെത്ര തവണ 

പിന്നെയുമവനെ പെറ്റു!

 

അൻപ്  പെറ്റ വയറേ ,

മൂന്ന് മുലയുള്ള സ്ത്രീയേ 

തീയടുപ്പിൽ തിളച്ചു വീഴുന്നു 

നിന്റെ കണ്ണീർ ച്ചിരി 

കെട്ടു പോവാതിരിക്കട്ടെ ലോകം.

 


Friday, June 10, 2022

ജ്ഞാനസ്നാനം - ബാലചന്ദ്രൻ ചുള്ളിക്കാട്


(1836 ജനുവരി 8. പാരീസിലെ കൊൺഷെറി പ്രിസൺ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവിയും കുറ്റവാളിയുമായ പിയ ഫ്രാങ്സ്വാ ലാസണറിന്റെ അന്ത്യരാത്രി. രംഗം സാങ്കല്പികം )

 

 

ലാസണൈർ, എഴുന്നേൽക്ക 

ഫ്രഞ്ചു കൽത്തുറുങ്കിന്റെ 

നൈശയാമത്തിൽ 

ശാന്തം മുഴങ്ങീ മഹാനാദം

 

അവിടെ ശിരച്ഛേദ 

മാത്ര കാത്തിരിക്കുന്നു. 

കവിയാം കൊലയാളി 

ലാസണൈർ നിദ്രാഹീനം.

 

അപരാധത്തിൻ ധീര 

കാമുകൻ പ്രേതഗ്രന്ഥം

ധൃതിയിൽ പാരായണം 

ചെയ്തുകൊണ്ടിരിക്കുമ്പോൾ,

 

"ലാസണൈർ, എഴുന്നേൽക്ക 

ഹാ! ജഗദ്ഗുരുവിന്റെ 

ശാസനം നിശാദിപ 

ജ്വാലയെ സ്തംഭിപ്പിച്ചു.

 

"അർദ്ധരാത്രി ഞാൻ വന്നു. 

മൃത്യുവിൽനിന്നും നിന്നെ 

നിത്യജീവനിലേക്കു 

വീണ്ടെടുക്കുവാനായി.

 

ഇന്നു നീ പശ്ചാത്താപം 

കൊള്ളുക, മൂഢത്വത്താൽ

മണ്ണിൽ നീ ചിന്തിപ്പോയ

കത്തിവായ്ത്തല പോലെ

 

ലാസണൈർ ചിരിക്കുന്നു. 

"നിത്യജീവിതം വേണ്ട

സ്വർഗ്ഗലോകവും വേണ്ട. 

ദുഃഖവുമാനന്ദവും 

ശുദ്ധശൂന്യമായ്ത്തീർന്നു 

മൃത്യുവും മതിപ്പെട്ടു. 

നിത്യമായ് നശിക്കട്ടെ.

 

കവിയും ദ്വേഷത്തോടെ 

ഞാനിന്നു വെറുത്തോട്ടേ 

കവിയെക്കൊലയാളി 

യാക്കുമി ലോകത്തിനെ.

 

 

മുഴങ്ങി മൗനം മാത്രം. 

ലാസർ നിറുകയിലറിഞ്ഞു

 മുറിവുള്ള തൃക്കരസ്പർശം മാത്രം.

 

രാത്രി തോരുവാനായി 

മാർത്തയും മറിയയും 

കാത്തുനിൽക്കുന്നു കാരാ-

ഗൃഹത്തിൻ കവാടത്തിൽ

 

 വധയന്ത്രത്തിൽ നിന്നു 

ജ്യേഷ്ഠനെക്കൈക്കൊള്ളാനും

ശവഭോജിയാം മണ്ണിൽ

കൊണ്ടുപോയടക്കാനും.

 


ജയിൽ വർക്ക് ഷോപ്പ് - വീരാൻകുട്ടി

ലൈബ്രറിഹാളിലെ

ശില്പങ്ങൾ എന്നു തോന്നിച്ച

അലമാരകൾ കണ്ടുനടന്നു,

 സെൻട്രൽ ജയിലിലെ

ജീവപര്യന്തം തടവുകാർ പണിതത്.

 

ക്ഷമ കൈവിട്ടുപോയ

നിമിഷത്തിന്റെ

വിറ മാറാത്ത ഓർമ്മയിൽ,

ഏകാന്തതയോളം വലിയ

ശിക്ഷയേതെന്ന വെളിവിൽ

അവർ ഓരോ മരത്തെയും

ചെന്നു തൊട്ടു.

വേദനിപ്പിക്കാത്ത വിധം അതിന്മേൽ

ഉളിയെ നടത്തി.

തഴുകുന്ന മാതിരി ചിന്തേരിട്ടു.

 

കൊല്ലുന്ന അരിശമോ

പകയോ

ദുരഭിമാനമോ

കൈത്തരിപ്പോ ആയിരുന്നതൊക്കെയും

അവരിലപ്പോൾ

നെറ്റിയും മകുടവുമായി

ആരൂഢവും അണിയവുമായി,

സ്വന്തം കൈകൊണ്ട്

അബദ്ധത്തിൽ മരിച്ച കുഞ്ഞിനെ

ജീവനിടുവിക്കുന്നപോലെ

കരുണയോടെ,

സാവധാനം.

 

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അലമാരകൾ ഇപ്പൊഴും 

പുത്തൻ പോലെ.

നീതിമാന്മാർക്കിരിക്കാനുള്ള റാക്കുകൾ പണിതുപണിത്

അവർക്ക് വയസ്സായി.

ആരെയെല്ലാം തൂക്കിലേറ്റി

വെറുതെ വിട്ടു

കുറ്റബോധം തീരാഞ്ഞ് 

സ്വയം ജീവൻ വെടിഞ്ഞു

അറിയില്ല.

 

എവിടെയും പോകാനില്ലാത്ത ഒരാൾ മാത്രം

അതേ വർക്ക് ഷോപ്പിലിരുന്ന് 

തന്റെ ഇപ്പോളില്ലാത്ത കുഞ്ഞിന് 

ഒരു മരത്തൊട്ടിൽ പണിയുന്നു.

അയാളുടെ സ്വപ്നത്തിൽ

പണിതീർന്നു വരുന്നു

മരണത്തെ എറ്റുന്ന 

ഒരു തെറ്റാലി.

 


Monday, May 16, 2022

ശൂർപ്പണഖ -കൽപ്പറ്റ നാരായണൻ

ഞാൻ ശൂർപ്പണഖ

രാവണ സോദരി

നാമശ്രവണ മാത്രയിൽ

നിങ്ങളുടെ മനസ്സിൽ

മാംസദാഹമുള്ള കണ്ണുകളും

നഖദംഷ്ട്രകളും 

ഭൂതലം കുലുങ്ങുന്ന നടയും

കാടുവകഞ്ഞ് മാറ്റിയുള്ള വെളിപ്പെടലും.

അതിലെനിക്ക് പരിഭവമില്ല.

ഞങ്ങൾ കാമരൂപികൾ.

അകലങ്ങൾ എന്നെ പക്ഷിയാക്കും

ദൂരശിഖരത്തിലെ പഴങ്ങൾ

എന്നെ വാനരമാക്കും

തളിരുകൾ എന്നെ മാനാക്കും

ജലം എന്നെ മത്സ്യമാക്കും.

ആഗ്രഹത്തിന്റെ രൂപം.

ഭയമില്ല

മറയില്ല 

വാക്കും പൊരുളും വെവ്വേറെ അല്ല

ജീവിതത്തിന്റെ

മറിമായങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.

 

രതിനിർവൃതിയോടടുക്കുമ്പോൾ

സുരയസുരവാനരമാനുഷഭേദമില്ലാതെ

ഏത് പെണ്ണിനും എന്റെ പ്രകൃതം

എന്റെ സർപ്പവീര്യം.

ചിലർ ചീറ്റും

ചിലർ കടിക്കും

ചിലർ മുളപൊട്ടുമ്പോലെ കരയും.

ചിലരക്കിടപ്പിൽ പർവ്വതങ്ങൾ കൊറിയ്ക്കും.

അവർ കൊതിക്കുന്ന താഴ് വരയിലൂടെ

ഞാനെന്നും സ്വച്ഛന്ദം നടന്നു.

കൈ നീട്ടിയാലെത്താത്തതായി 

രാവണ സോദരിയ്ക്ക്

യാതൊന്നുമുണ്ടായില്ല.

ജീവിതം ഉത്സവമായിരുന്നു അവൾക്ക്.

 

'രാമോ രമയതാം ശ്രേഷ്ഠ!'

എന്ന് കവി പറഞ്ഞത് നേരെന്ന്

കണ്ടപ്പോൾ എനിക്കും തോന്നി.

രാമന്ന് പക്ഷെ ജീവിതത്തെ ഭയമായിരുന്നു

അയാൾ എന്നെ അനുജന് കൈമാറി

അയാൾക്കതിലേറെ ഭയം.

ഭീരുക്കൾ ശത്രുക്കളേക്കാൾ നീചന്മാർ

അവരെന്നെ പീഡിപ്പിച്ചു രസിച്ചു

 ഭീരുതയും ക്രൂരതയും രണ്ടല്ലെന്ന്

ഞാനറിഞ്ഞു.

 

കാമപൂർത്തി വരാത്തതിനാൽ 

ഉള്ള് നുറുങ്ങിക്കരഞ്ഞ

ഇണയെ മനസ്സിലായ കവിക്ക്

എന്നെ മനസ്സിലാകാതെ പോയതാണത്ഭുതം.

അതോ മനസ്സിലായ മഹർഷിയുടെ ശാപമോ

രാമൻ പിന്നീടനുഭവിച്ചതെല്ലാം ?

നേട്ടങ്ങളെല്ലാം കോട്ടങ്ങൾ!

 

സീത സകാമയല്ലെന്ന് കണ്ട് രാവണൻ

അവൾക്കൊരു വത്സരം

നീട്ടി നൽകുന്നു.

നീ കാമരൂപിയാകും വരെ

നിന്നെ ഞാൻ തൊടില്ല. 

സീത എന്റെ സഹോദര

സവിധത്തിൽ സുരക്ഷിത.

രാമസവിധത്തിൽ ഞാനോ?

കാമരൂപിയായതിനാൽ ഒന്നുകൂടി 

സ്വീകാര്യയും

ദുർബ്ബലയും ദയാർഹയും രക്ഷണീയയും

ആയവളുടെ മൂക്കും മുലയും അരിഞ്ഞു

രാമ നീതി.

ഭക്ഷണം യാചിക്കുന്നവളേക്കാൾ

അഭയാർഹയല്ലേ കാമം യാചിക്കുന്നവൾ.

അവളെ പരിഹസിക്കാമോ?

അവളെ നോവിക്കാമോ?

 

നിരുപാധികമായ ആനന്ദത്തെ

നിങ്ങൾക്ക് പേടിയാണ്.

മാനുഷരെല്ലാം അസന്തുഷ്ടർ.

എനിക്ക് സീതയോട്

അസൂയയല്ല

സഹതാപമാണ്.

ചളിയിൽ പിറന്നു,

ഭാവിയിൽ എങ്ങനെയെല്ലാം

ആയിത്തീരാമെന്നറിയാത്ത

ഭർത്താവിന്റെ നിഴലായി

പുറകെ തല താഴ്ത്തി നടന്നു ,

യൗവ്വനത്തിൽ 

കല്ലിലും മുള്ളിലുമലഞ്ഞു.

ഭർത്തൃസഹോദരൻ പോലും തന്നെ മോഹിക്കുന്നതായി മോഹിക്കുവാൻ

മാത്രം ചെറുതായ ലോകത്തിൽ ജീവിച്ചു.

ഗർഭിണിയായപ്പോൾ

അനാഥയായി.

ഭർത്താവ് നയിക്കുന്ന രാജ്യം 

തന്നെ പുറന്തള്ളി

സാഘോഷം മുന്നേറുന്നത് നോക്കി

കാട്ടിൽ കഴിഞ്ഞു.

മനുഷ്യസ്ത്രീകൾ കാര്യമില്ലാത്ത

കാത്തിരിപ്പിന്റെ ജന്മാവകാശികൾ.

സീത ജീവിച്ചതിലേറെ കാത്തിരുന്നു.

 

അറിയാമോ,

രാവണരാമ യുദ്ധം നടന്നത്

ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു

സീതയ്ക്ക്   വേണ്ടിയായിരുന്നില്ല.

സീതാപഹരണം

ഒരു യുദ്ധതന്ത്രം മാത്രം.

ഒരു ചുവടുറപ്പിക്കൽ മാത്രം.

എനിക്ക് വേണ്ടി എന്റെ വംശം

ഇല്ലാതാകുന്നത് വരെ പൊരുതി

അവസാനത്തെ ആൾ വരെ

എനിക്കായി രക്തം ചൊരിഞ്ഞു

ഒരാളും എന്നെ പഴിച്ചില്ല.

ആഗ്രഹം ഒരു കുറ്റമല്ല.

 

                -------------------

 


Saturday, April 9, 2022

വേനൽമഴ - എ അയ്യപ്പൻ


 

പാടു നീ മേഘമല്‍ഹാര്‍.. 

പാടു നീ മേഘമല്‍ഹാര്‍,

ഗര്‍ഭസ്ഥ വര്‍ഷത്തിനെ തേടു നീ,

അമ്ലരൂക്ഷമാക്കുക സ്വരസ്ഥാനം

ഗര്‍ജ്ജിയ്ക്കും സമുദ്രത്തിന്‍

ശാന്തമാം കയം നിന്റെ

മുജന്മം ദാഹിയ്ക്കുന്നു,

പാടു നീ മേഘമല്‍ഹാര്‍..

 

ഇടത്തെ നെഞ്ചിന്‍ ക്ഷതം

വലത്തെ കൈപ്പത്തിയില്‍ തുടിയ്ക്കും

താളത്തിനെ ഗാനമായ് ഹലിപ്പിയ്ക്കൂ

 

ചരിയും ഗോപുരത

താങ്ങുന്ന തോളെല്ലുകള്‍

ചെരിഞ്ഞു മഹാസാന്ദ്ര 

ദുഃഖത്തിന്‍ ഐരാവതം

ഖനിതന്നാഴത്തിലെ 

കല്‍ക്കരിത്തീയില്‍ വീഴും

കണ്ണുനീരാണോ നിന്റെ 

മേഘമല്‍ഹാറിസ വര്‍ഷം

 

വേനലേ, നിനക്കൊരു രക്തസാക്ഷിയെ തരാം

ധ്യാനത്തില്‍ കണ്ണില്‍ നിന്നും

തോരാത്ത കാലവര്‍ഷം

ഹസ്തങ്ങളറിയാതെ,

എയ്തുപോയ് ശരം തോഴാ

മസ്തകം പിളര്‍ന്നല്ലോ,

മുത്തു ഞാനെടുത്തോട്ടെ.. 

 


Wednesday, April 6, 2022

വേഗസ്തവം - കെ ജി എസ്

നാല് മണിക്കൂർ കൊണ്ടൊരു

 ഹൃദയം കാസർകോട്ട്ന്ന്

 തിരുവനന്തപുരത്തെത്തിക്കണം

ലക്ഷം ഹൃദയങ്ങളെ ഞെരിച്ചോ

 ഇരുപ്പൂ മുപ്പൂ ഇമ്പങ്ങൾ കുന്നിട്ട് മൂടിയോ

ഇരമ്പങ്ങൾ ഈണങ്ങളെ ശ്വാസം മുട്ടിച്ചോ

ഊരിലെ ഉയിർപ്പടർപ്പുകൾ ചുട്ടെരിച്ചോ 

വേഗപ്പാത വിരിക്കണം.

 

പാതി ഭയത്തിലും പാതി വായുവിലുമായ് 

പായണം പുതു ദുഷ്യന്തരുടെ രാജരഥം. 

വേഗമൂർഛയിൽ 

വളഞ്ഞവ നിവർന്നതായ് 

മുറിഞ്ഞവ ചേർന്നതായ് 

പടുകുഴികൾ നികന്നതായ് 

രൂപം അരൂപമായ് 

ഉണ്മ ശൂന്യതയായ്

അതിദൂരം അയൽപക്കമായ് തോന്നണം.

 

ഗാമക്കപ്പലിന്റെ ഇന്ധനമായ 

പടിഞ്ഞാറൻ കാറ്റിന്റെ,

അധിനിവേശസുനാമിയുടെ വേഗശക്തി

ജീവനിലേക്ക് സംഹാരമൂർത്തിയായ് പായും 

വൈറസിന്റെ വേഗം

യുക്രെയിൻ സമാധാനത്തിലേക്ക് പായും 

റഷ്യൻമിസ്സൈലിന്റെ വേഗം,

വികസനാദർശമാവണം.

 

ജ്ഞാനസംജ്ഞകളിൽ നടുങ്ങി

 നിരക്ഷരരോഷം നിശബ്ദമാവണം.

വേഗാനുഭൂതിയിൽ മതിമറന്ന 

മറ്റൊരു ഗോപിയുടെ മേൽ നിന്ദ തെറിക്കണം.

 

“..യെന്തൊരു സ്പീഡെ”*ന്ന് ഗോപി

 വേഗസ്തവം ചൊല്ലി ത്രസിക്കണം.

 

 ചതഞ്ഞരഞ്ഞ ദരിദ്രഹൃദയങ്ങൾ തെരുവിൽ

കൂണുകളായി ഉയിർത്തെണീക്കും.

 

അങ്ങനെ ത്യാഗപങ്കിലമായ 

വികസന സത്യം നാട്ടിലും വിജയിക്കും.

 

ബലാൽത്യാഗം ബലിയെന്ന്

അരുതാക്കുരുതിയെന്ന് 

ഈ വികസനം ദുരന്തസ്വയംവരമെന്ന് 

അലമുറ, കണ്ണീർ, ഏഴകൾ, തുടങ്ങിയ 

വികസനവിരുദ്ധർ പറയും

വിവരദോഷികൾ.

 

കേൾക്കരുത്.

 

-----------------------------------------------------

*സ്വയംവരം - അടൂർ ഗോപാലകൃഷ്ണൻ