Saturday, March 25, 2017

ഇച്ചീച്ചി - ധര്‍മരാജ് മടപ്പള്ളി

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അച്ഛനുമമ്മയും
പണിക്കുപോകുന്ന
ഞായറാഴ്ചകളിൽ
ഏട്ടത്തിക്കൊപ്പം
മുറ്റത്തു
കളിച്ചുകൊണ്ടിരിക്കുമ്പോളാണ്
ആദ്യമായി അവർ വന്നത്.

"മിഠായി വാങ്ങി വന്നോളൂ"
എന്നു പറഞ്ഞ് അവർ
കവിളിലുമ്മവെച്ചിരുന്നു.
ഉമ്മ തീരും മുന്നേ
അന്നു ഞാൻ കടയിലേക്കോടിയിരുന്നു.
തിരിച്ചു വന്നേരം
ചായ്പ്പിലെ പുല്ലുപായയിൽ
കമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെ
ഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.

എന്തിനാണു കരയുന്നതെന്നു
പലതവണ ചോദിച്ചിട്ടും
ഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽ
കരഞ്ഞുകൊണ്ടേയിരുന്നു.
അങ്ങിനെയാണ്
ഞാൻ ചോദ്യങ്ങൾ
നിറുത്തിയത്.

ഞായറാഴ്ചകൾ
മാത്രമല്ല
പിന്നീട് ശനിയാഴ്ചകൾക്കും
നട്ടുച്ചകളുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
ബുധനും
വ്യാഴത്തിനുമൊക്കെ
രാത്രികളുമുണ്ടായി.

രാത്രികളുടെ
ഓടാമ്പലുകൾ നീക്കി,
ഏടത്തി എന്നേയും കടന്ന് മഞ്ഞിലേക്കും
മഴയിലേക്കും പോയി.

തിരിച്ചുവന്ന്
അതേ
കമിഴ്ന്നു കിടപ്പും ചരച്ചിലും...
ഇച്ചീച്ചിയിലെ
ചോരയും,

പിന്നേപ്പിന്നേ
ചോര വരാതായി...
കരച്ചിലു വരാതായി..

അമ്മയുമച്ഛനും എല്ലാ
ഞായറാഴ്ചകളിലും പണിക്കുപോയി.

തിരിച്ചു വരുമ്പോൾ
അവർ കൈനിറയേ
കപ്പയും മീനും
കൊണ്ടു വന്നു.
നല്ല വീടുണ്ടാക്കാനുള്ള
ആശകളും കൊണ്ടു വന്നു.

കുളിക്കുമ്പോൾ
അമ്മ ഇടക്കെന്നെ വിളിക്കും.
പുറത്തെ ചേറ് ഉരച്ചു കഴുകിക്കൊടുക്കാൻ.
ഇത്രയും ചേവിടുന്നാണമ്മേ
എന്നു ഞാൻ ചോദിക്കും.
അമ്മ ദീർഘമായൊരു നിശ്വാസം വിടും.

ശനിയാഴ്ചക്കു ശേഷം
ഞായറാഴ്ച വന്നു.

ഞങ്ങളിപ്പോൾ
പണ്ടത്തേപ്പോലെ
കളിക്കാറില്ല.
ഏട്ടത്തി
ഒന്നും പറയാറില്ല.

നട്ടുച്ചക്ക് അവർ വന്നു.
അതിലൊരാളെന്നെ
ഉമ്മവെച്ചു.
അച്ചനുമമ്മയും വെക്കുന്ന തരത്തിലുള്ള
ഉമ്മയായിരുന്നില്ല അത്.

ഏട്ടത്തി ഓടിവന്ന് അയാളേ പിടിച്ചുവലിച്ചു.
മറ്റൊരാൾ ഏട്ടത്തിക്ക്
രണ്ടു രൂപ കൊടുത്ത്
മിഠായി വാങ്ങിവരാൻ പറഞ്ഞു.
ഞാനല്ലെ എന്നും മിഠായി വാങ്ങിവന്നിരുന്നതെന്ന്
പറയാൻ തുടങ്ങുമ്പോളേക്കും
എന്റെ ചുണ്ടുകൾ
അയാളുടെ
പല്ലുകൾക്കിടയിലായി.

അയാളത് കടിച്ചുപൊട്ടിച്ചു.
എനിക്ക് നീറ്റി.

മറ്റൊരാൾ ഏട്ടത്തിയൊടെന്തോ പറഞ്ഞു.
അവൾ രണ്ടു രൂപയുമായി മുഖം കുനിച്ച് പുറത്തേക്കു പോയി.

മുറ്റത്തെ കൃഷ്ണതുളസിക്കടുത്തു വെച്ച് അവളെന്നെ തിരിഞ്ഞു നോക്കി.

അതിലൊരാൾ
ഏട്ടത്തിയെ വഴക്കു പറഞ്ഞു.
അവൾ മുഖം താഴ്ത്തി ഇറങ്ങിപ്പോയി.

അവരെന്നെ ചായ്പിലേക്കു കൊണ്ടുപോയി.

കുഞ്ഞു പാവാട
വലിച്ചഴിച്ചഴിക്കെ
കുടുക്കു പൊട്ടിയപ്പോളെനിക്ക്
കരച്ചിലു വന്നു.
കരഞ്ഞപ്പോൾ
അവരെന്നെ അടിച്ചു.

പാവാടക്ക് പിറകെ
ജഢിയുമഴിച്ചു.
ചന്തികീറിയ ജഡിയിൽ
ചൂണ്ടു വിരലിട്ട്
ചൂഴറ്റിയെറിഞ്ഞ്
അതിലൊരാൾ പൊട്ടിച്ചിരിച്ചു.

നല്ലൊരു ജഢിവാങ്ങിത്തരാൻ
എത്രകാലമായി ഞാൻ പറയുന്നെന്ന്
ഞാനപ്പോൾ
സങ്കടപ്പെട്ടു.

ഉടുതുളിയില്ലാതെ എനിക്കുമേലൊരാൾ
കമിഴ്ന്നു കിടന്നപ്പോൾ
എന്റെ ഇച്ചീച്ചി പൊള്ളി.
അമ്മേയെന്നുച്ചത്തിൽ കരഞ്ഞപ്പോൾ
ഒച്ചവെച്ചാൽ കൊന്നുകളയുമെന്നവർ പറഞ്ഞു.
അന്നു മുതലാണ്
എന്റെ
കരച്ചിലിന്
ഒച്ചയില്ലാതായത്.

കടയിൽ നിന്നുവന്ന
ഏട്ടത്തിയെ അതിലോരാൾ
അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
അവളുടെ കയ്യിലെ
കടലമിഠായി ഉമ്മറക്കോലായയിൽ വീണു.

അമ്മയുമച്ഛനും
കയറവന്ന
വൈകുന്നേരത്തിന്റെ
ഉമ്മറത്ത്
ചോരയൊലിക്കുന്ന
രണ്ട് ഇച്ചീച്ചികളായി
ഞങ്ങളിരുന്നു.

പിറ്റേന്ന് പള്ളിക്കൂടത്തിലെ
മൂത്രപ്പുരയിൽ
ശൂശുവെക്കാൻ നേരം
പതിവില്ലാതെ
ഏട്ടത്തിയും കൂടെ വന്നു.
ഇച്ചീച്ചി വല്ലാതെ നീറ്റിയപ്പോൾ
ഏട്ടത്തിയെന്റെ
പുറം തലോടി.
അമ്മയേക്കാളുമാഴത്തിൽ
ഉമ്മവച്ചു.
ഏട്ടത്തി
കരഞ്ഞില്ല.

ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
എന്നിങ്ങനെ
പല ടൈം ടേബിളുകൾ.

കടലമിഠായിക്കു തന്നിരുന്ന
രണ്ടു രൂപ
ചുരുങ്ങി നാരങ്ങാമിഠായിയിലെത്തി.
വിയർപ്പിൽ കുതിർന്ന
നാരങ്ങാമിഠായി കൈവെള്ളയിൽ
ചുവന്ന ചായമടിച്ച്
മധുരിച്ചൊരു നട്ടുച്ചക്ക്
ഏട്ടത്തി,
അമ്മയുടെ
സാരിത്തുഞ്ചത്ത്
ചായ്പ്പിലെ കഴുക്കോലിലാടി.
അവളുടെ ഇച്ചീച്ചി തോർന്നിറ്റിയ
ഇത്തിരി മൂത്രം
നിലത്തു പുള്ളികുത്തി.

പോലീസു വന്നാണഴിച്ചു കിടത്തിയത്.
അമ്മ ബോധംകെട്ടു വീണു.
അച്ഛൻ നിശബ്ദനായി
തൂമ്പ ചാരിവെച്ചതുപോലെ
മുറ്റത്തേക്കോണിലിരുന്നു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിലും അവരുണ്ടായിരുന്നു.
മോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയ
ഏട്ടത്തിയുടെ
തലക്കൽ
ചന്ദനത്തിരി കുത്തിനിർത്തിയത്
അവരിലൊരാളായിരുന്നു.
കുഴിയെടുത്തതും
പന്തലുകെട്ടിയതും
അവർതന്നേയായിരുന്നു.

പന്തലഴിച്ചു.
അമ്മയുമച്ചനും
പണിക്കുപോയി.
ശനിയും
ഞായറും
പിന്നേയുമുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
രാത്രികളുണ്ടായി.
ബുധനും
വ്യാഴത്തിനും
പാതിരകളുണ്ടായി.

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അവർ വന്നു.
അയയിലാറിയിട്ട
അമ്മയുടെ സാരിയുമെടുത്ത്
അവർ ഉമ്മറത്തു കയറി.
കഴുത്തിൽ കുരുക്കു മുറുക്കുമ്പോൾ
അതിലൊരാൾ
പറഞ്ഞു.
എനിക്കൊന്നൂടെ വേണം.
കുരുക്ക് ഊരി
അവരെന്നെ
നിലത്തുകിടത്തി.
ഒന്നാമൻ
രണ്ടാമൻ
മൂന്നാമൻ...

ഇച്ചീച്ചി നീറിനീറീ
ഞാനൊന്നു പിടച്ചു.
കഴുത്തിൽ സാരിക്കുരുക്കിട്ട്
അതേ കഴുക്കോലിൽ
ഇച്ചിച്ചി തോർന്ന്
കാലിലൂടെ
മൂത്രമൊഴുകുന്നത്
ഞാനറിഞ്ഞു.
കഴുത്തിനു താഴെ
ഒന്നുമില്ലാത്തതുപോലെ...
പിന്നേ കഴുത്തിനു മീതേയും ഒന്നുമില്ലാത്തതുപോലെ...

മരിച്ചവർ എല്ലാം കാണുന്നു.
തലക്കൽ
ചന്ദനത്തിരി
കുത്തിവെക്കാൻ
ഇക്കുറിയുമവർ വന്നു.
തെക്കേത്തൊടിയിലെ
ഏട്ടത്തിക്കരികിൽ
കുഴിവെട്ടിയതുമവർതന്നെ.
അച്ഛനെ ആശ്വസിപ്പിച്ചതും
അമ്മയെ ആവശ്യത്തിലുമേറെ
ചേർത്തു പിടിച്ചതുമവരുതന്നേ...

അമ്മേ...
ഇച്ചീച്ചിയിലൂടെ
വന്നതുകൊണ്ടാവുമോ
നമ്മളൊക്കെ ഇത്രക്ക്
ഇച്ചീച്ചിയായിപ്പോയത്?

Thursday, March 16, 2017

കൂട്ടുകാരി - മുരുകൻ കാട്ടാക്കട

പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരി ?

ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ

നിറമുള്ള ജീവിതസ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര
രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

ഇടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു

ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു

ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-
പ്പമാ പാഥേയമുണ്ണുന്നു ഞാന്‍

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍

കണ്ണീരു കൂട്ടിനില്ല!

നിരാലംബന്‍ - മുരുകൻ കാട്ടാക്കട

സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും

കരയുമ്പോഴാണെനിക്കാത്മസുഖം

ഒറ്റക്കിരിക്കുവാന്‍, സങ്കടത്തീക്കുമേല്‍

വെട്ടിത്തിളങ്ങുവാനേറെയിഷ്ടം

കണ്ണീരിനോടു ഞാനിപ്പോള്‍ പിണക്കമാ -

ണൊറ്റിക്കൊടുക്കുവോനാണു കണ്ണീര്‍

കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍

നീന്തുന്ന കണ്ടു കരഞ്ഞിടും കുട്ടിപോലെ

വര്‍ണങ്ങളൂര്‍ന്നുപോകുന്നതും നോക്കി ഞാന്‍

മിണ്ടാതിരിക്കയാണിന്നു വീണ്ടും

അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു

ഒറ്റക്കിരിക്കാമൊരല്പ നേരം

വൈദ്യതസ്പര്‍ശമാകുന്നു, ഞാനൊറ്റക്ക്

വാതിലടച്ചിരിക്കുമ്പോള്‍ നിരാലംബന്‍

നീ അരുതാത്തതു ചെയ്തു നീ നിര്‍മ്മമന്‍

നീ വെറുക്കപ്പെടാനുചിത നീ വാക്കിനാല്‍

നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം

നീ ഒഴുക്കെന്നോ മറന്ന മഹാനദി

ആരവമാര്‍ത്തിരമ്പൂന്നൂ ഞാനറിയുന്നൂ

ഞാന്‍ കൊടുതിതീര്‍ന്നുത്സവം തീര്‍ന്നൊരങ്കണം

ഞാന്‍ നിരാലംബനാത്മശൂന്യന്‍ വെറും

പേരിന്നു ചലനവും വചനവും പേറുവോന്‍

ഉണരാത്ത പത്മതീർത്ഥങ്ങൾ‌ - മുരുകൻ കാട്ടാക്കട

നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

ഒരു നാത്തൂൻ പാട്ട് - മുരുകൻ കാട്ടാക്കട

നാത്തൂനേ നാത്തൂനേ

നാമെങ്ങോട്ടോടണു നാത്തൂനേ ?

നാടോടുമ്പം നടുവേ ഓടണു

നടുവൊടിഞ്ഞില്ലെങ്കിലിരുന്നോളൂ

നാത്തൂനേ നാത്തൂനേ

നാമെന്ത് കുടിക്കണു നാത്തൂനേ?

കാടിയെ മൂടിയും കോളമൂടാതെയു-

മാടിക്കും മോടിക്കുമെന്ത് ചേതം!

നാത്തൂനേ നാത്തൂനേ

നാമെന്തൊക്കെ തിന്നണു നാത്തൂനേ?

ചേര നടുക്കണ്ടം ചോരകലക്കിയ

പാരമ്പര്യക്കുരു ചെന്നായം

നാത്തൂനേ നാത്തൂനേ

നാമെന്താണറിയണേ നാത്തൂനേ?

കണ്ടാലറിയാത്ത കൊണ്ടാലറിയണ

കണ്ടുകെട്ടൽ കടച്ചെണ്ടകൊട്ടൽ

നാത്തൂനേ നാത്തൂനേ

നാമെന്ത് കളഞ്ഞിന്നു നാത്തൂനേ

ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺതരി

നാട്ടുമാവിൻ ചുന നാട്ടുമണം

നാത്തൂനേ നാത്തൂനേ

നാമാരൊക്കെയെന്തൊക്കെ നാത്തൂനേ

ആയിരം ജാതികളായിരം ചേരികൾ

അമ്പതിനായിരം നീയും ഞാനും

നാത്തൂനേ നാത്തൂനേ

നാമോടിയടുക്കണതെങ്ങോട്ട്?

വെള്ളത്തൊലിയുള്ള പുള്ളിയുടുപ്പിട്ട

കങ്കാണിമാളക്കുടുക്കിലേക്ക്

കങ്കാണിമാളക്കുടുക്കിന്നെന്തൊക്കെ

കാത്തിരിപ്പുണ്ടെന്റെ നാത്തൂനേ

കുപ്പിയിൽ വെള്ളത്തിനഞ്ച് കാശ്

ജീവവായു പൊതിഞ്ഞതിനെട്ട് കാശ്

സെന്റ് പുരണ്ട വിയർപ്പ് മണം പിന്നെ

ഓട്ടക്കാലഞ്ചണ വിറ്റുബാക്കി

കാണം വിറ്റാലെന്ത് നാണംവിറ്റാലെന്തി-

ന്നോണം വിറ്റാലെന്ത് നാത്തൂനേ

ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ

ഞാനോടട്ടെ നാത്തൂനേ നിന്റെ

പോഴവും വേഴവും പിന്നെ പിന്നെ

Tuesday, March 14, 2017

എന്റെ ഭാഷ - വള്ളത്തോൾ

സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും

സഹ്യഗിരിതന്‍ അടിയുറപ്പും

ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും

ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും

തെങ്ങിളം കായ്നീരിന്‍ മാധുര്യവും

ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍

നന്ദിത പ്രാണമാം തൂമണവും

സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും

സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും

ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ

മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം

ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..

എന്റെ ഗുരുനാഥൻ - വള്ളത്തോൾ

ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ
താരകമണിമാല ചാർത്തിയാലതും കൊള്ളം
കാറണിചെളി നീളെ പുരണ്ടാലതും കൊള്ളം
ഇല്ലിഹ സംഗം ലേപമെന്നിവ,സമ സ്വച്ഛ-
മല്ലയോ വിഹായസവണ്ണമെൻ ഗുരുനാഥൻ
ദുർജ്ജന്തുവിഹീനമാം ദുർല്ലഭ തീര്ത്ഥഹ്രദം
കജ്ജലോൽഗമമില്ലാത്തൊരു മംഗളദീപം
പാമ്പുകൾ തീണ്ടിടാത്ത മാണിക്യമഹാനിധി,
പാഴ് നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യൻ
ശസ്ത്രമെന്നിയെ ധർമ്മസംഗരം നടത്തുന്നോൻ
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്ത്തുന്നോൻ
ഔഷധമെന്യെ രോഗം ശമിപ്പിപ്പവൻ,ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയവവനെന്നാചര്യൻ
ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം
ശാന്തിയാണവിടേയെക്കു പരദേവത പണ്ടേ
ഓതുമാറണ്ടുദ്ദേഹം"മഹിംസാ മണിച്ചട്ട-
യേതുടവാളിൻ കൊടുവായ്ത്തല മടക്കാത്തു"
ഭാര്യയെക്കണ്ടെത്തിയ ധർമ്മത്തിൻ സല്ലാപങ്ങ-
ളാര്യസത്യത്തിൻ സദസ്സിങ്കലെ സ്സംഗീതങ്ങൾ
മുക്തിതൻ മണിമയക്കാൽത്തളക്കിലുക്കങ്ങൾ
മുറ്റുമെൻ ഗുരുവിന്റെ ശോഭവചനങ്ങൾ
പ്രണയത്താലേ ലോകം വെല്ലുമീയോദ്ധവിന്നോ
പ്രണവം ധനുസ്സാത്മവാശുഗം,ബ്രഹ്മ്മം ലക്ഷ്യം
ഓംകരത്തെയും ക്രമാലലിയിച്ചലിയിച്ചു
താൻ കൈക്കൊള്ളുന്നു തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍ ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍
ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ-
ക്കാതരനതിധീരൻ കർക്കശൻ കൃപാവശൻ
പിശുക്കൻ പ്രദാനോൽക്കൻ പിശുനൻ സുവചന-
ന; ശുദ്ധൻ പരിശുദ്ധ; നലസൻ സദായാസൻ
ആതതപ്രശമനാമത്തപസ്വിതൻ മുന്നി-
ലാതതായി തൻ കൈവാൾ കരിംകൂവളമാല്യം
കൂർത്തദ്രംഷ്ടകൾ ചേർന്ന കേസരിയൊരു മാൻകു-
ഞ്ഞാ; ർത്തേന്തിതടം തല്ലും വൻകടൽ കളിപ്പൊയ്ക
കാര്യചിന്തനചെയ്യും നേരമെന്നേതവിന്ന്
കാനനപ്രദേശവും കാഞ്ചന സഭാതലം;
ചട്ടറ്റ സമാധിയിലേർപ്പെടുമായോഗിക്ക്
പട്ടണ നടുത്തട്ടും പർവത ഗുഹാന്തരം
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ
തിദ്ധർമ്മകൃഷകന്റെ സൽക്കർമ്മം വയൽതോറും?
സിദ്ധനാമവിടുത്തെ ത്തൃക്കണ്ണോ ,കനകത്തെ
യിദ്ധരിത്രിതൻ വെറും മഞ്ഞമണ്ണായി ക്കാണ്മു
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചമഹാവിരക്തൻ പൂജ്യസാമ്രാജ്യശ്രീയും
ഏതു പൂങ്കുഴലിന്നുമഴൽ തോന്നയാവനാരീ
സ്വാതന്ത്ര്യ ദുര്ഗ്ഗാധ്വാവിൽ പട്ടുകൾ വിരിക്കുന്നു
അത്തിരുവടിവല്ല വൽക്കലത്തുണ്ടുമുടു-
ത്തർദ്ധനഗ്നനായല്ലോ മേവുന്നു സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയെ ദൃഡമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കു-
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തെ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ-
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായി വരൂ!
നമസ്തേ ഗതതർഷ! നമസ്തേ ദുരാർധഷ!
നമസ്തേ സുമഹാത്മൻ! നമസ്തേ ജഗദ്ഗുരോ

മാതൃവന്ദനം - വള്ളത്തോൾ

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ

പശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനുപാസ്യരായുല്ലൊർക്കുമുപാസ്യയെ
ആഴിവീചികളനുവേലം വെൺനുരകളാൽ
ത്തോഴികൾ പോലെ, തവ ചാരുതൃപ്പാദങ്ങളിൽ

തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു; തൃപ്തി
കൈവരാഞ്ഞഴിക്കുന്നു! പിന്നെയും തുടരുന്നു
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൗഭാഗ്യയെ!

Monday, March 13, 2017

പ്രൊക്രൂസ്റ്റസ് - വയലാർ

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,

ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...

ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ,
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...

പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും...

വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍...
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു....

അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?

ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ...

പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍.....

അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും...
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും...
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും....
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും...

ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം...

ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,

അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ.....

യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ....
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,

അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ....

അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ...

പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍....
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..

അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍.....

ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ