Monday, March 13, 2017

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദൻ

ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു

ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ

ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍

ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ, സമരോഗ്രഭൂമിയെ പറ്റി.
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍, ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു, പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടിലം, കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെ-
ല്ലിടയില്‍, എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ.
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍,
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം  രക്തം.
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം.
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം, ഉണരാത്ത ഭൂമിതന്‍ മീതെ.
വ്യസനം പുളിപ്പിച്ച വാക്ക്,
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ-
കരതന്‍ കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി, കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു, വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം

ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാളി.
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്തൂ, കടലടിക്കളയില്‍ കുരുങ്ങി-
ഞാനുഴറുന്നു ശ്വാസമില്ലാതെ.
ഒരു തുരുത്തായിതാ പ്രിയതമ,
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍.
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍,  പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം, അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍, നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞാ-
നുയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെ-
യടിയില്‍ ഞെരിഞ്ഞ പോല്‍ ഞങ്ങള്‍.
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു, ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ്  നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ലോ.
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ,
മിഴിയോര്‍ക്ക, മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ.
ചെവിയോര്‍ക്ക, ചെവിയോര്‍ക്ക തിരപോല്‍-
കുരുന്നുകാലുയരുന്നിതസുരനു മീതെ.
കരളോര്‍ക്ക, കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം.
അരുതരുത് യുദ്ധങ്ങള്‍, കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം.
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം.
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം.

അരുതിനി ഖനികളില്‍, വനങ്ങളില്‍,
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം.

ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....