Monday, March 13, 2017

ആരാണു പറഞ്ഞത് - സച്ചിദാനന്ദൻ

ആരാണു പറഞ്ഞത്
പ്രതീക്ഷ വടക്കേ മലബാറിലെ
ഒരു റെയില്‍വേസ്റ്റേഷനാണെന്ന്?
അവിടെ യൂണിഫോമണിഞ്ഞ ഒരു പുലരി
ശവപ്പെട്ടിയില്‍ വന്നിറങ്ങുമെന്ന്?
ആരാണു പറഞ്ഞത്
ഓര്‍മ, പഴുത്ത നെല്‍വയലുകളിലേയ്ക്കു
തുറക്കുന്ന ഒരു സുരഭിലജാലകമാണെന്ന്?
അവിടെ വെയില്‍ മങ്ങുമ്പോഴാണ്
നമ്മുടെ ശരീരം തണുത്തു തുടങ്ങുന്നതെന്ന്?
ആരാണു പറഞ്ഞത്
കാറ്റിന്റെ ഭാഷ മരങ്ങള്‍ക്കു
മനസ്സിലാകാതായിത്തുടങ്ങിയെന്ന്?
സ്‌നേഹത്തിന്റെ മരണം
മുയലുകളെയും മുക്കുറ്റികളെയും
അറിയിക്കരുതെന്ന്?
ആരാണു പറഞ്ഞത്
ഇനിയുള്ള ഉച്ചകള്‍
കുടിയന്റെ ശിരസ്സുപോലെ
കനമേറിയവയാണെന്ന്?
വൈകുന്നേരങ്ങള്‍ ഏകാകിയുടെ
മൂളിപ്പാട്ടുപോലെ ഹൃദ്രോഗികളാണെന്ന്?
ആരാണു പറഞ്ഞത്
കൈക്കുടന്നയില്‍ കുട്ടിക്കാലത്തെ മഴ
കോരിയെടുത്ത് നാം പഴുത്ത ഇരുമ്പിലൂടെ
നഗ്നപാദരായി ഓടുകയാണെന്ന്?
ഒടുവില്‍ അതേ മഴയ്ക്ക് നാം താക്കോല്‍
കൈമാറുമെന്ന്?
ആരാണു പറഞ്ഞത്
മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് പ്രായം
കുറഞ്ഞുവരുമെന്ന്?
അവര്‍ മറ്റൊരു കാലത്തിലാണെന്ന്?
സൂര്യോദയത്തില്‍ മറഞ്ഞ പക്ഷികളെല്ലാം
ലോകാവസാനത്തില്‍ തിരിച്ചുവരുമെന്ന്?
ആരാണു പറഞ്ഞത്
ആരും ഒന്നും പറയാതെതന്നെ
നാം എല്ലാം അറിയുമെന്ന്?
അപ്പോഴും നാം ഒന്നും ആരോടും
പറയുകയില്ലെന്ന്?

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....