Monday, March 13, 2017

ഭ്രാന്തന്മാര്‍ - സച്ചിദാനന്ദൻ

ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല.
ഭ്രാന്തികള്‍ക്കും.
നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല.
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്.
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.,
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്‌നേഹം നിലാവാണ്
പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു;
മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്.
അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
ഇരുപതു ഞൊടി മതി അവര്‍ക്ക്
ക്രിസ്തുവിലെത്താന്‍
ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
ഒരു പകല്‍കൊണ്ട് അവര്‍
ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ
ഭ്രാന്തന്മാരല്ല.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....