പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരി ?
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ
നിറമുള്ള ജീവിതസ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം
വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര
രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ
പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ
ഇടവുള്ള ജനലിലൂടാര്‍ദ്രമായ് പുലരിയില്‍
ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ
കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു
ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു
ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-
പ്പമാ പാഥേയമുണ്ണുന്നു ഞാന്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല!
really appreciate your efforts thank you so much.
ReplyDelete