Monday, March 13, 2017

ശവപ്പെട്ടിക്കുമേല്‍ മഴ - സച്ചിദാനന്ദൻ

ശവപ്പെട്ടിക്കുമേല്‍ പെയ്ത മഴ
ശവത്തെ തന്റെ ഗ്രാമം ഓര്‍മിപ്പിച്ചു
പുളിമരത്തിന്‍ കീഴില്‍ പ്രിയപ്പെട്ടവള്‍
പുണരുന്നത് തന്നെയോ അപരനെയോ
മരണത്തെയോ എന്നു തിരിച്ചറിയും മുമ്പേ
ഒരു വലിയ സൂര്യകാന്തി വിടര്‍ന്നുവന്ന്
ആ ആകാരം മറച്ചു
ആല്‍മരത്തിലെ തത്തയ്ക്കകത്തുനിന്ന്
അമ്പലക്കുളത്തില്‍ കെട്ടിത്താഴ്ത്തപ്പെട്ടവളുടെ
ആത്മാവ് സംസാരിക്കാന്‍ തുടങ്ങി.
വെള്ളരിവിത്തുകള്‍ മണ്ണിന്നടിയില്‍ കിടന്ന്
മേഘങ്ങളുടെ ഭാഷയില്‍ സ്വകാര്യം പറഞ്ഞു.
മഴ നിലച്ചപ്പൊഴേയ്ക്കും
ശവം ഗ്രാമാതിര്‍ത്തി കടന്നിരുന്നു
ശ്മശാനത്തിലെ എല്ലാ ശവങ്ങളും
പളുങ്കുമണികള്‍ കിലുക്കി അതിഥിയെ
വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു
ഊതനിറത്തില്‍
മലയാളത്തിലുള്ള കൈകളുമായി,
അമ്പത്തൊന്നു വിരലുകളുമായി.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....