നാത്തൂനേ നാത്തൂനേ
നാമെങ്ങോട്ടോടണു നാത്തൂനേ ?
നാടോടുമ്പം നടുവേ ഓടണു
നടുവൊടിഞ്ഞില്ലെങ്കിലിരുന്നോളൂ
നാത്തൂനേ നാത്തൂനേ
നാമെന്ത് കുടിക്കണു നാത്തൂനേ?
കാടിയെ മൂടിയും കോളമൂടാതെയു-
മാടിക്കും മോടിക്കുമെന്ത് ചേതം!
നാത്തൂനേ നാത്തൂനേ
നാമെന്തൊക്കെ തിന്നണു നാത്തൂനേ?
ചേര നടുക്കണ്ടം ചോരകലക്കിയ
പാരമ്പര്യക്കുരു ചെന്നായം
നാത്തൂനേ നാത്തൂനേ
നാമെന്താണറിയണേ നാത്തൂനേ?
കണ്ടാലറിയാത്ത കൊണ്ടാലറിയണ
കണ്ടുകെട്ടൽ കടച്ചെണ്ടകൊട്ടൽ
നാത്തൂനേ നാത്തൂനേ
നാമെന്ത് കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺതരി
നാട്ടുമാവിൻ ചുന നാട്ടുമണം
നാത്തൂനേ നാത്തൂനേ
നാമാരൊക്കെയെന്തൊക്കെ നാത്തൂനേ
ആയിരം ജാതികളായിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും
നാത്തൂനേ നാത്തൂനേ
നാമോടിയടുക്കണതെങ്ങോട്ട്?
വെള്ളത്തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണിമാളക്കുടുക്കിലേക്ക്
കങ്കാണിമാളക്കുടുക്കിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ നാത്തൂനേ
കുപ്പിയിൽ വെള്ളത്തിനഞ്ച് കാശ്
ജീവവായു പൊതിഞ്ഞതിനെട്ട് കാശ്
സെന്റ് പുരണ്ട വിയർപ്പ് മണം പിന്നെ
ഓട്ടക്കാലഞ്ചണ വിറ്റുബാക്കി
കാണം വിറ്റാലെന്ത് നാണംവിറ്റാലെന്തി-
ന്നോണം വിറ്റാലെന്ത് നാത്തൂനേ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ നിന്റെ
പോഴവും വേഴവും പിന്നെ പിന്നെ
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....