Monday, March 13, 2017

വെള്ളംകോരിയും വിറകുവെട്ടിയും - സച്ചിദാനന്ദൻ

1
കരയുന്ന കപ്പി ഒഴിഞ്ഞ വെള്ളത്തൊട്ടിയെ
ആഴത്തിലേക്കു പറഞ്ഞയയ്ക്കുന്നു.
തൊട്ടി ഒന്നു കുണുങ്ങി ചിറകടിച്ച്
പൊന്മയെപ്പോലെ വെള്ളത്തില്‍ ഒന്നു താണുയരുന്നു.
വെള്ളം ഇക്കിളികൊണ്ടു പൊട്ടിച്ചിരിക്കുന്നു.
പിടയ്ക്കുന്ന ആ വെള്ളിച്ചിരി കൊക്കിലേറ്റി
ഉയരുന്ന തൊട്ടിയിലുണ്ട്
ജലത്തിലലിയാത്ത ഒരു സൂര്യശകലം
വന്‍ വിപിനങ്ങള്‍ സ്വപ്നം കാണുന്ന
കിണറ്റുപന്നയുടെ പച്ചില
സമുദ്രവിസ്തൃതിയില്‍ വിരിയാന്‍ കൊതിക്കുന്ന
കൂപമണ്ഡൂകത്തിന്റെ മുട്ട
ഇരുളില്‍ തളയ്ക്കപ്പെട്ട ഈനാംപേച്ചിയുടെ
വെളിച്ചത്തിലേക്കുള്ള തുറുനോട്ടം
പന്തയം ജയിക്കുന്ന ആമയുടെ ജാഗ്രത
പോയ വേനലിന്റെ വരള്‍ച്ച
വരുന്ന ഇടവപ്പാതിയുടെ മുരള്‍ച്ച
ഭൂമിയുടെ സ്‌നിഗ്‌ദ്ധോര്‍വ്വരമായ ആഴം.
ഈ കയര്‍ ജീവിതത്തില്‍നിന്നു
മരണത്തിലേക്കും മരണത്തില്‍നിന്നു
ജീവിതത്തിലേക്കും നീളുന്നു
വെള്ളം കോരുന്നവള്‍ രണ്ടുകുറി വിയര്‍ക്കുന്നു
മരണംകൊണ്ടും ജീവിതംകൊണ്ടും.
2
വിറകുവെട്ടി പക്ഷേ, സഞ്ചരിക്കുന്നത്
വലത്തുനിന്നിടത്തോട്ടാണ്
മഴുവിന്റെ ദയാരഹിതമായ ഇരുമ്പ്
മാവിന്റെ വൃദ്ധമാംസം പിളരുന്നു
മഴുവിന്നറിയില്ല. മാമ്പൂവിന്റെ മണം
വിറകുവെട്ടിയുടെ കിനാവിലോ
നിറച്ചും മാമ്പഴക്കാലങ്ങള്‍
അവയുടെ ആവേശത്തിലാണവന്‍ കിതയ്ക്കുന്നത്.
ചിതയിലെരിയാന്‍ വിറകും കാത്തിരിക്കുന്നവന്റെ
ഓര്‍മയിലുമുണ്ട് ഏറെ മാമ്പഴക്കാലങ്ങള്‍.
കീറിമുറിക്കപ്പെടുന്ന ഈ മാവിന്‍തോലില്‍ മുഴുവന്‍
അണ്ണാന്‍കാലുകളുടെ നിഗൂഢചിഹ്നങ്ങളാണ്;
അകം മുഴുവന്‍ കണ്ണിമാങ്ങയ്ക്കായുള്ള കുട്ടികളുടെ കലമ്പല്‍.
ചിതയില്‍ എല്ലാമൊന്നിച്ചു കത്തിയെരിയുന്നു.
പുളിയും മധുരവും ചിരിയും ചിലയ്ക്കലുംകൊണ്ട്
കാറ്റിനേയും തീയിനേയും മത്തുപിടിപ്പിച്ചുകൊണ്ട്
ചിത കത്തുന്ന മണം ജീവജാലങ്ങളുടെ മുഴുവന്‍
ഓര്‍മകളിലെ മാമ്പഴക്കാലങ്ങള്‍
ഒന്നിച്ചു കത്തിയമരുന്നതിന്റേതാണ്.
അതുകൊണ്ടാണ് ചിത കത്തുമ്പോള്‍
കാക്കകളും കുട്ടികളും ഒന്നിച്ചുറക്കെക്കരയുന്നത്.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....