Thursday, March 16, 2017

ഉണരാത്ത പത്മതീർത്ഥങ്ങൾ‌ - മുരുകൻ കാട്ടാക്കട

നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....