അംഗവസ്ത്രങ്ങളെല്ലാം അഴിച്ചാൽ
നീയെന്ന നിശ്ചലത കനലാകും.
തലച്ചോറിൽ ഒരു ചിലങ്ക കിലുങ്ങും
ഹൃദയത്തിൽ തടാകം ശ്വസിക്കും
വലയിൽപ്പെട്ട വെള്ളിമീനോ
ജീവൻ പിരിഞ്ഞ കടൽശംഖോ
കരയിലേക്ക് പ്രാണവായു തിരയും.
വെളിച്ചം... മെല്ലെമെല്ലെ
അതിർത്തിയിലെ അസ്തമയമാകും.
തിരയടങ്ങിയ ചാവുകടലിൽ
നീയിപ്പോൾ നടക്കാനിറങ്ങും.
പുലരിയെഴുതിയ മഞ്ഞുകവിതയുടെ
പുൽമൈതാനത്തിലൂടെയെന്നവണ്ണം...
തോടിനു കുറുകെ കാറ്റത്തു വീണ
ഒറ്റത്തടിപ്പാലത്തിലൂടെയെന്ന വണ്ണം...
വർത്തമാനത്തിനും ഭാവിക്കുമിടയിലെ
ദ്രവിച്ച ഭൂതകാലത്തിന്റെ ഓർമ്മയിലൂടെ....
വായു ജനിച്ചിട്ടില്ലാത്ത ആകാശത്തിൽ
നീയിപ്പോൾ യൂറി ഗഗാറിനാകും.
ഉടഞ്ഞുവീണ സോയൂസിൽ ചിതറും
സ്വേച്ഛകളുടെ പെരുങ്കണ്ണാടികൾ.
ഗോതമ്പ് മൂത്ത കർണാലിലെ പാടങ്ങളിൽ
നീയിപ്പോൾ കല്പന ചാവ്ലയാകും.
വിമാനങ്ങൾ വരച്ചു വരച്ച് വീടാകെ
ഉരുക്കുയന്ത്രങ്ങളുടെ പൂന്തോട്ടമാക്കും.
സ്വപ്നങ്ങളിൽ പറക്കാൻ കൊതിച്ച്
പുഷ്പകത്തിൽ ഒരുനാൾ കുതിച്ചുയരും.
ക്രമത്തിലും ക്രമമില്ലായ്മയിലും
നീയൊരു നീലത്തിമിംഗലമാകും.
ഓരോ അവയവങ്ങളുടെയും ധർമ്മം
അപരബാധ്യതയായി തുടരും.
ജഢം കിടത്തപ്പെട്ട പെട്ടിയായി
യന്ത്രം സ്വയം ഉടുപ്പ് മാറ്റും.
കണ്ണുകളിലേക്ക് പറന്നിറങ്ങുന്ന
അത്ഭുതത്തുമ്പികളുടെ ക്രൗര്യം
മിസൈലുകളായ് ചീറിവീഴും.
*കാപോറേൽസ് നൃത്തത്തിന്റെ
താളാത്മകമായ ചുവടുകളുമായി
മരിച്ചവർ അണിനിരക്കും.
അവരുടെ സംഘസംഗീതത്തിൽ
ദേവരാജനും രാഘവനും എം.ബി.എസ്സും...
ഒരൊറ്റ ക്വയറായി ഉച്ചസ്ഥായിയിൽ പാടും.
ചുറ്റിലും പ്യൂപ്പ പൊളിച്ചയുയരുന്ന
പുഷ്‌പച്ചിറകുള്ള ശലഭങ്ങൾ
അഗ്നിക്കാവടിയുടെ ആരോഹണമാകും.
പൊക്കിൾത്താമരയിൽ ബ്രഹ്മധ്യാനം
അനന്തതയുടെ ഇടിമിന്നലേറ്റുണരും.
ഏഴാം സിംഫണിയുടെ ഭ്രമവും വേഗവും
ഭയാനകമായ കത്തിമുറിവുകളാവും.
ബാവുലിന്റെ വിയർപ്പും നെടുവീർപ്പും
ചോരയും കണ്ണീരും ചേർന്ന്
നിന്നെ അന്ധതയുടെ ദേവനാക്കും.
നട്ടെല്ലിന്റെ അവസാന കശേരുവിൽ നിന്ന്
മരിക്കാത്ത കോശങ്ങൾ ഉയർത്തെണീൽക്കും .
മസ്തിഷ്‌കം എയ്യുന്ന ഒരു ഫോൺ കോൾ
കോൺഫറൻസ് സംഭാഷണമായി
ഡീ-കോഡ് ചെയ്യപ്പെടും.
അതിർത്തിയിൽ ഒരു പടനീക്കം
അടിമജനാധിപത്യത്തെ പുകഴ്ത്തും.
മരിക്കാത്ത കോശങ്ങളുടെ സംഗീതം
ഏകാന്തമായ ആലാപനത്താൽ
തീമഴ പോലെ പെയ്തിറങ്ങും .
അപ്പോൾ......
വ്യാളീമുഖമുള്ള സിംഹാസനങ്ങളുടെ
മൂലക്കല്ലുകൾ ഒന്നാകെ ഇളകും.
മനുഷ്യന്റെ ആത്മബോധത്തിലെ
പുലരിവെട്ടത്തിനപ്പുറം കതിരിടുന്ന
യാതൊന്നുമില്ലെന്ന് തിരിച്ചറിവുണ്ടാകും.
അപ്പോഴും നീ... പ്രതിജ്ഞയോടെ,
ജനാധിപത്യവേദത്തിന്റെ കാവലായി
യന്ത്രജീവിതത്തിന്റെ പൽച്ചക്രങ്ങളിൽ
സ്വയം അരഞ്ഞുകൊണ്ടെങ്കിലും...
ഉലയിലെ ചുട്ടുപഴുത്ത ഇരുമ്പ്തുണ്ടിനെ
ആവർത്തിച്ച് പ്രഹരിച്ചുകൊണ്ടേയിരിക്കും.
(((0 )))
------------------------------ ------------------------------ ------------------------------ ----------
*കാപോറേൽസ് - വേഗമേറിയ ബൊളീവിയൻ ആചാരനൃത്തം .
====
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....