Friday, November 6, 2020

ഉമയും ജാസ്‌മിനും - ഒരു സത്യകഥ - പി ശിവപ്രസാദ്

താടിയില്ലാത്ത രമേശനും  
താടിയുള്ള റഹീമും 
മഞ്ഞുനദിയുടെ അയൽപ്പൊക്കത്തിൽ 
ആപ്പിൾ കൃഷി ചെയ്തിരുന്നു. 
അടുത്തും അകലെയുമുള്ള ബന്ധുക്കൾ  
വെറുപ്പും പകയും വിളയിച്ചപ്പോൾ 
അവർ ഒഴുക്കിനെതിരെ നീന്തി.
തുടുഹൃദയം പോലെ മിനുങ്ങി 
വിളഞ്ഞുപഴുത്താൽപ്പിന്നെ 
ഒട്ടും വേദനിപ്പിക്കാതെ തന്നെ 
പൂവിനെ  അടർത്തിയെടുക്കുമ്പോലെ 
കൂടകളിൽ നിറച്ച് 
സ്വപ്നം പുതപ്പിച്ച് 
ഉന്തുവണ്ടിയിലേറ്റി  
താഴ്വരയിലെ ചന്തയിലേക്ക് 
*ഹർ ചെഹരാ, യഹാം ചാന്ദ്... 
പാടിപ്പാടി കൊണ്ടുപോയിരുന്നു.

2    
കുട്ടികളായിരുന്നപ്പോൾ 
രമേശന്റെ ഉമയും 
റഹീമിന്റെ ജാസ്മിനും  
മഞ്ഞു വാരിക്കളിച്ച് 
അന്യരുടെ പറമ്പുകളിലേക്ക് 
ഓടിപ്പോകുമായിരുന്നു. 
ബിർച്ച് മരങ്ങളുടെ നിഴലിലൂടെ 
സ്‌കേറ്റ് ചെയ്യുന്ന അവർക്ക് 
യൗവനകാന്തി പകർന്നത് 
ഗുൽമാർഗ്ഗിലെ ഒരു നട്ടുച്ചയായിരുന്നു.
രണ്ടുകുന്നുകളുടെ തുടയിടുക്കിൽ 
മഞ്ഞാടയൊഴിഞ്ഞ താഴ്ചയിൽ  
സമുദ്രയോനി പോലെ നീർച്ചാൽ...
ഒരാൾ കണ്ണ് തുറക്കുമ്പോൾ 
മറ്റെയാൾ ചോരയിൽ കുളിച്ച്.
ഒരാൾ കാൽമുട്ടിലെ നീറ്റലൊപ്പുമ്പോൾ 
മറ്റെയാൾക്ക് അടിവയറ്റിൽ കുങ്കുമപ്പൂക്കൾ...
മരംകൊത്തികൾ ചുംബിച്ചുകൊണ്ട് 
ഓക് മരങ്ങളോട് ചോദിക്കുന്നു...
വസന്തം വരവായോ?
സ്വർണ്ണവണ്ടുകൾ മൂളിപ്പറന്ന് 
മഴവില്ലുകൾ നിവർത്തുന്നു. 
ആകാശം മഞ്ഞയിലകളാൽ 
ചില്ലകൾ നിവർത്തുന്നു.
ബുൾബുൾ പക്ഷിയുടെ ഈണങ്ങളിൽ 
ഹേമന്തം തുടിച്ചുണരുന്നു.
കാശ്മീർ മ്ലാവിന്റെ തിരനോട്ടമുള്ള 
പൊന്തപ്പടർപ്പിലൊളിച്ച് 
അതീവ ലജ്ജയോടെ 
തിരിച്ചറിവിന്റെ  ഹിമഹർഷം.

 
ചെറിപ്പഴങ്ങൾക്ക് നിറമേറുന്ന 
ഗ്രീഷ്മതരുക്കളുടെ ലാസ്യത്തിലൂടെ 
മങ്ങിമിനുങ്ങുന്ന 
കുസൃതിക്കവിളുമായി 
ഉമ റഹിം ചാച്ചയെ നമസ്കരിച്ച് 
ശ്രീനഗറിലേക്ക്.
അവൾ ഡോക്‌ടറായി തിരികെ വരുമെന്ന് 
ചാച്ചിയുടെ സ്വാസ്ഥ്യം.

ആപ്രിക്കോട്ട് പഴുത്തു പാകമായ
മുള്ളുകാറ്റിന്റെ നടവഴിയിലൂടെ 
മഞ്ഞയുടെയും ചുവപ്പിൻറെയും 
ഒരു കൂട തുലിപ് പുഷ്പങ്ങളുമായി 
രമേശ് ചാച്ചയെ പുണർന്ന് ജാസ്മിൻ 
ജമ്മുവിലേക്ക്.  
അവൾ കൃഷി ആപ്പീസറായിത്തീരുമെന്ന്  
ചാച്ചിയുടെ സ്വപ്നം.

4   
എങ്ങനെയാണ് ഇരുളിന്റെ മേഘം 
പ്രഭാതത്തിന്റെ പ്രശാന്തതയുള്ള 
താഴ്വരയെ വിഴുങ്ങുന്നത്...?
പൂക്കൾ സ്വാഗതം പാടിയ കാറ്റിൽ 
രക്തത്തിന്റെ തീക്ഷ്ണമായ ചൂര് 
ദിക്കുകളെ പരസ്പരം വച്ചുമാറുന്നത്?
വൈവിധ്യങ്ങളുടെ മഴവില്ലിനെ 
വൈധവ്യങ്ങളുടെ നിലവിളി 
പരിഭാഷപ്പെടുത്തുന്നത്?
യഥേഷ്ടം യാത്രചെയ്ത മനുഷ്യർ 
വിവസ്ത്രരെപ്പോലെ വിറച്ച് 
പരിശോധിക്കപ്പെടുന്നത്?
ഏതോ ദുർമ്മന്ത്രവാദിയുടെ 
വിരൽത്തുമ്പിലേക്ക് പാഞ്ഞ് 
ഒരു നാട് ചിതറിപ്പോകുന്നത്! 

5   
കാണാതിരുന്ന് കാണുന്ന 
ഉമയും ജാസ്‌മിനും 
കെട്ടിപ്പുണർന്ന്  കവിളുകൾ ചേർത്ത് 
ഏതെങ്കിലും അസ്ഥികടഞ്ഞ പ്രണയം 
നീന്നെ പിടികൂടിയോ, കള്ളീ... യെന്ന് 
ഓടിച്ചിട്ടു പിടിച്ച് കോർക്കുമ്പോൾ...
ഉം... ഞാൻ പ്രണയത്തിലായി 
കന്യാകുമാരിയിൽ നിന്നൊരു കണ്ണൻ 
ബംഗാളിൽ നിന്നൊരു കുറുമ്പൻ 
മറാഠയിൽ നിന്നൊരു പാഴ്‌സി...
ഒരേ തരംഗ ദൈർഘ്യമുള്ള 
വെറും കളിയാക്കലുകൾ.

 
എങ്ങനെയാണ് ഭീഷണമായ ഒരു കാലം..
അവരെ ഇരുവരെയും...
മറ്റുള്ള പല പൗരരെയുമെന്നവണ്ണം 
അതിർത്തിയുടെ സംത്രാസത്തിലേക്ക് 
പിടിച്ചുവലിക്കുന്നത്...?
ഇരുവശങ്ങളിൽ നിന്നും 
മുനയാർന്ന വേഗത്തിലുള്ള 
അനേകം വെടിയുണ്ടകൾ 
ഒരാളുടെ ഹൃദയത്തെയും 
അപരയുടെ കരളിനെയും 
ഒരേ നിമിഷത്തിൽ ഭേദിക്കുന്നത്...?

നീട്ടിയ കൈത്തണ്ടയിൽ 
രാഖി ബന്ധിക്കുമ്പോൾ അവൻ പറഞ്ഞു:
നീ എന്റെ മനസ്സിന്റെ താഴ്വരയിലെ 
പിറക്കാതെ പോയ പെങ്ങൾ.
ദാൽ-വൈഗ-ഗോദാവരിയെന്ന 
ജലശേഖരങ്ങളുടെ വൈജാത്യം 
മുറിച്ചെറിയണം... ജാസ്മിൻ.
ആസേതുഹിമാചലമെന്ന ഏകതയിൽ  
അടിമുടി മുങ്ങി അനുഭവമാർന്ന് 
കവിതകൾ ചൊല്ലണം.
വെടിയുണ്ടയും ഗ്രനേഡുകളും 
കൊലയന്ത്രങ്ങളും കൈയൊഴിഞ്ഞ് 
പൂർണ്ണ സ്വതന്ത്രരാകണം.
ഭരണഘടനയുടെ നദിയിലേക്ക് 
ഉടലുപേക്ഷിച്ച്  നീന്തണം.

ദാൽ തടാകമേ... 
തിരക്കൈകളാൽ സ്വീകരിക്കുക നീ 
പൊലിഞ്ഞൊരീ സ്വപ്നത്തിന്റെ 
അശാന്തമായ അസ്ഥിശേഷം.
ഒരു മൺകുടത്തിൽ ഒതുങ്ങാത്ത 
ഭാരതീയതയുടെ, ഭാവിയുടെ ...
ദ്രാവിഡനായ ഒരുവന്റെ 
കുല-വർണ്ണ-ധർമ്മ-നിഷ്ഠയില്ലാത്ത 
മാനവ പ്രകീർത്തനം.

9   
അടുത്ത പ്രഭാതത്തിൽ 
ആ രണ്ടുവീടുകളിലും 
അകലെ ഏതൊക്കെയോ വീടുകളിലും 
ഉദിക്കാത്ത സൂര്യനെത്തേടി 
രഹസ്യപ്പോലീസുകാർ വന്നു.
ഇലകളുടെ പൂക്കളുടെ മറവുകളിൽ
മഞ്ഞുകട്ടകൾ മാത്രം 
ഏറെ ശാന്തമായി മൊഴിഞ്ഞു...
പുതുക്കപ്പെടാത്ത ഒരു സൂര്യഗായത്രി. 
൦൦൦ 
----------------------------------------------------------------------------------------------------
*ആബ്‌റൂ എന്ന ഹിന്ദി സിനിമയിലെ മുഹമ്മദ് റാഫിയുടെ പാട്ട്.
===


No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....