Friday, November 6, 2020

അമ്മിഞ്ഞാമ്മ - പി ശിവപ്രസാദ്

 കൊതിയേറിയ ബാല്യത്തിൽ 
ആവർത്തിച്ചു കണ്ട സ്വപ്നം 
ഇപ്രകാരമായിരുന്നു:
അടുക്കളയിലേക്ക് ഓടിച്ചെല്ലുമ്പോൾ 
മറ നീക്കിയ മാറത്തേക്ക് 
വാത്സല്യത്തോടെ പിടിച്ചു ചേർക്കുന്ന 
പെറ്റമ്മ.

കുന്തിച്ചിരുന്ന് മുളകരയ്ക്കുമ്പോഴും 
നിലയ്ക്കാതെ ചുരത്തുന്ന 
എന്റെ പള്ളിക്കലാർ. 
പാൽമുലയുടെ മണത്തിൽ 
കാന്താരിയുടെ എരിവും കലർന്ന 
അമ്മമണം.
അനിയനെ വയറ്റിലുള്ളപ്പോൾ 
ചന്ന്യായം എഴുതിയ കണ്ണുകൾ കാട്ടി 
അമ്മമുലകൾ പരിഹസിച്ചു.

കൊതിയോ വിശപ്പോ തീരാതെ 
അങ്ങനെ അലയുന്ന പകലിൽ 
എനിക്കൊരു അമ്മിഞ്ഞാമ്മ ഉണ്ടായി.
അയലത്തെ സരസ്വതിയമ്മ,
അപ്പൂട്ടന്റെ അമ്മ.

അവനും ഞാനും ഒളിച്ചുകളിക്കുമ്പോൾ,
ഓല മെടയുന്ന അമ്മിഞ്ഞാമ്മ 
ഒരു കള്ളച്ചിരിയോടെ മാടിവിളിക്കും.
(അപ്പോഴത്തെ പറന്നുള്ള ഓട്ടം
പിന്നീട് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ 
ഞാനൊരു മിൽഖാസിംഗാകുമായിരുന്നു.)

കൈതപ്പൂ ചൂടിയ അമ്മിഞ്ഞാമ്മയുടെ 
പാതിമടിയിൽ ഒളിച്ച്... 
ഞാൻ അപ്പൂട്ടനെ പറ്റിക്കാൻ ശീലിച്ചു.
ഓലയുടെ ചെളിഗന്ധവും 
കൈതപ്പൂവും ചേർന്ന് കുഴഞ്ഞ 
പുതിയൊരു മണം മൂക്കിലൊളിച്ചു.

പള്ളിക്കൂടത്തിൽ പിന്നീടൊരിക്കൽ 
കൃഷ്ണപിള്ള സാർ പറഞ്ഞു,
സരസ്വതിയുടെ ഒന്നാം മുല സംഗീതവും 
മറ്റേത് സാഹിത്യവുമാണെന്ന്.
അമ്മിഞ്ഞക്കൊതിയിലൂടെ
എന്നിൽ സംഗീതവും വായനയും 
പുതുമണങ്ങളായ് പുഷ്പിച്ചു. 
അമ്മിഞ്ഞാമ്മയുടെ രണ്ടു മുലകളും 
ഈമ്പിയീമ്പി വറ്റിക്കുന്നതു വരെ
അപ്പൂട്ടനും ഞാനും ഇരട്ടകളായി....
വലത്തേത് അവനെങ്കിൽ ഇടത്തേത് എനിക്ക്.

ഇപ്പോൾ...
അതേ അമ്മിഞ്ഞാമ്മയുടെ 
പരന്ന മാറിൽ തല ചേർത്ത്,
നെഞ്ചിടിപ്പിൽ തബല കേട്ട്, 
രാസലായനിയുടെ തീക്ഷ്ണതയിൽ 
ഉണ്ണിയായി കിടക്കുമ്പോൾ 
വിഷഞണ്ടുകളുടെ വീമ്പു കേട്ട് 
കണ്ണ് നിറയുന്നല്ലോ...


====


No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....