രാത്രി നേർത്തതായിരുന്നു...
ഇളനീർ ചേർത്ത ചാരായമെന്ന്
കുടിയന്മാർക്ക് തോന്നുംവിധം
ഏറെ നിലാവുള്ളത്.
മാനം നക്ഷത്രഭരിതമായിരുന്നു....
മനസ്സിന്റെ സ്വപ്നജാലം പോലെ.
മേഘക്കറുപ്പിന്റെ മാർക്കച്ച
അഴിച്ചും മുറുക്കിയും
കാറ്റിൽ ഉപ്പുള്ള ചന്ദനം ചേറിയും
പ്രലോഭനത്തിന്റെ വിതാനം
വിലാസവതിയായി കിടന്നു.
കച്ചിക്കുറ്റികൾ നനഞ്ഞ വയലിൽ
അയഞ്ഞ ഭാണ്ഡം തോളിലേറ്റി
ഓറഞ്ച് നിറമുള്ള താടിയുമായി
അപ്പോൾ...
വിൻസന്റ് വാൻഗോഗ് പറന്നിറങ്ങി.
അവൻ അവധൂതന്റെ ശബ്ദത്തിൽ
എന്നോട് ഒരു ബീഡി ചോദിച്ചു.
ബീഡിയുടെ മിന്നാമിനുങ്ങ്
കാൻവാസിന്റെ വെളുപ്പ്
ചായപ്പശകളുടെ മണം
തേഞ്ഞ ബ്രഷുകളുടെ മടുപ്പ് ....
എല്ലാം ഇഴചേർന്ന ഒരു ഗാനം
സൂര്യകാന്തികൾ പാടുമ്പോലെ !
സ്വരങ്ങളിൽ ചടുലത
നാദങ്ങളിൽ നഗ്നത
നീർത്തടങ്ങളിൽ നിറയും
ജലകേളികളുടെ ഓർമ്മകൾ...
ഒരു കെട്ട് പ്രേമലേഖനങ്ങൾ
അഴിച്ചുവെച്ച വരമ്പിൽ
ഇരണ്ടപ്പക്ഷികൾ ശരങ്ങളായി
പെയ്തുവീണ് ചിലച്ചു.
പരിഭവങ്ങളുടെ ശിശിരം
പൊട്ടിത്തെറിക്കലിന്റെ ഗ്രീഷ്മം
അലിവിന്റെ ഹേമന്തം
പ്രണയത്തിന്റെ വസന്തം
എല്ലാം....
മനസ്സിന്റെ മഞ്ഞുപാളികളിൽ
ചോരത്തുള്ളികൾ ഉറഞ്ഞ
തീയക്ഷരങ്ങളായി തെളിഞ്ഞു.
ഉരുളക്കിഴങ്ങ് വെന്തില്ലെന്ന്
ഒരു മധ്യവയസ്‌കന്റെ പരാതി.
ജയിൽപ്പുള്ളികളുടെ ചത്വരം
നിരാലംബമായികിടന്നതിൽ
ദുഃഖിതനായ വൃദ്ധൻ മാത്രം
കൂനിക്കൂടിയിരിക്കുന്നു.
ഇടറുന്ന മഴപോലെ നീലിച്ച
ഒലിവുമരങ്ങൾക്കിടയിലൂടെ
രാത്രിയിലെ ശ്വേതഗൃഹങ്ങൾ
താരകങ്ങളെ മാടിവിളിക്കുന്നു.
സിപ്രസെസ്സ് മരങ്ങൾ
ഇളകിമറിഞ്ഞ ആകാശത്തെ
ഭീതിയോടെ നോക്കുമ്പോൾ
മഴ കൊതിച്ച് രണ്ട് സ്ത്രീകൾ.
എനിക്ക് ജലത്തെ വരയ്ക്കണമെന്ന്
കടുംനീല ചാലിച്ച് അവൻ...
മരതകത്തിന്റെ മലകളെന്ന്
കടുംചുവപ്പിന്റെ സൂര്യനെന്ന്
മഞ്ഞകളുടെ മദപ്പാടെന്ന്....
ഓരോ ചെറുവരകളും ഇടകലർന്ന്
വളർന്ന് മഴപെയ്യുകയായി.
അകലെയുള്ള മലകളിലൊന്ന്
ആരോ ഇളക്കിമാറ്റിയ പോലെ
അടുത്തടുത്ത് വരുമ്പോൾ,
പ്രളയം ഇഴകൾ പാകിയ വയലിൽ
ഞങ്ങൾ ഒഴുകാൻ തുടങ്ങി.
കടൽ തേടുന്ന നദികൾക്കൊക്കെ
പറയാനുള്ള പാട്ടിലെല്ലാം
പല ദിക്കുകളുടെ ഭാഷയിൽ
ഒരേ കണ്ണീർ മാത്രം.
തോന്നിയതൊക്കെയും
സ്വപ്നമായിരുന്നില്ല.
ആയിരുന്നെങ്കിൽ...
8 അതിർക്കല്ലുകളും
22 തരം വിളകളും
395 ഏക്കറുകളുടെ
ഒരൊറ്റ ജന്മസഫലതയുമായി
അയാൾ നമുക്ക് മുന്നിൽ
സ്വയം വിസ്മൃതനാകുമായിരുന്നില്ല!
ഞങ്ങളുടെ ആർത്തിയ്‌ക്കൊപ്പം
മരിച്ചു പോയ വാൻഗോഗ്
റദ്ദുചെയ്യപ്പെട്ട ഭരണഘടനയിലെ
അത്ഭുതകരമായ സ്വാസ്ഥ്യമായി
ആർക്കും അനുഭവമായേക്കാം.
ഭൂതകാലം പുകഞ്ഞ ഒരു തീവണ്ടി
പാളംതെറ്റി ഓടിത്തുടങ്ങുന്നു.
===
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....